കേരളത്തിന്റെ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ഫ്യൂസലേജിന് കേന്ദ്രസര്‍ക്കാരിന്റെ 100% ആദായനികുതി ഇളവ്

ഇക്കുറി 187 സ്റ്റാര്‍ട്ടപ്പുകളെയാണ് ഇന്ത്യയില്‍ നിന്ന് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്
A drone hovering around a farm, a certificate, Fuselage logo
https://fuselage.co.in/, Canva
Published on

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) നല്‍കുന്ന 80 ഐ.എ.സി നികുതി ഇളവിന് അര്‍ഹമായി കേരളത്തിന്റെ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ഫ്യൂസലേജ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. യോഗ്യരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി 100 ശതമാനം ആദായ നികുതി ഇളവ് ലഭിക്കുന്ന പദ്ധതിയാണിത്. സ്റ്റാര്‍ട്ടപ്പ് തുടങ്ങി ആദ്യ പത്ത് വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തേക്കാണ് ഈ ഇളവ് ലഭിക്കുന്നത്.

രാജ്യത്താകെ 187 സ്റ്റാര്‍ട്ടപ്പുകളെയാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും അതില്‍ ഒന്നാകാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഫ്യൂസലേജ് മാനേജിംഗ് ഡയറക്ടര്‍ ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. നികുതി ഇളവ് നല്‍കി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമത്തെ വ്യവസായ ലോകവും പ്രശംസിച്ചു. നികുതി ഭാരം അനുഭവിക്കാതെ വളരാനും പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് പോകാനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന നടപടിയാണിതെന്ന് ഇന്ത്യ എസ്.എം.ഇ ഫോറം പ്രസിഡന്റ് വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു.

ഇതോടെ ഫ്യൂസലേജിന് കുറഞ്ഞ ചെലവില്‍ ഡ്രോണുകളും ഡ്രോണ്‍ അധിഷ്ഠിത സേവനങ്ങളും കര്‍ഷകര്‍ക്കും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡ്രോണ്‍ സാങ്കേതിക വിദ്യ താഴേക്കിടയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പ്രിസിഷന്‍ ഫാമിംഗ്, വിദ്യാഭ്യാസ പരിശീലനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് 40-80 ശതമാനം വരെ സബ്‌സിഡിയും നല്‍കുന്നുണ്ട്. കൂടാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ഗവേഷണങ്ങളില്‍ നിക്ഷേപം നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതുവഴി പ്രതിരോധം, പ്രിസിഷന്‍ ഫാമിംഗ്, ലോജിസ്റ്റിക്‌സ്, വനവത്കരണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന്റെ ലക്ഷ്യങ്ങളെ സഹായിക്കാനാകുമെന്നും ഫ്യൂസലേജ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com