ഫ്രാന്‍സിലും സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയ കലാപം! എന്താണ് 'ബ്ലോക്ക് എവരിതിംഗ്'? വിമാനത്താവളങ്ങളും ടൂറിസ്റ്റ് സ്‌പോട്ടുകളും ഓപ്പണാണോ? യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതിഷേധത്തിനുള്ള ആഹ്വാനം ഉണ്ടായത്
Police officer standing in front of burning barricades on a road while trucks and cars wait behind during a protest or blockade in France.
X.com / Nayika
Published on

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ റോഡ് തടയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ബ്ലോക്ക് എവരിതിംഗ് എന്ന ബാനറുമായി തെരുവില്‍ ഇറങ്ങിയ ആയിരങ്ങള്‍ പ്രധാന നഗരങ്ങള്‍ കയ്യടക്കിയെന്നാണ് റിപ്പോര്‍ട്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ നേരിടാന്‍ 80,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്താണ് ബ്ലോക്ക് എവരിതിംഗ്?

വലതുപക്ഷ ഗ്രൂപ്പുകള്‍ ഓണ്‍ലൈനായി മേയ് മുതലാണ് 'ബ്ലോക്ക് എവരിതിംഗ്' എന്ന പേരില്‍ പ്രതിഷേധം തുടങ്ങിയത്. ഇത് തീവ്ര ഇടതുഗ്രൂപ്പുകള്‍ കൂടി ഏറ്റെടുത്തതോടെ വലിയ പ്രതിഷേധമായി മാറി. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതിഷേധത്തിനുള്ള ആഹ്വാനം ഉണ്ടായത്. കെയര്‍ഫോര്‍, ആമസോണ്‍ പോലുള്ള കമ്പനികളെ ബഹിഷ്‌ക്കരിക്കുക, ബാങ്കുകളില്‍ നിന്ന് പണം കൂട്ടത്തോടെ പിന്‍വലിക്കുക, നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുക, പ്രാദേശികമായ യോഗങ്ങളും ഫണ്ട് പിരിവും നടത്തുക തുടങ്ങിയ ആഹ്വാനങ്ങളായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. പുതിയ പ്രധാനമന്ത്രിയായി ഇമ്മാനുവേല്‍ മാക്രോണിന്റെ അടുത്ത അനുയായി സെബാസ്റ്റിയന്‍ ലെകോര്‍ണു (Sebastian Lecornu) സെപ്റ്റംബര്‍ പത്തിന് സ്ഥാനമേറ്റെടുത്തതോടെയാണ് പ്രതിഷേധം കലാപമായി മാറിയത്. രണ്ട് വര്‍ഷത്തിനിടെ ഫ്രാന്‍സിലെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ഇദ്ദേഹം.

എന്താണ് കാരണം

മുന്‍പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബൈറോയുടെ 2026 ബജറ്റിലെ ചില നിര്‍ദ്ദേശങ്ങളാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദേശീയ ബജറ്റില്‍ 43.8 മില്യന്‍ ഫ്രാങ്കിന്റെ കുറവാണ് അദ്ദേഹം വരുത്തിയത്. കൂടാതെ രാജ്യത്തെ പൊതുകടം കുറക്കുക, രണ്ട് ദേശീയ അവധികള്‍ റദ്ദാക്കുക, പെന്‍ഷന്‍ മരവിപ്പിക്കുക, ആരോഗ്യചെലവില്‍ 5 ബില്യന്‍ ഫ്രാങ്ക് വെട്ടിക്കുറക്കുക തുടങ്ങിയ തീരുമാനങ്ങളും പ്രതിഷേധത്തിന് ഇടയാക്കി. 52 ബില്യന്‍ ഡോളറിന്റെ ചെലവ് ചുരുക്കല്‍ പദ്ധതിയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

എന്തൊക്കെ ഓപ്പണാണ്?

രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു സമരക്കാരുടെ നീക്കം. പാരീസിലെ ഗരേ ഡു നോര്‍ഡ് എന്‍ട്രന്‍സ് സമരക്കാര്‍ കൈവശപ്പെടുത്തി. ഇതോടെ ബോര്‍ഡെക്‌സിനും ടൊലൂസെക്കും ഇടയിലെ റെയില്‍വേ ക്രോസിംഗ് അടച്ചിട്ടുണ്ട്. പ്രധാന റോഡുകളിലും ബസ് സ്‌റ്റേഷനുകളിലും തടസം നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കാമെന്നും ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫ്രാന്‍സിലേക്കുള്ള യാത്ര സുരക്ഷിതമാണോ?

ലോകത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള ഫ്രാന്‍സിലേക്കുള്ള യാത്ര നിലവില്‍ സുരക്ഷിതമാണോയെന്നാണ് യാത്രാപ്രേമികളുടെ ആശങ്ക. ഫ്രാന്‍സിലുള്ള പൗരന്മാര്‍ക്ക് മിക്ക രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ ഇങ്ങനെയൊരു അറിയിപ്പ് പുറത്തിറക്കിയിട്ടില്ല. പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും കാനഡ, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം സ്‌പോട്ടുകളിലൊന്നായി ഫ്രാന്‍സ് തുടരുകയാണെന്നും യാത്ര ചെയ്യുന്നതില്‍ തടസങ്ങളില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

As France faces turmoil, travellers are asking if airports and railway crossings remain open. Here’s the latest update on transport, safety, and travel in Europe’s tourist hotspot.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com