₹500ല്‍ നിന്ന് വെളിച്ചെണ്ണ വില ₹200ലേക്ക്, തേങ്ങ വിലയും താഴ്ന്നു; അടുക്കളയില്‍ ആശ്വാസം

ഗള്‍ഫ് വിപണി ലക്ഷ്യമിട്ട് കേരളത്തിലും തമിഴ്‌നാട്ടിലും പ്രവര്‍ത്തിച്ചിരുന്ന വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
coconut tree
canva
Published on

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വലിയ ഇടിവ്. കഴിഞ്ഞ വേനല്‍ക്കാലത്ത് തേങ്ങ ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വെളിച്ചെണ്ണ വില 500 രൂപയ്ക്കടുത്ത് വരെ എത്തിയിരുന്നു. ഇത്തവണ ഉത്പാദനം വര്‍ധിച്ചതും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഗള്‍ഫിലേക്കുള്ള കയറ്റുമതി കുറഞ്ഞതും കേരള വിപണിയില്‍ വില കുറയുന്നതിന് ഇടയാക്കി.

വിവിധ ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണ നിലവില്‍ കിലോഗ്രാമിന് 210 മുതല്‍ 260 രൂപ വരെയാണ്. വരുംദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിവരം. ഏപ്രില്‍ അവസാനത്തില്‍ വെളിച്ചെണ്ണ വില കിലോയ്ക്ക് 260 രൂപ വരെയായി കുറഞ്ഞു.

ഗള്‍ഫ് വിപണി ലക്ഷ്യമിട്ട് കേരളത്തിലും തമിഴ്‌നാട്ടിലും പ്രവര്‍ത്തിച്ചിരുന്ന വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ തേങ്ങ, കൊപ്ര ലഭ്യത വലിയ തോതില്‍ വര്‍ധിച്ചു.

ചൂട് ഗുണംചെയ്തു

ഇത്തവണ ചൂട് കൂടിയതും തേങ്ങ വരവ് വര്‍ധിക്കാന്‍ കാരണമായി. വേഗം മൂപ്പെത്തിയതോടെ വിപണിയിലേക്ക് കൂടുതല്‍ തേങ്ങ എത്തി. പച്ചത്തേങ്ങ വില കിലോഗ്രാമിന് 80-85 ല്‍നിന്ന് 40-45 രൂപയിലേക്ക് കുറഞ്ഞു. ഉണക്കത്തേങ്ങ വില 52 രൂപയായി. കൊപ്രയ്ക്ക് 150 രൂപയില്‍ താഴെയായി. എട്ടുമാസത്തിനിടെ പച്ച തേങ്ങയ്ക്ക് 40 രൂപ വരെ കുറഞ്ഞു.

വെളിച്ചെണ്ണമില്ലുകള്‍ ഏറെയുള്ള തമിഴ്നാട്ടിലെ കാങ്കയത്ത്, മില്ലുടമകള്‍ വില താഴുന്നതുകണ്ട് കൂടിയതോതില്‍ സ്റ്റോക്ക് വിറ്റഴിച്ചിരുന്നു. വരുംദിവസങ്ങളില്‍ വില ഇനിയും താഴ്‌ന്നേക്കുമെന്നാണ് സംസ്ഥാനത്തെ മില്ലുടമകള്‍ പറയുന്നത്.

രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ മുന്നിലുള്ളത് തമിഴ്‌നാടും കര്‍ണാടകയുമാണ്. കേരളത്തില്‍ തെങ്ങുകളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരികയാണ്. തിരുവമ്പാടി, വടകര, പേരാമ്പ്ര, കണ്ണൂര്‍ ഭാഗങ്ങളിലാണ് കേരളത്തില്‍ കൃഷി കൂടുതലുള്ളത്.

ഇവിടങ്ങളില്‍ നിന്നുള്ള തേങ്ങ തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ ശേഖരിച്ച് അങ്ങോട്ട് കൊണ്ടുപോകുകയാണ്. തമിഴ്‌നാട്ടില്‍ കൊപ്രയാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് കൂലി തീരെ കുറവാണ്. മാത്രമല്ല കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ തേങ്ങയില്‍ നിന്ന് നിര്‍മിക്കുന്നുണ്ട്. ഇതും കേരള തേങ്ങ അതിര്‍ത്തി കടക്കാന്‍ കാരണമാകുന്നുണ്ട്.

രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാല്‍ ഓരോ വര്‍ഷവും ഉത്പാദനം കുറയുന്നതിനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്. 2023-24 വര്‍ഷത്തെ ഉത്പാദനം 564.7 കോടിയില്‍ ഒതുങ്ങുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Back to School: വിപണി ചൂടില്‍; കൊറിയന്‍ ബാഗുകളും സ്റ്റീല്‍ ബോട്ടിലുകളും ഹിറ്റായി, വിലക്കയറ്റത്തിലും വാങ്ങല്‍ തിരക്ക്
മാരുതി കാറുകള്‍ക്ക് ജൂണ്‍ മുതല്‍ ₹30,000 വരെ വില കൂടും; വാഹന നിര്‍മാതാക്കള്‍ ഒന്നിനു പിന്നാലെ ഒന്നായി വില വര്‍ധിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്
ഭവന നിര്‍മാണ ബജറ്റ്‌
തകിടം മറിയുന്നു; ഫിനിഷിംഗ് ഘട്ടത്തിൽ മാത്രം 40% വരെ അധികച്ചെലവ്! കമ്പിയും ടൈലും വയറിങ് സാധനങ്ങളും പൊള്ളുന്നു
'ബംഗാളി' ഈ വാഹനത്തിന്റെ ഐശ്വര്യം! ബസില്‍ കയറാന്‍ ആളില്ല, ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി ചെലവുകള്‍; സ്വകാര്യ ബസ് വ്യവസായം കട്ടപ്പുറത്തേക്ക്
logo
DhanamOnline
dhanamonline.com