സി.ബി.ഐയും ഇഡിയും മുതല്‍ സെബി വരെ വട്ടമിട്ട് പറക്കുന്നു; അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ എന്താണ് സംഭവിക്കുന്നത്?

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ബാങ്കുകളും റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരേ നിയമനടപടി തുടങ്ങിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മകനിലൂടെ കൈവിട്ട സാമ്രാജ്യം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന അനില്‍ അംബാനിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല
anil ambani reliance
Published on

സമീപകാലത്ത് തിരിച്ചടികളിലൂടെയാണ് റിലയന്‍സ് ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ അനില്‍ അംബാനിയുടെയും യാത്ര. അന്വേഷണ ഏജന്‍സികള്‍ മുതല്‍ രാജ്യത്തെ മുന്‍നിര ബാങ്കുകളും സെബിയും പോലും റിലയന്‍സ് ഗ്രൂപ്പിന് ചുറ്റം വട്ടമിട്ടു പറക്കുകയാണ്. ഒരുകാലത്ത് രാജ്യത്തെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാകുമെന്ന് കരുതിയിടത്തു നിന്നാണ് അനിലിന്റെ വീഴ്ച്ച.

ശതകോടികളുടെ ആസ്തിയുണ്ടായിരുന്ന അനില്‍ അംബാനിക്ക് എന്താണ് സംഭവിച്ചത്. കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അനിലിന്റെ 3,000 കോടി രൂപയുടെ ആസ്തികളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കഴിഞ്ഞദിവസം കണ്ടുകെട്ടിയത്.

സെബിയുടെ പ്രഹരം

തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ച സമയത്ത് അനിലിന്റെ തിരിച്ചടി തുടങ്ങുന്നത് 2024 ഓഗസ്റ്റിലാണ്. റിലയന്‍സ് ഹോം ഫിനാന്‍സിലെ (RHFL) ഫണ്ടുമായി ബന്ധപ്പെട്ട തിരിമറികള്‍ക്ക് അനില്‍ അംബാനിയടക്കം 24 പേര്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അഞ്ചുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

ലിസ്റ്റ് ചെയ്ത കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നതിനോ വിപണിയില്‍ ഇടപെടുന്നതിനോ അനില്‍ അടക്കമുള്ളവര്‍ക്ക് വിലക്ക് നേരിടേണ്ടി വന്നു. അനിലിന് 25 കോടി രൂപയുടെ പിഴയും ചുമത്തി. തിരിമറികളുടെ സൂത്രധാരന്‍ അനില്‍ അംബാനിയാണെന്ന സെബി അംഗം അനന്ദ് നാരായണന്റെ അന്വേഷണ റിപ്പോര്‍ട്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന് നാണക്കേടായി മാറി. റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ വിശ്വാസ്യതയ്ക്കുമേലുള്ള വലിയ പ്രഹരമായിരുന്നു ഇത്.

റിലയന്‍സ് ഹോം ഫിനാന്‍സിലെ ക്രമക്കേടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരം അന്വേഷണം ആരംഭിച്ചു. റിലയന്‍സ് ഹോംഫിനാന്‍സ് അനധികൃതമായും അസാധാരണമായും സാമ്പത്തിക അടിത്തറയില്ലാത്ത പലര്‍ക്കും കോടിക്കണക്കിന് രൂപ വായ്പ നല്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ ഏറിയപങ്കും റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ടതാണ്.

17,000 കോടിരൂപയുടെ വായ്പ തട്ടിപ്പ്

വിവിധ റിലയന്‍സ് കമ്പനികള്‍ ബാങ്കുകളില്‍ നിന്ന് 17,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നതാണ് മറ്റൊരു കേസ്. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികള്‍ വഴിയാണ് വായ്പ തരപ്പെടുത്തിയത്. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് 5,901 കോടി രൂപയും റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് 8,226 കോടി രൂപയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 4,105 കോടി രൂപയും വിവിധ ബാങ്കുകള്‍ക്ക് നല്കാനുണ്ട്.

യെസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് സിന്ധ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ കബളിപ്പിക്കപ്പെട്ടു.

2017ല്‍ കനറാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 1,050 കോടി രൂപ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ അനില്‍ അംബാനിയുടെ പാപ്പരായ ടെലികോം സംരംഭമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെയും അതിന്റെ യൂണിറ്റിന്റെയും വായ്പ അക്കൗണ്ടുകള്‍ വഞ്ചനാപരമായ അക്കൗണ്ടുകളായി തരംതിരിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ബാങ്കുകളും റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരേ നിയമനടപടി തുടങ്ങിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മകനിലൂടെ കൈവിട്ട സാമ്രാജ്യം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന അനില്‍ അംബാനിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

Anil Ambani's Reliance Group faces SEBI and ED probes over massive financial irregularities and loan defaults

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com