വില 29 കോടി; എയർബസിന്റെ ഈ ഹെലികോപ്റ്റര്‍ പ്ലാന്റിനായി ഇന്ത്യയില്‍ പരിഗണിക്കുന്നത് 8 സ്ഥലങ്ങള്‍

ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് എച്ച്125 ഹെലികോപ്റ്ററുകള്‍ അസംബിള്‍ ചെയ്യുന്നതിനുളള പ്ലാന്റ് നിര്‍മിക്കുന്നതിന് ഇന്ത്യയിൽ എട്ട് സ്ഥലങ്ങള്‍ പരിഗണിക്കുന്നു. സ്ഥലങ്ങള്‍ എവിടെ വേണമെന്നത് സംബന്ധിച്ച് കമ്പനി അന്തിമ വിലയിരുത്തൽ ഘട്ടത്തിലാണ്. ഉടനെ ഇക്കാര്യം പ്രഖ്യാപിക്കാൻ കഴിയുമെന്ന് എയർബസ് ഹെലികോപ്റ്റര്‍ ആഗോള ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഒലിവിയർ മൈക്കലോൺ പറഞ്ഞു. ദക്ഷിണേഷ്യൻ, ഇന്ത്യൻ മേഖലകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആറ് പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് എച്ച്125.
വിപണിയില്‍ ഹെലികോപ്റ്ററുകള്‍ക്ക് ഡിമാൻഡ് വര്‍ധിക്കുന്നതായി കമ്പനി
ഏവിയോണിക്സ്-മിഷൻ സംവിധാനങ്ങൾ, ഇലക്ട്രിക്കൽ സംവിധാനങ്ങള്‍, ഹൈഡ്രോളിക് സർക്യൂട്ടുകൾ, ഫ്ലൈറ്റ് കൺട്രോളുകൾ, ഡൈനാമിക് ഘടകങ്ങൾ, ഇന്ധന സംവിധാനം, എയർക്രാഫ്റ്റ് എഞ്ചിൻ തുടങ്ങിയ ഹെലികോപ്റ്റര്‍ ഘടകങ്ങളുടെ സംയോജനമാണ് ഇത്തരം പ്ലാന്റുകളില്‍ നടക്കുക. എല്ലാ വർഷവും 10 സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകൾ വരെ നിർമിക്കാനാണ് പദ്ധതിയുളളത്. വിപണിയിലെ ഉയർന്ന ഡിമാൻഡ് മൂലം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുളള ആലോചനകളിലാണ് കമ്പനി.
ഈ വർഷം ഒക്ടോബറിലോ നവംബറിലോ പ്ലാന്റിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് കരുതുന്നത്. 2026 ഓടെ ഇവിടെ നിന്നുളള ഹെലികോപ്റ്ററുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. വരുന്ന 20 വർഷത്തിനുള്ളിൽ ഈ ഹെലികോപ്റ്ററുകളുടെ ആവശ്യം 500 എണ്ണമായി ഉയരുമെന്നാണ് എയർബസ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, ഗുജറാത്തിലെ വഡോദരയിൽ സി295 വിമാനങ്ങള്‍ അസംബിള്‍ ചെയ്യാനുളള എയർബസ് പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇന്ത്യ, ദക്ഷിണേഷ്യ രാജ്യങ്ങളില്‍ സര്‍ക്കാര്‍ അധീനതയിലും വ്യക്തികളുടെ ഉടമസ്ഥതയിലുമായി നിലവില്‍ 350 ഹെലികോപ്റ്ററുകളാണ് ഉളളത്. ഇതില്‍ 250 ഓളം ഹെലികോപ്റ്ററുകളും ഇന്ത്യയിലാണ് സർവീസ് നടത്തുന്നുന്നത്. ഇന്ത്യയിൽ നൂറോളം എയർബസ് ഹെലികോപ്റ്ററുകൾ ഉണ്ട്, അവയിൽ ഭൂരിഭാഗവും എച്ച്125, എച്ച്130 ഹെലികോപ്റ്ററുകളാണെന്നും എയര്‍ബസ് വ്യക്തമാക്കുന്നു.
Related Articles
Next Story
Videos
Share it