

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും യുവതലമുറയെ ആകര്‍ഷിക്കുന്ന ഒട്ടനവധി വാഗ്ദാനങ്ങള്‍ വി.ഡി സതീശന്‍ മുന്നോട്ടുവച്ചിരുന്നു. ഇതില്‍ പലതിനും തന്റെ ആദ്യ ബജറ്റില്‍ പരിഗണന നല്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയും ചെയ്തു. ജെന്‍സികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിന് 50 കോടി രൂപയും എഐ സംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്കാന്‍ പ്രത്യേക ഫണ്ടും സംരംഭകരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങളാണ്.
കായിക കലാമേഖലകള്‍ക്കായി വലിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മലബാര്‍ കേന്ദ്രീകരിച്ച് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനായി 50 കോടി വകയിരുത്തിയിട്ടുണ്ട്. മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലും ഇതേ പദ്ധതിക്കായി പണം അനുവദിച്ചിരുന്നു.
മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയില്‍ 35 ഏക്കറില്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ച ഫിഫ നിലവാരത്തിലുള്ള സ്‌റ്റേഡിയത്തിന്റെ ചിലവ് 500 കോടി രൂപയാണ്. 50,000 പേര്‍ക്ക് ഇരിക്കാവുന്ന ഈ പ്രോജക്റ്റിന്റെ ഒന്നാം ഘട്ടത്തിനായി 125 കോടി രൂപ ഇതിനകം അനുവദിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ 50 കോടി രൂപയാണ് പദ്ധതിക്കായി വിലയിരുത്തിയത്. പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനം റദ്ദാക്കപ്പെട്ടേക്കാം.
കായിക മേഖലയ്ക്കായി മറ്റ് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കയികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി മിഷന്‍ 2036 പദ്ധതിയാണ് മറ്റൊന്ന്. മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ പദ്ധതിയുടെ തുടര്‍ച്ചയാണിത്.
100 കോടി രൂപ മുടക്കില്‍ കൊച്ചിയില്‍ ജെ.സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി 'ചിത്രനഗരം' സ്ഥാപിക്കും. കാക്കനാട് പ്രദേശം ആസ്ഥാനമാക്കിയാകും പദ്ധതിയെന്നാണ് സൂചന. കേരളത്തെ സിനിമ ചിത്രീകരണങ്ങളുടെ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിലുണ്ട്.
സംഗീത സംവിധായകനായിരുന്ന ജോണ്‍സണ്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം തൃശൂരില്‍ അത്യാധുനിക നിലവാരത്തില്‍ മ്യൂസിക്ക് അക്കാഡമി സ്ഥാപിക്കും. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയത്. കൊച്ചിയില്‍ നടന്‍ സലീംകുമാറിനായി സ്മാരകം നിര്‍മിക്കാന്‍ ഒരു കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.
പൊന്നാനി കേന്ദ്രീകരിച്ച് 'കള്‍ച്ചറല്‍ ബിനാലേ' സംഘടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മലബാറിന് ഗുണംചെയ്യും. കേരളീയ കലാരൂപങ്ങള്‍, നാടന്‍ പാട്ടുകള്‍, സാഹിത്യം, ശില്പകല, സംഗീതം എന്നിവയെല്ലാം കൂട്ടിയിണക്കിയുള്ള ഒരു വേദിയായിരിക്കും ബിനാലേ. കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine