ബജറ്റ് വിവേചനത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; നിതി ആയോഗ് ബഹിഷ്‌കരണം

ശനിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നാല് മുഖ്യമന്ത്രിമാര്‍
ബജറ്റ് വിവേചനത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; നിതി ആയോഗ് ബഹിഷ്‌കരണം
Published on

പ്രതിപക്ഷ സംസ്ഥാനങ്ങളോട് കേന്ദ്രബജറ്റ് കാണിച്ച വിവേചനത്തിനെതിരെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. പദ്ധതി ആസൂത്രണത്തിനുള്ള കേന്ദ്ര-സംസ്ഥാന പൊതുവേദിയായ നിതി ആയോഗിന്റെ ശനിയാഴ്ച നടക്കുന്ന യോഗം ബഹിഷ്‌കരിക്കാന്‍ നാല് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തീരുമാനിച്ചു.

ബജറ്റ് അവതരണത്തിന് പിന്നാലെ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇന്ന് ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ലമെന്റ് വളപ്പിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരിഗണിക്കാനാവില്ലെന്ന നിലപാടാണ്  പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രകടിപ്പിച്ചത്. കോണ്‍ഗ്രസും മറ്റും രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ഭരിക്കുന്ന ആന്ധ്രപ്രദേശിനും ബിഹാറിനും ബജറ്റില്‍ വാരിക്കോരി പദ്ധതികളും ധനസഹായവും പ്രഖ്യാപിച്ചത് അവഗണനയുടെയും വിവേചനത്തിന്റെയും തെളിവായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നു മാത്രമല്ല, പൊതുഖജനാവിലൈ പണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചല്ല, മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആനുപാതികമായാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ബഹിഷ്‌കരണത്തിന് കോണ്‍ഗ്രസ്, ഡി.എം.കെ മുഖ്യമന്ത്രിമാര്‍

ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന മുഖ്യമന്ത്രിമാരാണ് 27ലെ നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക. കേരളവും ബജറ്റിലെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് ആ ഇനത്തില്‍ ഒരു സഹായവും ഉണ്ടായില്ല. എയിംസ്, വിഴിഞ്ഞം അനുബന്ധ വികസനം തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ക്കും ഒരു പരിഗണനയും കിട്ടിയില്ല. അതേസമയം, നിതി ആയോഗ് യോഗം മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ബഹിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുത്തിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com