ഓള്‍ഡ് മങ്കും റോയല്‍ ചലഞ്ചും അടക്കം പ്രമുഖ മദ്യ ബ്രാന്‍ഡുകളില്‍ 'വ്യാജ രുചി'; നിരോധനവുമായി FSSAI!

ചില നിര്‍മാതാക്കള്‍ മദ്യത്തിന് രുചിയും ഗന്ധവും ലഭിക്കാന്‍ കൃത്രിമ ഘടകങ്ങള്‍ നേരിട്ട് ചേര്‍ക്കുന്നതായി എഫ്എസ്എസ്എഐ കണ്ടെത്തി
indian alchohole
Published on

രാജ്യത്ത് ഏറെ വില്പനയുള്ള മദ്യ ബ്രാന്‍ഡുകളുടെ ചില വകഭേദങ്ങളുടെ വില്പന നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഓള്‍ഡ് മങ്ക് (Old Monk), ആന്റിക്വിറ്റി വിസ്‌കി (Antiquity Blue Whisky), റോയല്‍ ചലഞ്ചേഴ്‌സ് വിസ്‌കി (Royal Challenge Whisky), ബാഗ്‌പൈപ്പര്‍ ഡീലക്‌സ് വിസ്‌കി (Bagpiper Deluxe Whisky) തുടങ്ങിയ മദ്യ ബ്രാന്‍ഡുകളുടെ വില്പനയിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഈ ബ്രാന്‍ഡുകളുടെ ചില യൂണിറ്റുകളില്‍ ഉത്പാദിപ്പിച്ച ബാച്ചുകള്‍ക്കാണ് നിരോധനമെന്ന് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിരോധനം ഏതുരീതിയില്‍

യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ മധ്യപ്രദേശിലെ പ്ലാന്റില്‍ നിര്‍മിച്ച ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയല്‍ ചലഞ്ച് വിസ്‌കി എന്നിവയ്ക്കാണ് നിരോധനം. മറ്റ് പ്ലാന്റുകളില്‍ നിര്‍മിച്ചവയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇന്‍ബ്രൂ ബെവറേജസിന്റെ മധ്യപ്രദേശില്‍ നിര്‍മിച്ച ബാഗ്പൈപ്പര്‍ ഡീലക്‌സ് വിസ്‌കി, ഓള്‍ഡ് കാസ്‌ക് ഡീലക്‌സ് റം, മോഹന്‍ റോക്കി സ്പ്രിംഗ് വാട്ടര്‍ മഹാരാഷ്ട്രയിലെ യൂണിറ്റില്‍ നിര്‍മിച്ച ഓള്‍ഡ് മങ്ക് റമ്മിന്റെ മൂന്ന് വകഭേദങ്ങള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

ഈ നിര്‍ദ്ദിഷ്ട ഫാക്ടറികളില്‍ നിര്‍മിച്ച ബാച്ചുകള്‍ക്ക് മാത്രമാണോ അതോ രാജ്യത്തുടനീളം ഈ ബ്രാന്‍ഡുകള്‍ക്ക് നിരോധനം ബാധകമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല. വിഷയത്തില്‍ എഫ്എസ്എസ്എഐയോ ബന്ധപ്പെട്ട കമ്പനികളോ പ്രതികരിച്ചിട്ടില്ല.

എന്താണ് പ്രശ്‌നം?

ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ അനുസരിച്ച് മദ്യത്തില്‍ സ്വാഭാവിക രുചിവര്‍ധക ഘടകങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ചില നിര്‍മാതാക്കള്‍ മദ്യത്തിന് രുചിയും ഗന്ധവും ലഭിക്കാന്‍ കൃത്രിമ ഘടകങ്ങള്‍ നേരിട്ട് ചേര്‍ക്കുന്നതായി എഫ്എസ്എസ്എഐ കണ്ടെത്തി.

സ്വാഭാവിക ചേരുവകള്‍ക്ക് പകരം മദ്യ കമ്പനികള്‍ ഇത്തരം കൃത്രിമ ഘടകങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ വ്യാജ രുചിയും മണവും ഉണ്ടാക്കിയെടുക്കുകയാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി. ഇത് ഉത്പന്നങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യത്തിന് ഘാനികരമാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

ഏകദേശം 3.3 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയിലെ മദ്യവിപണി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണിത്. സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വിലക്കുറവുള്ള ആഭ്യന്തര ബ്രാന്‍ഡുകളാണ് ഇപ്പോള്‍ നടപടിക്ക് വിധേയമായിരിക്കുന്നത്.

FSSAI has barred the sale of select Old Monk, Royal Challenge and other liquor products after tests detected external artificial or nature-identical flavours

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com