
ആഗോള ഉത്പാദക രംഗത്ത് ചൈനയുടെ ആധിപത്യത്തിന് വലിയ ഭീഷണിയാണ് ഇന്ത്യ. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുറന്നുവിട്ട തീരുവയുദ്ധത്തില്‍ ചൈനയ്ക്ക് കേടുപാട് സംഭവിച്ചത് വലിയ തോതില്‍ നേട്ടമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ചൈനയില്‍ നിര്‍മാണ യൂണിറ്റുകളുണ്ടായിരുന്ന പല കമ്പനികളും ഇപ്പോള്‍ ഇന്ത്യയിലേക്കാണ് നോക്കുന്നത്.
ലോകരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ഊഷ്മളമായ ബന്ധവും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമുള്ള തൊഴിലാളികളെ കിട്ടുമെന്നതുമാണ് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ചൈനയില്‍ നിന്ന് കമ്പനികള്‍ വിട്ടുപോകുന്നതിലും അവരെ വിഷമിപ്പിക്കുന്നത് ഇവയില്‍ പലതും ഇന്ത്യയിലേക്ക് വരുന്നതാണ്.
ഇപ്പോഴിതാ ഇന്ത്യയെ അസ്വസ്ഥപ്പെടുത്താന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാരെ ഇന്ത്യയില്‍ നിന്ന് തന്ത്രപൂര്‍വം തിരിച്ചു വിളിക്കുകയാണ് ചൈന. ഐഫോണിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജീസിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിരവധി ചൈനീസ് പൗരന്മാര്‍ സുപ്രധാന റോളുകളിലുണ്ട്.
ചൈനീസ് പൗരന്മാരിലേറെയും എന്‍ജിനിയറിംഗ്, ടെക്‌നിക്കല്‍ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ചൈനീസ് ജീവനക്കാരെ ബീജിംഗ് തിരിച്ചു വിളിച്ചതോടെ ഫോക്‌സ്‌കോണ്‍ വലിയ പ്രതിസന്ധി നേരിടുമെന്നായിരുന്നു കരുതിയിരുന്നത്.
ചൈനക്കാര്‍ക്കു പകരം തായ്‌വാന്‍, യു.എസ് എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ധരെ എത്തിക്കാനാണ് നീക്കം. ചൈനീസ് വിദഗ്ധര്‍ മടങ്ങുന്നത് കാര്യമായ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് ഫോക്‌സ്‌കോണും പറയുന്നത്. പുതിയ മോഡലുകള്‍ക്ക് മാത്രമാണ് ചൈനീസ് വിദഗ്ധരുടെ ആവശ്യം വന്നിരുന്നത്. പഴയ ഐഫോണ്‍ മോഡലുകളുടെ നിര്‍മാണത്തിന്റെ പ്രധാന റോളുകളില്‍ ഇന്ത്യക്കാരാണുള്ളത്.
അതേസമയം, ചൈനീസ് പൗരന്മാര്‍ക്ക് പകരം യു.എസില്‍ നിന്നുള്ള വിദഗ്ധര്‍ വരുന്നത് ഫോക്‌സ്‌കോണിന്റെ ചെലവ് ഉയര്‍ത്തും. ചൈനീസ് വിദഗ്ധര്‍ക്ക് നല്കുന്നതിലും ആറിരട്ടി ഉയര്‍ന്ന ശമ്പളം യുഎസില്‍ നിന്നുള്ളവര്‍ക്ക് നല്‌കേണ്ടി വരുമെന്നതാണ് കാരണം. തായ്‌വാനില്‍ നിന്നുള്ളവര്‍ക്കാകട്ടെ ചൈനക്കാരേക്കാള്‍ 50 ശതമാനം അധികം ശമ്പളമാണ് നല്‌കേണ്ടി വരിക.
ഐഫോണിന്റെ മറ്റൊരു നിര്‍മാതാക്കളായ ടാറ്റ ഇലക്‌ട്രോണിക്‌സിന് ഈ പ്രശ്‌നമില്ല താനും. അവരുടെ പ്ലാന്റുകളില്‍ വിദഗ്ധരെല്ലാം യു.എസ്, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
Read DhanamOnline in English
Subscribe to Dhanam Magazine