

രാജ്യത്ത് ഇന്ധനവിലയില്‍ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ വില ഇരട്ടിക്കടുത്ത് വര്‍ധിച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലും യുഎസിലും എണ്ണവില മാര്‍ച്ചില്‍ തന്നെ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്താന്‍ കേന്ദ്രം തയാറായിരുന്നില്ല.
ക്രൂഡ് വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ കടുത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ വിലവര്‍ധന ഇല്ലാതെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിപണിയില്‍ വലിയ ചലനമുണ്ടാക്കാതെ 4-5 രൂപ ലിറ്ററില്‍ ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ നീക്കം.
അതേസമയം, ഗാര്‍ഹിക എല്‍.പി.ജി വിലയില്‍ 40-50 രൂപ ഉയര്‍ത്തിയേക്കും. ഒറ്റയടിക്ക് ഉപയോക്താക്കളിലേക്ക് വിലവര്‍ധനയുടെ ഭാരം എത്തിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. 2022ന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിച്ചിരുന്നില്ല. എണ്ണവിലയുടെ കാര്യത്തില്‍ അടുത്ത ഏഴുദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ 120 ഡോളറിന് അടുത്തെത്തിയ ക്രൂഡ്ഓയില്‍ വില താഴുകയാണ്. യുദ്ധത്തിന് താല്ക്കാലികമായെങ്കിലും ശമനം ഉണ്ടായേക്കുമെന്നാണ് വാര്‍ത്തകളാണ് ക്രൂഡിലെ താഴ്ച്ചയ്ക്ക് കാരണം. ആഗോള തലത്തില്‍ ക്രൂഡിന്റെ ലഭ്യത ഉയര്‍ന്ന നിലയിലാണ്. ഡിമാന്‍ഡ് കുറഞ്ഞ നിലയിലുമാണ്. യുദ്ധത്തിന്റെ അവസ്ഥ മാറി സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ വില 70 ഡോളറിലേക്ക് താഴുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.
-ഒപെക് സഖ്യത്തില്‍ നിന്ന് യുഎഇ പിന്‍മാറിയത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണകരമാകും. കൂടുതല്‍ എണ്ണ വില്ക്കാനും ഉത്പാദിപ്പിക്കാനും യുഎഇയ്ക്ക് ഇനി നിയന്ത്രണങ്ങളില്ല. ഇന്ത്യ-യുഎഇ ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ്.
ഇരുരാജ്യങ്ങളും തമ്മില്‍ രൂപയില്‍ ഇടപാട് നടത്താന്‍ സാധിക്കുമെന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിനും ഗുണം ചെയ്യും. യുദ്ധം മാറി ഹോര്‍മൂസ് കടലിടുക്ക് ശാന്തമായ ശേഷം മാത്രമേ യുഎഇയുടെ നീക്കത്തിന്റെ ഫലം ഇന്ത്യയ്ക്ക് സാധിക്കൂ.
ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനും ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്. വിപണി വൈവിധ്യത്തിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ മറികടക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine