

സംസ്ഥാനത്ത് കാലിത്തീറ്റയുടെ ഉല്‍പാദന ശേഷി ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് സമഗ്ര പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി ക്ഷീരവികസന വകുപ്പ്. ക്ഷീരകര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കും
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വര്‍ഷം കാലിത്തീറ്റയുടെ ഉല്‍പാദനത്തിലും വില്‍പനയിലും വിറ്റുവരവിലും വര്‍ധനവുണ്ടായി. കാലിത്തീറ്റ വില നിയന്ത്രിക്കുന്നതിനായി അഞ്ച് കോടി അനുവദിക്കുകയും ചെയ്തിരുന്നു. 2022-23 വര്‍ഷം 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഉല്‍പാദന ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാലിത്തീറ്റയുടെ അസംസ്‌കൃതവസ്തുക്കള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനും പദ്ധതി നടപ്പാക്കും.
കേരളത്തിലെ കാലിത്തീറ്റ ഉല്‍പാദനത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ് (കെ.എഫ്.എല്‍) ആണ്. കെ.എഫ്.എല്ലിന്റെ തൊടുപുഴ യൂണിറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഉല്‍പാദനശേഷി ഗണ്യമായി വര്‍ധിക്കും. കിസാന്‍ റെയില്‍ പദ്ധതി പ്രകാരം കുറഞ്ഞ ചെലവില്‍ ചോളം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കും
സംസ്ഥാനത്തെ തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് തീറ്റപ്പുല്‍കൃഷി നടപ്പാക്കി വരുന്നു. ഇതിനായി ഒരു ഏക്കര്‍ വീതമുള്ള 500 യൂണിറ്റുകള്‍ സ്ഥാപിക്കുകയും ഒരു യൂണിറ്റിന് 16,000 രൂപ വീതം ധനസഹായം നല്‍കുകയും ചെയ്യും. കൂടാതെ ഒരു ഏക്കര്‍ വീതമുള്ള 100 യൂണിറ്റ് മാതൃകാ തീറ്റപ്പുല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കും. ഇതിനായി ഒരു യൂണിറ്റിന് 70,000 രൂപ വരെ ധനസഹായം നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്തുന്നതിനുളള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine