ആശുപത്രികള്‍ പ്രവര്‍ത്തന ലാഭത്തിലെത്താന്‍ കൂടുതല്‍ സമയമെടുക്കും; ഫണ്ടിംഗിലേക്ക് വെളിച്ചംവീശി പാനല്‍ ചര്‍ച്ച

ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ പങ്കെടുത്തവരുടെ ഫണ്ടിംഗ് സംബന്ധിച്ച സംശയങ്ങളും മറുപടികളും സെഷനെ സജീവമാക്കി
ആശുപത്രികള്‍ പ്രവര്‍ത്തന ലാഭത്തിലെത്താന്‍ കൂടുതല്‍ സമയമെടുക്കും; ഫണ്ടിംഗിലേക്ക് വെളിച്ചംവീശി പാനല്‍ ചര്‍ച്ച
Published on

ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ പണലഭ്യത വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ആശുപത്രികള്‍ ലാഭത്തിലെത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി.വി ജോയ്. ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ ഫണ്ടിംഗുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പത്തെ അപേക്ഷിച്ച് ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ കൂടുതല്‍ തല്പരരാണ്. കേരളത്തിലെ ആരോഗ്യരംഗത്തു വന്ന മാറ്റത്തിന്റെ പ്രതിഫലനമാണിതെന്നും പി.വി ജോയ് കൂട്ടിച്ചേര്‍ത്തു.

ബിസിനസ് നടക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ വായ്പകളേക്കാള്‍ കടം വാങ്ങുന്നതിനാണ് മുന്‍ഗണന നല്കുകയെന്ന് ഹീല്‍ മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ മാമന്‍ വ്യക്തമാക്കി. മുമ്പ് വായ്പ ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മെഡിക്കല്‍ മേഖലയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ താല്പര്യം ലിസ്റ്റ് ചെയ്ത ആശുപത്രി ചെയിനുകളില്‍ ആണെന്നും രാഹുല്‍ പറയുന്നു.

ഹെല്‍ത്ത്‌കെയര്‍ ബിസിനസില്‍ ഫണ്ടിംഗിന്റെ പ്രധാന്യത്തെക്കുറിച്ചാണ് ഐ.ഐ.എഫ്.എല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റിജോയ് മാഞ്ഞൂരാനും ബോബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് ഏബ്രഹാമും സംസാരിച്ചത്. ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ പങ്കെടുത്തവരുടെ ഫണ്ടിംഗ് സംബന്ധിച്ച സംശയങ്ങളും മറുപടികളും സെഷനെ സജീവമാക്കി. ഹുറൂണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അനസ് റഹ്‌മാന്‍ ജുനൈദ് പാനല്‍ ചര്‍ച്ച നിയന്ത്രിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com