

ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് സെബി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ നിക്ഷേപകരോട് വിശദീകരണവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ മാത്രം ലക്ഷ്യം വെച്ചായിരുന്നില്ലെന്ന് ഗൗതം അദാനി പറയുന്നു. ആഗോള വളര്‍ച്ച ലക്ഷ്യമിടുന്ന എല്ലാ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇത് ഭീഷണിയായി. എന്നാല്‍ ദുര്‍ബലപ്പെടുത്താനായി ചെയ്തത് അദാനി ഗ്രൂപ്പ് കമ്പനികളെ കൂടുതല്‍ ശക്തമാക്കിയെന്നും അദ്ദേഹം കുറിച്ചു.
വിവാദ റിപ്പോര്‍ട്ടില്‍ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് രാജ്യത്തോട് മാപ്പ് പറയണമെന്ന് ഗൗതം അദാനി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നിക്ഷേപകര്‍ക്കും അദ്ദേഹം കത്തെഴുതിയത്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന 2023 ജനുവരി 24നെ ഇന്ത്യന്‍ വിപണിയിലെ ഒരു നാഴികക്കല്ലായി ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷമായി അദാനി ഗ്രൂപ്പിന് മുകളില്‍ കരിനിഴലായി നിന്നിരുന്ന ആരോപണങ്ങള്‍ക്ക് വ്യക്തത വന്നിരിക്കുകയാണ്. ഹിന്‍ഡെന്‍ബെര്‍ഗ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് സെബി വ്യക്തമാക്കി കഴിഞ്ഞെന്നും അദാനി പറയുന്നു.
അദാനി ഗ്രൂപ്പ് തെറ്റായ വിവരങ്ങള്‍ നല്‍കി കണക്കുകളിലും ഓഹരി വിലയിലും കൃത്രിമം നടത്തിയെന്നും കടലാസ് കമ്പനികള്‍ വഴി തട്ടിപ്പിലേര്‍പ്പെട്ടുവെന്നുമാണ് ഹിന്‍ഡെന്‍ബെര്‍ഗ് പ്രധാനമായും ആരോപിച്ചിരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ സെബി 2012-13 കാലഘട്ടം മുതലുള്ള കണക്കുകള്‍ പരിശോധിക്കുകും നിരവധി പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്പനികള്‍ തമ്മില്‍ നടത്തിയ പണമിടപാടുകള്‍ തട്ടിപ്പായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു സെബിയുടെ കണ്ടെത്തല്‍. എന്നാല്‍ അദാനി ഗ്രൂപ്പിനെതിരെ ഇനിയും പന്ത്രണ്ടോളം പരാതികളില്‍ സെബി അന്വേഷണം നടത്തുകയാണെന്ന് അടുത്തിടെ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണങ്ങള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 150 ബില്യന്‍ ഡോളറിന്റെ ( ഏകദേശം 13 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായെന്നാണ് കണക്ക്. കൂടാതെ ഓഹരി വിപണി നിയന്ത്രകരായ സെബിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ ഹിന്‍ഡെന്‍ബെര്‍ഗ് വിഷയത്തില്‍ സെബി ക്ലീന്‍ചിറ്റ് നല്‍കിയതോടെ കുറച്ച് ദിവസങ്ങളായി അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. പല കമ്പനികള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച ഹിന്‍ഡെന്‍ബെര്‍ഗ് കഴിഞ്ഞ ജനുവരിയില്‍ അടച്ചുപൂട്ടുകയും ചെയ്തു.
Gautam Adani has called the Hindenburg report a direct attack on Indian enterprise and growth ambitions. He emphasised resilience, reforms, and investor confidence in India’s markets.
Read DhanamOnline in English
Subscribe to Dhanam Magazine