Begin typing your search above and press return to search.
സീന്‍ മാറി; ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദേശ ബ്രാന്‍ഡുകള്‍, കൂട്ടത്തില്‍ ഗള്‍ഫില്‍ വേരുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും
ഒരുകാലത്ത് ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിച്ച് മടങ്ങിയ വിദേശ ബ്രാന്‍ഡുകള്‍ കൂട്ടത്തോടെ തിരികെയെത്തുന്നു. വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്, ഹാര്‍ലി ഡേവിഡ്‌സണ്‍, യൂറോപ്പിലെ ഏറ്റവും വലിയ റീട്ടെയില്‍-സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലൊന്നായ കാരിഫോ (carrefour) , ചൈനീസ് വസ്ത്ര ബ്രാന്‍ഡായ ഷെയ്ന്‍ (Shein) എന്നിവര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നായി ഇന്ത്യ മാറിയതും വാണിജ്യ മേഖലയില്‍ നടപ്പിലാക്കിയ മാറ്റങ്ങളുമാണ് കമ്പനികളെ വീണ്ടുവിചാരത്തിന് വിധേയമാക്കിയതെന്നാണ് കരുതുന്നത്.
ഫോര്‍ഡ്
1995ലാണ് മഹീന്ദ്രയുമായി ചേര്‍ന്ന് ഫോര്‍ഡ് ഇന്ത്യയിലെത്തിയത്. 2021ല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജ്യം വിട്ട ഫോര്‍ഡ് ഇത്തവണ പുതിയ പ്ലാനുകളുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. ആഗോള വിപണിയിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള വാഹനങ്ങള്‍ അടുത്ത് തന്നെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മാണം തുടങ്ങും. വാഹന വില്‍പ്പന നടത്തുന്നതിനേക്കാള്‍ ഇന്ത്യയെ കയറ്റുമതിയ്ക്കുള്ള ഹബ്ബായി പരിഗണിക്കാനാണ് ഫോര്‍ഡിന്റെ നീക്കം. നേരത്തെ ഇവിടെ നിര്‍മിച്ചിരുന്ന ഫോര്‍ഡ് എന്‍ഡവര്‍, എക്കോസ്‌പോര്‍ട്ട് എന്നീ മോഡലുകള്‍ 37 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. 2 ലക്ഷം മുതല്‍ 3.4 ലക്ഷം യൂണിറ്റുകള്‍ വരെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുള്ളതാണ് ചെന്നൈയിലെ പ്ലാന്റ്.
ഹാര്‍ലി ഡേവിഡ്‌സണ്‍
അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ ദശാബ്ദക്കാലത്തെ ഇന്ത്യക്കാലം അവസാനിപ്പിച്ച് 2021ലാണ് മടങ്ങിയത്. ഹീറോ മോട്ടോര്‍ കോര്‍പിന്റെ കൈപിടിച്ച് കഴിഞ്ഞ വര്‍ഷം വിപണിയിലേക്ക് മടങ്ങിവരാനും ഹാര്‍ലി ഡേവിഡ്‌സന് കഴിഞ്ഞു. ഇരുകമ്പനികളുടെയും സഹകരണത്തില്‍ പുറത്തിറങ്ങിയ എക്‌സ് 440യ്ക്ക് പക്ഷേ വിപണിയില്‍ വേണ്ടത്ര ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അടുത്ത് തന്നെ ഹാര്‍ലി ഡേവിഡ്‌സന്റെ ആറോളം മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് വിവരം.
കാരിഫോര്‍
2014ലാണ് ഫ്രഞ്ച് റീട്ടെയില്‍ ശൃംഖലയായ കാരിഫോര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങുന്നത്. പിന്നീട് പല തവണ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ദുബായിലെ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് കമ്പനി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. നോയിഡയിലായിരിക്കും ആദ്യ സ്‌റ്റോര്‍ തുടങ്ങുക. അടുത്ത ഘട്ടത്തില്‍ കേരളത്തിലും സാന്നിധ്യമറിയിക്കും. 40 രാജ്യങ്ങളിലായി 14,000 സ്‌റ്റോറുകളുള്ള യൂറോപ്പിലെ രണ്ടാമത്തെ വലിയ റീട്ടെയില്‍ ശൃംഖലയാണ് കാരിഫോ. ഗള്‍ഫ് നാടുകളിലും വ്യാപകമായുള്ള കാരിഫോ സ്‌റ്റോറുകള്‍ പ്രവാസി മലയാളികള്‍ക്ക് സുപരിചിതമാണ്. ഇന്ത്യ വിടുമ്പോള്‍ ചൈനീസ് വിപണിയിലെ വലിയ സാന്നിധ്യമായിരുന്ന കാരിഫോര്‍ നിലവില്‍ പൂര്‍ണമായും ചൈനയില്‍ നിന്നും പിന്മാറിയിട്ടിട്ടുണ്ട്.
എന്ത് സീനാണ് മാറിയത്
ഇന്ത്യയിലെ ഉപഭോക്തൃ വിപണി ലോകത്തിലെ ഏറ്റവും വലുതായി കണക്കാക്കപ്പെടുന്നതാണ്. ഇതൊരിക്കലും അവഗണിക്കാന്‍ ആഗോള ബ്രാന്‍ഡുകള്‍ക്ക് കഴിയില്ല. 141 കോടി ജനങ്ങള്‍ തുറന്നിടുന്ന അതിവേഗത്തില്‍ വളരുന്ന വിപണിയും നവസാമ്പത്തിക പരിഷ്‌ക്കാരങ്ങളുമാണ് വിദേശ ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യഘടകം. ഇന്ത്യയിലെ വിപണിയ്ക്ക് വേണ്ടി പ്രത്യേക പദ്ധതികളുണ്ടാക്കിയാണ് മിക്ക കമ്പനികളുടെയും മടങ്ങിവരവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഉപഭോക്തൃ മേഖലയില്‍ 4 ശതമാനത്തിന്റെ മൂല്യവര്‍ധയുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രാദേശിക വിപണിയെ തകര്‍ക്കരുത്
അതേസമയം, വിദേശ ബ്രാന്‍ഡുകളുടെ മടങ്ങിവരവ് ഇതിനോടകം തകര്‍ച്ച നേരിടുന്ന പ്രാദേശിക വിപണിയെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുന്നതാകരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക വ്യാപാരികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ ശാക്തീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്തെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ ബ്രാന്‍ഡുകള്‍ വലിയ നിക്ഷേപങ്ങളും തൊഴിലവസരവും കൊണ്ടുവരുമെന്നതില്‍ സംശയമില്ല. എന്നാല്‍ 141 കോടി ജനങ്ങളുടെ വിപണിയാണ് ഇത്തരം ബ്രാന്‍ഡുകള്‍ക്ക് വേണ്ടി തുറന്നുകൊടുക്കുന്നതെന്ന് മറക്കരുതെന്നും സംഘടനകള്‍ ഓര്‍മിപ്പിക്കുന്നു.
Next Story
Videos