കാറ്ററിംഗ് മേഖലയ്ക്ക് ഇടിത്തീയായി എല്‍പിജി ലഭ്യതക്കുറവ്; ആയിരക്കണക്കിന് ജീവനക്കാര്‍ ആശങ്കയില്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ നടക്കുന്ന സമയമാണ് മധ്യവേനല്‍ അവധിക്കാലം
LPG Cylinders, Rupee Sack
Image : Canva
Published on

വിവിധ മതവിഭാഗങ്ങളുടെ നോമ്പ് അവസാനിക്കുമ്പോള്‍ തുടങ്ങുന്ന കല്യാണ സീസണിനായി കാത്തിരുന്ന കാറ്ററിംഗ് മേഖലയ്ക്ക് അപ്രതീക്ഷിത പ്രഹരമായി എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് കൂടി വന്നെത്തുന്നതിനാല്‍ വലിയ തോതില്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചെറുതും വലുതുമായ സംസ്ഥാനത്തെ ആയിരത്തിലേറെ കാറ്ററിംഗ് യൂണിറ്റുകള്‍.

പലരും മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി യുദ്ധം വില്ലനായെത്തിയതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കാറ്ററിംഗ് മേഖല. ഗ്രാമപ്രദേശങ്ങളില്‍ വിറക് അടുപ്പിനെ ആശ്രയിക്കാന്‍ സാധിക്കും. എന്നാല്‍ നഗരങ്ങളില്‍ ഇത് സാധിക്കില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളും നാട്ടുകാരുടെ പരാതികളും നഗരമേഖലകളില്‍ കൂടുതലാണ്.

അനുകൂല നിലപാട് വേണമെന്ന് ആവശ്യം

വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ ലഭ്യത കുറഞ്ഞതോടെ കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയിലായെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. കാറ്ററിംഗ് സ്ഥാപനങ്ങളില്‍ അഞ്ച് സിലിണ്ടറില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ട്. ഇതോടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിറുത്തി. സാമ്പത്തികനഷ്ടത്തിനൊപ്പം ആയിരക്കണക്കിനാളുകളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലായി.

വിവാഹങ്ങള്‍, സ്വീകരണങ്ങള്‍, പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് ഭക്ഷണമൊരുക്കല്‍ മുടങ്ങി. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാന്‍ കേന്ദ്ര-സംസഥാന സര്‍ക്കാരുകളും എണ്ണക്കമ്പനികളും ഇടപെടണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ നടക്കുന്ന സമയമാണ് മധ്യവേനല്‍ അവധിക്കാലം. ഏപ്രില്‍, മെയ് മാസങ്ങളില്‍ കല്യാണം കഴിക്കാന്‍ എത്തുന്നവരുടെ പ്രവാസികളുടെ എണ്ണവും കൂടുതലാണ്. യുദ്ധം നീണ്ടുനിന്നാല്‍ കല്യാണങ്ങള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥ വരെയുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.

വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ മണ്ണെണ്ണ വിഹിതം ഉയര്‍ത്തണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എല്‍പിജി സിലണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വിവിധ സംസ്ഥാനങ്ങള്‍ നടപടികള്‍ തുടങ്ങി. മഹാരാഷ്ട്രയും യുപിയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദില്ലിയിലെ സ്ഥിതി കേന്ദ്രം നേരിട്ട് വിലയിരുത്തും. യുപിയില്‍ ഇതുവരെ പിടികൂടിയത് 200ലധികം സിലിണ്ടറുകളാണ്. എല്‍പിജിക്കു പകരം മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിക്കാന്‍ ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com