

ബംഗ്ലാദേശിന്റെ അക്ഷയഖനിയാണ് ഗാര്‍മെന്റ്‌സ് വ്യവസായം. രാജ്യത്തിന്റെ വിദേശ നാണ്യത്തിന്റെ 84 ശതമാനവും ലഭിക്കുന്നത് വസ്ത്ര വ്യവസായത്തില്‍ നിന്നാണ്. ഷേഖ് ഹസീനയുടെ ഭരണകാലം ഗാര്‍മെന്റ്‌സ് മേഖലയുടെ സുവര്‍ണകാലഘട്ടമായിരുന്നു. എന്നാല്‍ ഹസീനയെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പേര് പറഞ്ഞു സ്ഥാനഭ്രഷ്ടയാക്കിയതിനു പിന്നാലെ ടെക്‌സ്റ്റൈല്‍ രംഗം ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്.
കഴിഞ്ഞ കുറെ നാളുകളായി ഗാര്‍മെന്റ്‌സ് ഫാക്ടറികള്‍ പലതും അടച്ചു പൂട്ടപ്പെടുകയാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 76 ഗാര്‍മെന്റ്‌സ് ഫാക്ടറികളാണ് അടച്ചുപൂട്ടിയത്. 50,000ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇതിലേറെയും വനിതകളാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗാര്‍മെന്റ്‌സ് മേഖല തകര്‍ന്നു തരിപ്പണമാകുമെന്ന് ബംഗ്ലാദേശിലെ വ്യവസായികള്‍ മുന്നറിയിപ്പ് നല്കുന്നു.
ഒരുകാലത്ത് ഏഷ്യയിലെ ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മറവില്‍ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രത്തിനായി മുന്നിട്ടിറങ്ങിയതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു തുടങ്ങി. വിദേശ കമ്പനികള്‍ ഓര്‍ഡറുകള്‍ ബംഗ്ലാദേശില്‍ നിന്ന് പിന്‍വലിച്ചതോടെയാണ് ഗാര്‍മെന്റ്‌സ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നത്.
മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ മേഖലയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് വ്യവസായികളുടെ പരാതി. മേഖലയ്ക്ക് നല്കിയിരുന്ന സര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍ നിര്‍ത്തലാക്കുന്നത് തുടര്‍ന്നാല്‍ ഈ രംഗം തകര്‍ന്നു തരിപ്പണമാകുമെന്ന് ബംഗ്ലാദേശിലെ പ്രമുഖ സംരംഭകനായ ആനന്ദ ജലീല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫെസ്റ്റിവല്‍ സീസണുകളില്‍ ഗാര്‍മെന്റ്‌സ് മേഖലയ്ക്ക് സര്‍ക്കാരില്‍ നിന്ന് മുന്‍കാലങ്ങളില്‍ സഹായം ലഭിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് യൂനസ് വന്നതോടെ ഇതെല്ലാം റദ്ദാക്കി.
ഉയര്‍ന്ന വേതനത്തിനും ശമ്പള കുടിശികയ്ക്കും വേണ്ടി തൊഴിലാളികളുടെ സമരം ഗാര്‍മെന്റ്‌സ് രംഗത്ത് സ്ഥിരമായി മാറി. യന്ത്രവല്‍കൃത രീതിയിലേക്ക് മാറിയതോടെ നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ഇത് വലിയ തൊഴിലാളി രോഷത്തിനും കാരണമായിട്ടുണ്ട്. ഇന്ത്യ, വിയറ്റ്‌നാം, കംബോഡിയ തുടങ്ങി ഈ രംഗത്ത് ബംഗ്ലാദേശിന്റെ എതിരാളികളായ രാഷ്ട്രങ്ങളിലേക്ക് നിക്ഷേപങ്ങള്‍ കൂടുതലായി പോകുന്ന പ്രവണത തുടരുകയാണ്. ഇതും ബംഗ്ലാദേശിന് തിരിച്ചടിയായിട്ടുണ്ട്.
ബംഗ്ലാദേശിലെ വസ്ത്ര വ്യവസായ രംഗത്ത് പ്രതിസന്ധി രൂക്ഷമാകുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ഒഴിവാകുന്ന കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്കാണ് വരുന്നത്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹകരണം ലഭിക്കുന്നതും ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചയും ഇങ്ങോട്ടേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നു.
ബംഗ്ലാദേശില്‍ വീണ്ടും അട്ടിമറി നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഷേഖ് ഹസീനയെ വീഴ്ത്തി അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസ് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്രവും അതിക്രമങ്ങളും വര്‍ധിച്ചത് യൂനിസിന്റെ പിടിപ്പുകേടായിട്ടാണ് ജനങ്ങള്‍ വിലയിരുത്തുന്നത്.
അധികാരം യൂനിസില്‍ നിന്ന് പിടിച്ചെടുക്കാന്‍ സൈന്യം നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. വരും ദിവസങ്ങളില്‍ ബംഗ്ലാദേശ് പല നാടകീയ നീക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ചേക്കുമെന്നാണ് വിവരം. അയല്‍രാജ്യത്തെ നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine