

സ്വകാര്യ കമ്പനിയുടെ ലോഗോ ഉപയോഗിച്ച് സൈബര്‍ കുറ്റവാളികള്‍ നടത്തിയ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്. ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ കമ്പനിയുടെ പേരില്‍ ദുബൈയില്‍ മാസങ്ങളോളം നടന്ന തട്ടിപ്പ് പുറത്തു വന്നത് കഴിഞ്ഞ ദിവസം. ഇതിനകം ഒരു ലക്ഷം ദിര്‍ഹം വരെ നഷ്ടപ്പെട്ടവരുണ്ട്. കമ്പനിയുടെ ഉല്‍പ്പന്നമായ നാടന്‍ നെയ്യ്, കുറഞ്ഞ വിലക്കെന്ന ഓഫര്‍ പരസ്യം നല്‍കിയാണ് തട്ടിപ്പുകാര്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പണം തട്ടിയെടുത്തത്. ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനിയുടെ ബ്രാന്‍ഡ് നെയിം ഇടിയുകയും വലിയ തോതില്‍ വില്‍പ്പന കുറയുകയും ചെയ്തു.
ദുബൈ ആസ്ഥാനമായ സിംപ്ലി ദ ഗ്രേറ്റ് ഫുഡ് (simply the great food) എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. കമ്പനിയുടെ പ്രമുഖ ഉല്‍പ്പന്നമായ നാടന്‍ നെയ്യ്, ഒരു ദിര്‍ഹത്തിന് ഓഫര്‍ വില്‍പ്പനയെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കമ്പനിയുടെ ലോഗോ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ ഫേസ്ബുക്ക്, ട്വറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിലകൂടിയ നെയ്യ് ഒരു ദിര്‍ഹത്തിന് ലഭിക്കുമെന്ന് കണ്ടതോടെ പലരും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചു. ഇതോടെയാണ് പണം നഷ്ടപ്പെട്ടത്.
ലോകത്തെല്ലായിടത്തും നടക്കുന്ന, ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തുന്ന തട്ടിപ്പ് തന്നെയാണ് ഇവിടെയും അരങ്ങേറിയത്. പക്ഷെ ഇതിനായി ഒരു കമ്പനിയെ കരുവാക്കിയെന്ന് മാത്രം. നാടന്‍ നെയ്യിന് ഓര്‍ഡര്‍ നല്‍കാന്‍ ശ്രമിച്ച ഉപഭോക്താക്കള്‍ മറ്റൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് എത്തിയത്. ഒരു ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇത് സബ്മിറ്റ് ചെയ്തതോടെ നാടന്‍ നെയ്യിനുള്ള പേയ്‌മെന്റ് നടത്താനായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് നല്‍കിയവര്‍ക്ക് ഉടനെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിര്‍ഹം ഇടപാടുമായി ബന്ധപ്പെട്ട ഒരു ഒടിപി എത്തി. ഇത് ടൈപ്പ് ചെയ്തതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തിയവര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതാണ് കാണാനായത്.
ദുബൈയിലെ ടാക്‌സി ഡ്രൈവറായ മജീദ് എന്നയാള്‍ വിളിച്ചപ്പോഴാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞതെന്ന് കമ്പനിയുടെ സിഇഒ ഷെഹറോസ് റാമി ദുബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മജീദിന്റെ അക്കൗണ്ടില്‍ നിന്ന് 1,200 ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഒരു യുവതിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടമായി. ഇവര്‍ ദുബൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുബൈയില്‍ തന്നെ താമസിക്കുന്ന ധര്‍മേഷ് ഭരദ്വാജിന് നഷ്ടമായത് 18,000 ദിര്‍ഹമാണ്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കമ്പനി സിഇഒ വെളിപ്പെടുത്തി. തട്ടിപ്പിനിരയായവര്‍ തന്നെ വിളിക്കുകയാണെന്നും താന്‍ നിരപരാധിയാണെന്നും ഷെഹറോസ് പറയുന്നു. ഒരു ഇടത്തരം കമ്പനിയായ സിംപ്ലിയുടെ വില്‍പ്പനയെ ഇത് സാരമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പ്പന പകുതിയിലേറെ കുറഞ്ഞു. ഉപഭോക്താക്കള്‍ക്കിയില്‍ ഉണ്ടായിരുന്ന ബ്രാന്‍ഡ് നെയിമും നഷ്ടമായെന്ന് ഷെഹറോസ് കൂട്ടിച്ചേര്‍ത്തു. പണം നഷ്ടപ്പെട്ട നിരവധി പേര്‍ ബാങ്കുകളെയും സമീപിക്കുന്നുണ്ട്. പരാതികളില്‍ ദുബൈ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine