അദാനി കേസ്: ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ പേര് വന്ന ഈ ബാങ്കിന്റെ ഓഹരികളില്‍ ഇടിവ്

അദാനി കേസില്‍ സെബിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിയില്‍ രണ്ട് ശതമാനം ഇടിവ്. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാനായി തങ്ങളുടെ നിക്ഷേപ പങ്കാളിക്ക് വേണ്ടി ഓഫ്ഷോര്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചത് കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ സഹായത്തോടെയാണെന്ന് സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരികള്‍ ഇടിഞ്ഞത്. എന്‍.എസ്.ഇയില്‍ ബാങ്കിന്റെ ഓഹരികള്‍ 1737 രൂപ വരെയെത്തി.
ഹിന്‍ഡന്‍ബര്‍ഗിന്റെ നിക്ഷേപ പങ്കാളിക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതും നിയന്ത്രിച്ചിരുന്നതും കൊട്ടക്ക് മഹീന്ദ്ര ബാങ്കാണെന്നാണ് ആരോപണം. അദാനി ഗ്രൂപ്പ് ഓഹരികളുടെ ഷോര്‍ട്ട് സെല്ലിംഗിനായി ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്. ഹിന്‍ഡന്‍ബര്‍ഗിന് സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ കെ-ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നൊരു കമ്പനിയുടെയും പേരുണ്ട്. ഇത് കൊട്ടക് മഹീന്ദ്രയാണെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. സെബിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും എന്നാല്‍ ഇന്ത്യയില്‍ തന്നെയുള്ള കൊട്ടക്ക് ബാങ്കിന്റെ കാര്യത്തില്‍ സെബി ഒന്നും ചെയ്തില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ പറയുന്നു. ബാങ്കിന്റെ സ്ഥാപകന്‍ ഉദയ് കൊട്ടക്ക് 2017ല്‍ സെബിയുടെ കമ്മിറ്റി ഓണ്‍ കോര്‍പറേറ്റ് ഗവര്‍ണന്‍സിനെ നയിച്ച കാര്യം മറക്കരുത്. കേസിന്റെ അന്വേഷണ പരിധിയില്‍ നിന്നും ബാങ്കിനെ ഒഴിവാക്കിയത് പല ഇന്ത്യന്‍ വ്യവസായികളുടെയും പേര് പുറത്തുവരുമെന്ന് പേടിച്ചിട്ടാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
അതേസമയം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ തള്ളി കൊട്ടക്ക് മഹീന്ദ്ര ബാങ്കും രംഗത്തെത്തി. ഹിന്‍ഡന്‍ബര്‍ഗോ അവരുടെ നിക്ഷേപ പങ്കാളികളോ ഒരിക്കലും തങ്ങളുടെ ഉപയോക്താവ് ആയിരുന്നില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം.
Related Articles
Next Story
Videos
Share it