മാനനഷ്ടക്കേസ് : അമേരിക്കന്‍ ന്യൂസ് ചാനല്‍ നല്‍കേണ്ടി വന്നത് 6475 കോടി രൂപ!

അമേരിക്കന്‍ ഇലക്ഷന്‍ ടെക് കമ്പനിയായ ഡൊമിനിയന്‍ വോട്ടിംഗ് സിസ്റ്റം നല്‍കിയ അപകീര്‍ത്തി കേസ് ഒത്തു തീര്‍പ്പാക്കാന്‍ പ്രമുഖ അമേരിക്കന്‍ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസും മാതൃകമ്പനിയായ ഫോക്‌സ് കോര്‍പ്പറേഷനും മുടക്കിയത് 6475 കോടി രൂപ(787.5 മില്യണ്‍ ഡോളര്‍).

വോട്ട് മറിച്ചെന്ന് ആരോപണം
2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡൊമിനിയന്‍ വോട്ടിംഗ് സിസ്റ്റംസ് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഫോക്‌സ് ന്യൂസ് നിരന്തരമായി വാര്‍ത്ത നല്‍കിയിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വോട്ടുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനിലേക്ക് മാറ്റിയെന്നായിരുന്നു ആരോപണം. ഇത് കമ്പനിക്ക് വളരെയധികം നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടാക്കാട്ടിയാണ് ഡൊമിനിയന്‍ കേസ് നല്‍കിയത്.

ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ചായ്‌വുള്ളതാണ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഫോക്‌സ് ന്യൂസ് ചാനല്‍.

മാധ്യമങ്ങള്‍ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കേണ്ടത് ജനാധിപത്യ വ്യവസ്ഥയില്‍ അത്യാവശ്യമാണെന്നാണ് കേസ് ഒത്തു തീര്‍പ്പാക്കിയ ശേഷം ഡോമിനിയന്‍ വക്താക്കള്‍ പറയുന്നത്.

13,150 കോടി രൂപയാണ്(1.6 ബില്യണ്‍ ഡോളര്‍) കേസ് ഫയല്‍ ചെയ്യുമ്പോള്‍ ഡൈമിനിയന്‍ ആവശ്യപ്പെട്ടിരുന്നത്. ഫോക്‌സ് നല്‍കിയ വാര്‍ത്ത കമ്പനിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് ഡൊമിനിയന്‍ വോട്ടിംഗ് സിസ്റ്റത്തിന്റെ വക്താക്കള്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it