നിങ്ങള്‍ കഴിക്കുന്ന പാക്കറ്റ് ഭക്ഷണത്തില്‍ ഉപ്പും മധുരവും അധികമാണോ? പാക്കറ്റില്‍ മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമാക്കാന്‍ എഫ്എസ്എസ്എഐ

വിഷയത്തില്‍ എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഓഗസ്റ്റ് 13ന് കോടതി എഫ്എസ്എസ്എഐയോട് നിര്‍ദേശിച്ചിരുന്നു.
നിങ്ങള്‍ കഴിക്കുന്ന പാക്കറ്റ് ഭക്ഷണത്തില്‍ ഉപ്പും മധുരവും അധികമാണോ? പാക്കറ്റില്‍ മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമാക്കാന്‍ എഫ്എസ്എസ്എഐ
Published on

പാക്കറ്റ് ഭക്ഷണങ്ങളിലും മധുരമുള്ള പാനീയങ്ങളിലും പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലാണെങ്കില്‍ മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിര്‍ദേശം. ഉല്‍പന്നത്തിന്റെ പാക്കറ്റിന്റെ മുന്‍വശത്ത് ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ചിഹ്നം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

'HIGH SUGAR', 'HIGH SALT', 'HIGH FAT' എന്നീ മുന്നറിയിപ്പുകളായിരിക്കും ഉല്‍പന്നങ്ങളില്‍ രേഖപ്പെടുത്തേണ്ടത്. ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ എളുപ്പത്തില്‍പ്പെടുന്നതിനായി സാധാരണ പോഷകവിവരങ്ങളേക്കാള്‍ വലിയ അക്ഷരത്തില്‍ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്നും എഫ്എസ്എസ്എഐ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ അന്തിമനിയമമായിട്ടില്ല. നിര്‍ദേശത്തിന്മേലുള്ള അഭിപ്രായങ്ങളും നിയമനടപടികളും പൂര്‍ത്തിയായശേഷമായിരിക്കും അന്തിമ തീരുമാനം.

പാക്കറ്റ് ഭക്ഷണങ്ങളുടെ മുന്‍വശത്ത് ആരോഗ്യ മുന്നറിയിപ്പ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഓഗസ്റ്റ് 13ന് കോടതി എഫ്എസ്എസ്എഐയോട് നിര്‍ദേശിച്ചിരുന്നു.

രണ്ടു ഘട്ടങ്ങളായി നടപ്പാക്കാന്‍ നിര്‍ദേശം

പുതിയ ലേബലിംഗ് സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് എഫ്എസ്എസ്എഐയുടെ പദ്ധതി. ആദ്യഘട്ടത്തില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷ്യോല്‍പന്നങ്ങളില്‍ ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് നിര്‍ബന്ധമാക്കും.

രണ്ടാംഘട്ടത്തില്‍ കൂടുതല്‍ പോഷകഘടകങ്ങളെ ഉള്‍പ്പെടുത്തി മുന്നറിയിപ്പ് സംവിധാനം വിപുലീകരിക്കാനാണ് നിര്‍ദേശം. ഏതെല്ലാം ഉല്‍പന്നങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നും പോഷകഘടകങ്ങളുടെ അനുവദനീയ പരിധി എത്രയായിരിക്കുമെന്നും അന്തിമ ചട്ടങ്ങളില്‍ വ്യക്തമാക്കേണ്ടിവരും.

സംസ്‌കരിച്ചതും പാക്കറ്റിലാക്കിയതുമായ ഭക്ഷണങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാകുമെങ്കിലും ഒറ്റ ഘടകം മാത്രമുള്ള അവശ്യവസ്തുക്കളെ മുന്നറിയിപ്പ് ലേബലില്‍നിന്ന് ഒഴിവാക്കാനാണ് നിലവിലെ നിര്‍ദേശം.

നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് ഇളവ് ലഭിച്ചേക്കും. ഇവയ്ക്ക് മുന്നറിയിപ്പ് ബാധകമാകുമോ എന്നതില്‍ അന്തിമ ചട്ടം പുറത്തിറങ്ങിയശേഷമേ വ്യക്തത ലഭിക്കൂ.

ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോള്‍ ഉല്‍പന്നത്തിലെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ ഉയര്‍ന്ന അളവ് ഉപഭോക്താക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

India’s FSSAI has proposed red front-of-pack warning labels for packaged foods high in specified levels of sugar, salt and fat

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com