Begin typing your search above and press return to search.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തിരിമറി; മുന്‍ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റില്‍
നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSE) തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഡല്‍ഹിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച സിബിഐ പ്രത്യേക കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനെ തുടര്‍ന്നാണ് സിബിഐ അറസ്റ്റിലേക്ക് നീങ്ങിയത്. ചോദ്യം ചെയ്യലില്‍, ഒരു യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു ഇവരുടെ മറുപടി.
എന്‍എസ്ഇയില്‍ കോ-ലൊക്കേഷന്‍ അനുവദിച്ചതിലെ തിരിമറിയുമായി ബന്ധപ്പെട്ട് 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ നടപടി. എക്‌സ്‌ചേഞ്ചിന്റെ പരിസരത്തുതന്നെ ബ്രോക്കര്‍മാര്‍ക്ക് അവരുടെ സിസ്റ്റം/സെര്‍വര്‍ സ്ഥാപിക്കാന്‍ സൗകര്യം നല്‍കുന്നതാണു കോലൊക്കേഷന്‍ സമ്പ്രദായം. ഡല്‍ഹി ആസ്ഥാനമായ ഒപിജി സെക്യൂരിറ്റീസിനാണ് ക്രമക്കേടിലൂടെ നേട്ടമുണ്ടാക്കി കൊടുത്തത്. 2013-2016 കാലയളവിലാണ് ചിത്ര രാമകൃഷ്ണ എന്‍എസ്ഇ (NSE) തലപ്പത്ത് പ്രവര്‍ത്തിച്ചത്.
ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കുന്ന ചിത്ര രാമകൃഷണയെ വിശദമായ ചോദ്യം ചെയ്യലിന് സിബിഐ കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് ചിത്രയുടെ വലംകൈയ്യായിരുന്നു ഗ്രൂപ് ഓപറേറ്റിംഗ് ഓഫീസറും ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചിത്ര രാമകൃഷ്ണയിലൂടെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ(NSE) നിയന്ത്രിച്ച ആ യോഗി ആനന്ദ് സുബ്രഹ്‌മണ്യന്‍ തന്നെയെന്ന് സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും സിബിഐ ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും.
ഈ വര്‍ഷം ഫെബ്രുവരി 11ന് ആണ് ചിത്ര രാമകൃഷ്ണക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സെബി പുറത്തുവിട്ടത്. ആ റിപ്പോര്‍ട്ടിലാണ് എന്‍എസ്ഇ നേതൃസ്ഥാനത്തിരിക്കെ ചിത്ര രാമകൃഷ്ണ പ്രവര്‍ത്തിച്ചത് അഞ്ജാത യോഗിയുടെ നിര്‍ദ്ദേശപ്രകാരം ആണെന്ന കണ്ടെത്തലുള്ളത്. എന്‍എസ്ഇ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവൈ (E&Y) നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ 2018ല്‍ തന്നെ ആ യോഗി, ആനന്ദ് സുബ്രഹ്‌മണ്യന്‍ ആണെന്ന് കണ്ടെത്തിയതാണ്. 2014-2016 കാലയളവിലെ എന്‍എസ്ഇയെ സംബന്ധിച്ച വിവരങ്ങളാണ് ചിത്ര രാമകൃഷണ യോഗിക്ക് കൈമാറിയത്.
2015ല്‍ ആണ് ഒരു വിസില്‍ ബ്ലോവറില്‍ നിന്ന് ആനന്ദ് സുബ്രഹ്‌മണ്യന്റെ നിയമനത്തെ സംബന്ധിച്ച പരാതി സെബിക്ക് ലഭിക്കുന്നത്. സെബിയുടെ ചോദ്യങ്ങള്‍ക്ക് എന്‍എസ്ഇ കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് 2016ല്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍ എന്‍എസ്ഇയില്‍ നിന്ന് പുറത്തായി. അതേ വര്‍ഷം ഡിസംബറില്‍ ചിത്ര രാമകൃഷ്ണന്‍ എന്‍എസ്ഇയിലെ സിഇഒ, എംഡി സ്ഥാനങ്ങള്‍ ഒഴിഞ്ഞു. അതിനിടെയാണ് കോ- ലൊക്കേഷന്‍ തിരുമറി പുറത്താവുന്നത്. വിഷയത്തില്‍ എന്‍എസ്ഇക്ക് ഐപിഒയില്‍ നിന്ന് ആറു മാസത്തെ വിലക്കും 624.89 കോടി രൂപ പിഴയും സെബി ചുമത്തിയിരുന്നു. എന്‍എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരായിരുന്ന രവി നാരായണ്‍, ചിത്ര രാമകൃഷ്ണ എന്നിവര്‍ കൈപ്പറ്റിയ വേതനത്തിന്റെ 25% തിരിച്ചടയ്ക്കണമെന്നും സെബി ആവശ്യപ്പെട്ടു. ഇതിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ സെക്യൂരിറ്റീസ് അപ്ലറ്റ് ട്രൈബ്യൂണലിന്റെ (എസ്എടി) പരിഗണനയിലാണ്.
Next Story
Videos