എ.ടി.എമ്മിലെ ചെറിയൊരു തകരാര്‍, കേരളത്തില്‍ നിന്ന് മോഷ്ടിച്ചത് 2.52 ലക്ഷം രൂപ, തട്ടിപ്പ് അക്കൗണ്ട് ഉടമയ്ക്ക് അറിയാനും സാധിച്ചില്ല

എ.ടി.എം മെഷീനുകളിലെ ലളിതമായ തകരാര്‍ മുതലെടുത്ത് രണ്ട് പേർ മോഷ്ടിച്ചത് 2.52 ലക്ഷം രൂപ. തിരുവനന്തപുരത്തെ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നിന്നാണ് ഇവര്‍ പണം കവര്‍ന്നത്. എ.ടി.എമ്മുകളില്‍ ടൈംഔട്ട് എറർ എന്ന ചെറിയ പിശകാണ് തട്ടിപ്പിന് ഉപയോഗിച്ചത്. മോഷ്ടിച്ച എ.ടി.എം കാർഡുകളാണ് ഇവര്‍ ഉപയോഗിച്ചത്.
മോഷ്ടിച്ച കാർഡിൻ്റെ യഥാർത്ഥ ഉടമയുടെ അക്കൗണ്ടിലൂടെ സാധാരണയായി നടത്തുന്ന ഇടപാട് (routine transaction) എന്ന ഓപ്ഷനില്‍ കയറി, തട്ടിപ്പുകാര്‍ തുക എന്‍ടര്‍ ചെയ്യും. എ.ടി.എം ശേഖരിക്കാനുള്ള തുക പുറത്തേക്ക് നല്‍കും. ഒരു നോട്ടൊഴികെ മറ്റെല്ലാം ശേഖരിച്ച് തട്ടിപ്പുകാർ മെഷീനിൽ 'ടൈം ഔട്ട്' എന്ന് എഴുതി കാണിക്കുന്നതു വരെ കാത്തിരിക്കും. തുടര്‍ന്ന് ഇടപാട് അപൂർണ്ണമാണെന്ന് എ.ടി.എം മെഷീന്‍ രേഖപ്പെടുത്തും.

ചെറിയ പിശക്

എ.ടി.എമ്മിന്റെ ഈ പിശകിനെയാണ് ടൈംഔട്ട് എറർ എന്നു പറയുന്നത്. ഈ എറര്‍ എ.ടി.എം മെഷീന്‍ പുറപ്പെടുവിച്ചാല്‍ പണം പിൻവലിക്കപ്പെടുന്നതിനെക്കുറിച്ച് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകാന്‍ സാധിക്കില്ല. ഇതിനാല്‍ ഉടമകൾക്ക് അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ചതായി അറിയാനും സാധിക്കില്ല. ഇത്തരത്തില്‍ തട്ടിപ്പ് കണ്ടെത്താനാകാതെ പോകുകയും ചെയ്യും.
അക്കൗണ്ട് ഉടമ നിക്ഷേപിച്ച തുകയും പിൻവലിച്ച പണവും തമ്മിലുള്ള പൊരുത്തക്കേടുകൾ ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി മനസിലായത്. തട്ടിപ്പില്‍ അധികൃതര്‍ ആദ്യം ബാങ്ക് ജീവനക്കാരെപ്പോലും സംശയിച്ചു. ഒടുവില്‍ വിശദമായി നടത്തിയ അന്വേഷണത്തില്‍ എ.ടി.എമ്മിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാരുന്നു.

പണമിടപാടുകള്‍ പരിശോധിക്കണം

കുറ്റവാളികൾ പതിവായി എ.ടി.എമ്മുകൾ സന്ദർശിക്കുന്നതായും മോഷ്ടിച്ച കാർഡുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. തുടർന്ന് ബാങ്കിന്റെ ബ്രാഞ്ച് അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. ബാങ്ക് അധികൃതരുടെ പോലും ശ്രദ്ധയില്‍പ്പെടാത്ത എ.ടി.എമ്മിന്റെ ടൈംഔട്ട് എറർ എന്ന ചെറിയ പിശക് ഉപയോഗിച്ച് തട്ടിപ്പുകാര്‍ രണ്ടര ലക്ഷം രൂപയോളമാണ് കവര്‍ന്നത്. തട്ടിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തു.
ആളുകള്‍ കൃത്യമായ ഇടവേളകളില്‍ തങ്ങളുടെ അക്കൗണ്ടിലെ പണമിടപാടുകള്‍ പരിശോധിക്കുന്നത് തട്ടിപ്പു തടയാന്‍ സഹായകമാണെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ, വ്യക്തിഗത വിവരങ്ങൾ, കെ.വൈ.സി രേഖകളുടെ പകർപ്പുകൾ, കാർഡ് വിവരങ്ങൾ, പിൻ, പാസ്‌വേഡ്, ഒ.ടി.പി എന്നിവ അജ്ഞാത വ്യക്തികളുമായോ ഏജൻസികളുമായോ പങ്കിടരുതെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
Related Articles
Next Story
Videos
Share it