വാഹന ഇന്‍ഷുറന്‍സ് മുതല്‍ ഭവന വായ്പ വരെ; ജൂണില്‍ ചെലവേറുന്നവ അറിയാം
സ്‌കൂള്‍ തുറക്കുന്ന സമയം ആയതുകൊണ്ട് തന്നെ ജൂണ്‍മാസം പൊതുവെ ചെലവുകള്‍ ഏറിയതാണ്. അക്കൂട്ടത്തില്‍ നിങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന ഏതാനും മാറ്റങ്ങളില്‍ കൂടി ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ജൂണില്‍ ചെലവേറുന്ന മാറ്റങ്ങള്‍ അറിയാം
വാഹന ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനവ് നാളെ മുതല്‍
1000 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള കാറുകളുടെ പ്രീമിയം 2072 രൂപയില്‍ നിന്ന് 2094 രൂപയായി ഉയരും. 1500 സിസി വരെയുള്ളവയുടെ പ്രീമിയം 3221 രൂപയില്‍ നിന്ന് 3416 രൂപയായും വര്‍ധിക്കും. 1500 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള വാഹനങ്ങളുടെ പ്രീമിയം 7890 രൂപയില്‍ നിന്ന് 7897 രൂപയാക്കി ആണ് ഉയര്‍ത്തുന്നത്.
75 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 538 രൂപ, 75 മുതല്‍ 150 സിസി വരെ 714 രൂപ, 150 മുതല്‍ 350 സിസി വരെയുള്ളവയ്ക്ക് 1366 രൂപ, 350 സിസിക്ക് മുകളില്‍ എന്‍ഞ്ചിന്‍ കപ്പാസിറ്റിയുള്ളവയ്ക്ക് 2804 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.
എസ്ബിഐ ഭവന വായ്പാ നിരക്കുകള്‍ ഉയരും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBIi) ഭവന വായ്പ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ഉയരും. ഭവന വായ്പയ്ക്കുള്ള എക്‌സ്റ്റേണല്‍ ബഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (EBLR) 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 7.05 ശതമാനം ആക്കിയിരുന്നു. വായ്പ നല്‍കാനാവുന്ന കുറഞ്ഞ നിരക്കാണ് ഇബിഎല്‍ആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്.
സര്‍വീസ് ചാര്‍ജ് ഉയര്‍ത്താന്‍ ആക്‌സിസ് ബാങ്ക്
ശമ്പള, സേവിംഗ്സ് അക്കൗണ്ട് ഉടമകളുടെ സര്‍വീസ് ചാര്‍ജ് നിരക്കുകള്‍ ആക്‌സിസ് ബാങ്ക് നാളെ മുതല്‍ വര്‍ധിപ്പിക്കും. ശരാശരി പ്രതിമാസ ബാലന്‍സ് (average monthly balance) ആവശ്യകത 15,000 ല്‍ നിന്ന് 25,൦൦൦ രൂപ ആവും. എല്ലാ പ്രൈം, ലിബര്‍ട്ടി - സെമി അര്‍ബന്‍, റൂറല്‍ സേവിംഗ്‌സ് അക്കൗണ്ട് വേരിയന്റുകള്‍ക്കും ശരാശരി പ്രതിമാസ ബാലന്‍സ് ആവശ്യകത ബാധകമാണ.
മെട്രോ/അര്‍ബന്‍ പ്രദേശങ്ങളില്‍ പരമാവധി പ്രതിമാസ സര്‍വീസ് ചാര്‍ജ് 600 രൂപ ആയിരിക്കും. അര്‍ദ്ധ നഗര പ്രദേശങ്ങള്‍ക്ക് 300 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 250 രൂപയും ആയിരിക്കും പരമാവധി സര്‍വീസ് ചാര്‍ജ്.
നിരക്ക് ഈടാക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്
ആധാര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാഹായിക്കുന്ന ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്. ജൂണ്‍ 15 മുതലാണ് നിരക്കുകള്‍ പ്രബല്യത്തില്‍ വരുന്നത്.
പണം പിന്‍വലിക്കല്‍, ക്യാഷ് ഡെപ്പോസിറ്റ്, മിനി സ്റ്റേറ്റ്മെന്റ് തുടങ്ങിയ ഓരോ മാസത്തെയും ആദ്യ മൂന്ന് ഇടപാടുകള്‍ സൗജന്യമായിരിക്കും. ക്യാഷ് ഡെപ്പോസിറ്റ്, പണം പിന്‍വലിക്കല്‍ എന്നിവയ്ക്ക് 20 രൂപയും ജിഎസ്ടിയും മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിന് 5 രൂപയും ജിഎസ്ടിയും ആയിരിക്കും ചാര്‍ജ് ഈടാക്കുക.