ഫുഡ് സ്ട്രീറ്റ് സംസ്‌കാരം വ്യാപിക്കുന്നു, കുടുംബങ്ങളുടെ രാത്രി ഭക്ഷണരീതിയിൽ മാറ്റം; ബിസിനസാക്കി മാറ്റാന്‍ സംരംഭകര്‍

ജയ്‌സണ്‍ ജോസഫ് കോട്ടയം സ്വദേശിയാണ്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐ.ടി കമ്പനിയിലാണ് ജോലി. സമ്മര്‍ദമുള്ള ഐ.ടി ജോലി വിരസത സമ്മാനിച്ചതോടെയാണ് മനസിന് സന്തോഷം നല്‍കുന്ന എന്തെങ്കിലും ചെയ്യാന്‍ ജെയ്‌സണ്‍ തീരുമാനിച്ചത്. മനസിന് സന്തോഷം പകരുന്ന എന്തെങ്കിലും തുടങ്ങണമെന്ന ആശയം അദ്ദേഹം തന്റെ സുഹൃത്തിനോട് പറയുന്നു. അങ്ങനെ രണ്ടുവര്‍ഷം മുമ്പ് ഇരുവരും ചേര്‍ന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപത്തെ ലിങ്ക് റോഡില്‍ ഒരു തട്ടുകട ആരംഭിക്കുന്നു.
വൈകുന്നേരം ഏഴിന് ആരംഭിച്ച് രാത്രി 12 മണിയോടെ അടയ്ക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ജെയ്‌സണും സുഹൃത്തും കട തുടങ്ങുന്ന സമയത്ത് സ്റ്റേഡിയം ലിങ്ക് റോഡില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ഷോപ്പുകള്‍ കുറവായിരുന്നു. തുടക്കത്തില്‍ ബിസിനസും നാമമാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40ഓളം പുതിയ ഫുഡ് ഷോപ്പുകളാണ് ഇവിടെ പുതുതായി തുടങ്ങിയത്. തുടക്കത്തില്‍ ഭക്ഷണം കഴിക്കാന്‍ വന്നിരുന്നവര്‍ കുറവായിരുന്നെങ്കില്‍ ഇപ്പോള്‍ കലൂര്‍ ലിങ്ക് റോഡിലെ ഈ ഫുഡ് സ്ട്രീറ്റ് ഭക്ഷണപ്രേമികളുടെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുകയാണ്.

മാറുന്ന ഭക്ഷണശീലങ്ങള്‍, പുതിയ ബിസിനസ് ഐഡിയകള്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഹോട്ടലോ റെസ്‌റ്റോറന്റോ തുടങ്ങിയിരുന്നവര്‍ ചില കാര്യങ്ങളില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. അതിലേറ്റവും പ്രധാനം, സ്ഥാപനം തുടങ്ങുന്നിടത്ത് സമാന സ്വഭാവത്തിലുള്ള സംരംഭം ഉണ്ടാകരുതെന്നായിരുന്നു. മറ്റൊരു സ്ഥാപനത്തിന്റെ സാന്നിധ്യം തങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്ന ചിന്താഗതിക്കാരായിരുന്നു സംരംഭകര്‍.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഹോട്ടലും റെസ്‌റ്റോറന്റും ഫാസ്റ്റ് ഫുഡ് ഷോപ്പുമെല്ലാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കേന്ദ്രീകൃത സ്ഥലത്തേക്ക് എത്തിപ്പെടുന്നു. അത്തരത്തില്‍ കൊച്ചിയിലെ പ്രധാനപ്പെട്ട സ്‌പോട്ടുകളിലൊന്നാണ് കലൂര്‍ സ്‌റ്റേഡിയം ലിങ്ക് റോഡ്. ഏതാണ്ട് നൂറോളം ചെറുതും വലുതുമായ ഷോപ്പുകള്‍ ഇവിടെയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കടകള്‍ മുതല്‍ രാത്രി മൂന്നോ നാലോ മണിക്കൂര്‍ മാത്രം തുറക്കുന്ന ഷോപ്പുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇത്രയും ഷോപ്പുകളുണ്ടെങ്കിലും ഒന്നുപോലും ഇതുവരെ കച്ചവടമില്ലാത്തതിന്റെ പേരില്‍ പൂട്ടിയിട്ടില്ല.

ഇടപാടുകാര്‍ യുവാക്കളും കുടുംബങ്ങളും

മുമ്പൊക്കെ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങുന്നവരിലേറെയും യുവാക്കളായിരുന്നു. എന്നാലിപ്പോള്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ ഫാമിലിയുമായി വരുന്നവരുടെ എണ്ണം കൂടുതലാണെന്ന് കലൂര്‍ ലിങ്ക് റോഡില്‍ ചിക്കന്‍ വിഭവങ്ങളുടെ ചെറിയ ഷോപ്പ് നടത്തുന്ന സാബു പറയുന്നു. തുടക്കത്തില്‍ വലിയ കച്ചവടം ഇല്ലായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രചാരം ലഭിച്ചത് ഗുണം ചെയ്‌തെന്ന് അദ്ദേഹം പറയുന്നു.
മുമ്പൊക്കെ അത്യാവശ്യം സൗകര്യങ്ങളുള്ള ഹോട്ടലുകളിലേക്കായിരുന്നു കുടുംബങ്ങള്‍ പോയിരുന്നതെങ്കില്‍ ഇപ്പോള്‍ രീതികള്‍ മാറിയിട്ടുണ്ട്. ഫാമിലിയായി റോഡരുകിലുള്ള ഇടത്തരം ഫുഡ് സ്‌പോട്ടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനും സമയം ചെലവഴിക്കാനും അവര്‍ സമയം കണ്ടെത്തുന്നു.

ഫുഡ് സ്ട്രീറ്റ് ബിസിനസ്

ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ വില്പന നടന്നിരുന്ന സ്ഥലമായിരുന്നു കൊച്ചി മേനക ജംഗ്ഷനിലെ പെന്റ മേനക ഷോപ്പിംഗ് കോംപ്ലക്‌സ്. ഈ കോംപ്ലക്‌സില്‍ 50ലേറെ ചെറുതും വലുതുമായ മൊബൈല്‍ ഷോപ്പുകളുണ്ടായിരുന്നു. ഈ ഷോപ്പുകളിലൊക്കെ മികച്ച കച്ചവടവും നടന്നിരുന്നു. ഇതു പോലെ തന്നെയാണ് ഫുഡ് സ്ട്രീറ്റുകളുടെയും ബിസിനസ് രീതി. വിവിധ ടേസ്റ്റുകളുള്ള ആളുകള്‍ക്ക് ഒരു സ്ട്രീറ്റില്‍ എല്ലാത്തരം വ്യത്യസ്തമാര്‍ന്ന ഭക്ഷണ വിഭവങ്ങളും ലഭിക്കുന്നു. എല്ലാവര്‍ക്കും ബിസിനസ് ലഭിക്കുമെന്നതിനാല്‍ സംരംഭകര്‍ക്കും നേട്ടമാണ്. രാത്രി ഷോപ്പിംഗ് രീതികള്‍ കൂടി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുമെന്ന് വ്യാപാരികളും പറയുന്നു.

മറ്റ് കച്ചവടക്കാര്‍ക്ക് വെല്ലുവിളികളേറെ

ഫുഡ് സ്ട്രീറ്റ് സംസ്‌കാരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് പരമ്പരാഗത രീതിയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് വെല്ലുവിളിയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കോര്‍പറേഷന്‍ ലൈസന്‍സ് മാത്രം എടുത്ത് കച്ചവടം ചെയ്യുന്നവരാണ് ഫുഡ് സ്ട്രീറ്റ് കച്ചവടക്കാരില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് വാടകയുടെ പ്രശ്‌നങ്ങളോ മറ്റ് ചെലവുകളോ കുറവാണ്. കൂടുതല്‍ വരുമാനവും ലഭിക്കുന്നു. എന്നാല്‍ എല്ലാവിധ നികുതിയും കനത്ത വാടകയും നല്‍കി റെസ്‌റ്റോറന്റുകളും ഹോട്ടലുകളും നടത്തുന്നവര്‍ക്ക് ഇത്തരം സംരംഭങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
കോവിഡിനുശേഷം വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഭക്ഷണവില്പന നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ഹോട്ടലുകാര്‍ പറയുന്നു. വാടകയോ വൈദ്യുതിബില്ലോ ഒന്നും ഇത്തരം കച്ചവടക്കാര്‍ക്ക് നല്‍കേണ്ടതില്ല. കച്ചവടം കുറയുന്ന സ്ഥലത്തു നിന്ന് മറ്റിടങ്ങളിലേക്ക് അതിവേഗം മാറാനും ഇവര്‍ക്ക് സാധിക്കും. ഇത്തരം അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കേട്ടഭാവം നടിക്കുന്നില്ലെന്നാണ് ഹോട്ടലുടമകളുടെ പരാതി.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it