
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന സംഭവത്തില്‍ സംശയങ്ങളുമായി മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍. എയര്‍ ഇന്ത്യയില്‍ 25 ശതമാനം ഓഹരി പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ ദുരന്തത്തിനു ശേഷം ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നത് സംശയാസ്പദമാണെന്നാണ് പ്രഫുല്‍ പട്ടേലിന്റെ ആരോപണം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്നു അദ്ദേഹം.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. എയര്‍ ഇന്ത്യ സി.ഇ.ഒയായ കാംപെല്‍ വില്‍സണ്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നോമിനിയായിട്ടാണ് ഈ സ്ഥാനത്തേക്ക് എത്തിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നിരക്ക് കുറഞ്ഞ വിമാന സര്‍വീസായ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ കുറച്ചുകാലം കാംപെല്‍ സി.ഇ.ഒയായി പ്രവര്‍ത്തിച്ചിരുന്നു.
ഇത്രയും വലിയൊരു അപകടം നടന്നിട്ടും സിംഗപ്പൂര്‍ കമ്പനി മൗനം പാലിക്കുന്നത് ദുരൂഹമാണെന്നാണ് പ്രഫുല്‍ പട്ടേലിന്റെ നിലപാട്. അഹമ്മദാബാദ് അപകടം നടന്ന് ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ ഈ വിഷയത്തില്‍ എയര്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന പ്രസ്താവന മാത്രമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നുണ്ടായത്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍. 124 പേരുടെ കുടുംബത്തെയും സര്‍ക്കാര്‍ വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങള്‍ വിട്ടുനല്‍കി. ബാക്കിയുള്ളവ ഉടന്‍ വീട്ടുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും. അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഇന്നു ശേഖരിക്കും. നിലവില്‍ 17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ലഭിച്ചിട്ടുള്ളത്. അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് ഇന്നു വൈകിട്ടോടെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine