യുക്രെയ്ന്‍ തന്ത്രത്തില്‍ കുടുങ്ങി റഷ്യ, ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയില്‍ നിന്ന് പെട്രോള്‍ വാങ്ങാന്‍ പുടിന്‍!

പെട്രോള്‍, ഡീസല്‍ ലഭ്യത കുറഞ്ഞതോടെ റഷ്യയില്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ടനിര പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
യുക്രെയ്ന്‍ തന്ത്രത്തില്‍ കുടുങ്ങി റഷ്യ, ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയില്‍ നിന്ന് പെട്രോള്‍ വാങ്ങാന്‍ പുടിന്‍!
Published on

ലോകത്തെ മുന്‍നിര ക്രൂഡ്ഓയില്‍ ഉത്പാദകരായിട്ടും ഇന്ധന ക്ഷാമത്താല്‍ വലഞ്ഞ് റഷ്യ. ആവശ്യത്തിലധികം എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശുദ്ധീകരണ ശാലകളിലേക്ക് യുക്രെയ്ന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യയ്ക്ക് തിരിച്ചടിയാകുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ ലഭ്യത കുറഞ്ഞതോടെ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ടനിര പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

ഇന്ധന ക്ഷാമം രൂക്ഷമായത് വിലക്കയറ്റത്തിനും വഴിയൊരുക്കുമെന്ന ഭയത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നടക്കം പെട്രോള്‍, ഡീസല്‍ ഇറക്കുമതി നടത്തി പ്രതിസന്ധി പരിഹരിക്കാനാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

റഷ്യയുടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളെക്കാള്‍ റിഫൈനറികളെ ലക്ഷ്യം വച്ചാണ് ഇപ്പോള്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നത്. നിരന്തര ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രധാനപ്പെട്ട റിഫൈനറികളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്തു. റിഫൈനറികളുടെ പ്രവര്‍ത്തനം തടസപ്പെട്ടതാണ് ക്രൂഡ് ശുദ്ധീകരണത്തെ ബാധിച്ചത്. അതേസമയം, റഷ്യയില്‍ നിന്നുള്ള ക്രൂഡ് കയറ്റുമതിയില്‍ കാര്യമായ തടസങ്ങളില്ല.

ഇന്ത്യയ്ക്ക് കോളടിക്കും

ക്രൂഡ് ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി നടത്താറുണ്ട്. ശുദ്ധീകരിച്ച എണ്ണയുടെ പ്രതിസന്ധി റഷ്യയെ ചിലപ്പോള്‍ വര്‍ഷങ്ങളോളം അലട്ടിയേക്കാമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ റഷ്യയ്ക്ക് ആശ്രയിക്കാന്‍ ഇന്ത്യയും ചൈനയും പോലെ കുറച്ചു രാജ്യങ്ങളാണുള്ളത്. ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്‍ റിഫൈനറി കപ്പാസിറ്റി കുറവാണ്. ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ ഉത്പന്നങ്ങള്‍ റഷ്യയ്ക്ക് വില്ക്കാനുള്ള അവസരമായി ഇതു മാറിയേക്കും.

ഇന്ത്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആവശ്യകതയുടെ 20 ശതമാനം കുറവാണ് ലഭ്യതയില്‍ ഉണ്ടായിരിക്കുന്നത്. യുക്രെയ്ന്‍ റിഫൈനറികളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇത് വീണ്ടും വര്‍ധിക്കും.

നിലവില്‍ ബെലാറസില്‍ നിന്ന് റഷ്യ പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രതിമാസം ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം ടണ്‍ വരെയാണ് ബെലാറസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇത് ആവശ്യമുള്ളതിന്റെ വളരെ ചെറിയ പങ്ക് മാത്രമാണ്. മറ്റൊരു അയല്‍രാജ്യമായ കസാക്കിസ്ഥാനില്‍ നിന്ന് പെട്രോള്‍ വാങ്ങാനും മോസ്‌കോ പദ്ധതിയിടുന്നുണ്ട്.

റഷ്യയെ സഹായിക്കുന്നവര ആക്രമിക്കുമെന്ന യുക്രെയ്‌നിന്റെ ഭീഷണി കസാക്കിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട്. അതേസമയം, എണ്ണ കയറ്റുമതിക്ക് റഷ്യന്‍ തുറമുഖങ്ങളെ ആശ്രയിക്കുന്ന അവര്‍ക്ക് ആവശ്യത്തോട് മുഖംതിരിക്കാനും പറ്റില്ല.

ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ശുദ്ധീകരിച്ച എണ്ണ വാങ്ങാന്‍ റഷ്യ തീരുമാനിച്ചാല്‍ നേട്ടങ്ങള്‍ പലതാണ്. റഷ്യന്‍ എണ്ണ കൂടുതല്‍ വിലകുറച്ച് ലഭിക്കാന്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം ശക്തമാക്കാം. ക്രൂഡ് കൊണ്ടുവരുന്ന കപ്പലുകളില്‍ ശുദ്ധീകരിച്ച എണ്ണ തിരിച്ചയച്ച് ചെലവ് ചുരുക്കാന്‍ സാധിക്കും. ഇന്ത്യന്‍ പൊതുമേഖല കമ്പനികള്‍ക്ക് കൂടുതല്‍ ലാഭകരമായി എണ്ണ വില്ക്കാനും സാധിക്കും.

Russia is considering importing refined petroleum products from India after Ukrainian drone attacks disrupted its refinery operations, causing domestic fuel shortages

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com