Forbes 100 Richest Indians: ഒന്നാമന്‍ അദാനി, യൂസഫലി മൂപ്പത്തഞ്ചാം സ്ഥാനത്ത്

രാജ്യത്തെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ്. 1,211,460.11 കോടി രൂപയുടെ ആസ്തിയുമായി (150 ബില്യണ്‍ ഡോളര്‍) ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമത്. ഫോബ്‌സിന്റെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ അദാനി ഒന്നാമതെത്തുന്നത് ഇത് ആദ്യമാണ്. പട്ടികയില്‍ ആദ്യ 100ല്‍ ഇടംപിടിച്ചവരുടെയെല്ലാം ചേര്‍ത്ത്, ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 800 ബില്യണ്‍ ഡോളറിലെത്തി.

ആസ്തി ഇരട്ടിയാക്കിയ അദാനിയുടെ സംഭാവനയാണ് ഇതില്‍ വലിയൊരു പങ്കും. ആഗോള തലത്തില്‍ ശതകോടീശ്വപട്ടികയില്‍ മൂന്നാമനാണ് അദാനി. 710,723.26 കോടി രൂപയുടെ (88 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ രണ്ടാമതാണ്. പട്ടികയിലുള്ളവരുടെ ആകെ ആസ്തിയുടെ 30 ശതമാനവും അദാനിയുടെയും അംബാനിയുടെയും വകയാണ്. അതേ സമയം ഈ വര്‍ഷം അംബാനിയുടെ ആസ്തിയില്‍ രണ്ട് ശതമാനത്തിന്റെ ഇടിവുണ്ടായി.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഡിമാര്‍ട്ടിന്റെ ഉടമ രാധാകൃഷ്ണന്‍ ധമാനി ആണ് മൂന്നാം സ്ഥാനത്ത്. 222,908.66 കോടി രൂപയാണ് (27.6 ബില്യണ്‍ ഡോളര്‍) ധമാനിയുടെ ആസ്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാലെയാണ് ( 173,642.62 കോടി രൂപ/24.5 ബില്യണ്‍ ഡോളര്‍) പട്ടികയില്‍ നാലാമന്‍. അഞ്ചാം സ്ഥാനം 172,834.97 കോടി രൂപയുടെ ( 21.4 ബില്യണ്‍ ഡോളര്‍)ആസ്തിയുള്ള എച്ച്‌സിഎല്‍ ടെക്‌നോളജീസ് എമിരറ്റസ് ചെയര്‍മാന്‍ ശിവ് നാടാറിനാണ്. പട്ടികില്‍ ആറാമതായി ഇടം നേടിയ സാവിത്രി ജിന്‍ഡാല്‍ ആണ് ആദ്യ പത്തിലുള്ള ഏക വനിത. ഒപി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ എമിരറ്റസ് ചെയര്‍പേഴ്‌സണായ സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 132,452.97 കോടി രൂപയാണ് (16.4 ബില്യണ്‍ ഡോളര്‍)

ദിലീപ് സാംഗ്‌വി- 125,184.21 കോടി രൂപ ($ 15.5 b), ഹിന്ദുജ ബ്രദേഴ്‌സ് - 12,761.29 കോടി രൂപ ($ 15.2 b) , കുമാന്‍ ബിര്‍ള- 121,146.01 കോടി രൂപ ($ 15 b), ബജാജ് ഫാമിലി- 117,915.45 കോടി രൂപ( $14.6 b) എന്നിവരാണ് യഥാക്രമം 7-10 സ്ഥാനങ്ങളില്‍.

മലയാളികളില്‍ മുന്നില്‍ യൂസഫലി

ലുലു ഗ്രൂപ്പിന്റെ എംഎ യൂസഫലി ആണ് മലയാളി സമ്പന്നരില്‍ ഒന്നാമന്‍. 43,612.56 കോടി രൂപ അഥവ 5.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള യൂസഫലി പട്ടികയില്‍ 35ആം സ്ഥാനത്താണ്. 5 മലയാളികളാണ് പട്ടികയില്‍ ഇടം നേടിയത്. നാല്‍പ്പത്തഞ്ചാം സ്ഥാനത്തുള്ള മൂത്തൂറ്റ് കുടുംബം ആണ് (മുത്തൂറ്റ് ഫിനാന്‍സ്) ആണ് യൂസഫലിയെ കൂടാതെ ആദ്യ അമ്പതിലുള്ള മലയാളി സാന്നിധ്യം. 32,709.42 കോടി രൂപയാണ് ( 4.05 ബില്യണ്‍ ഡോളര്‍) ആണ് മുത്തൂറ്റ് കുടുംബത്തിന്റെ ആസ്തി.

പട്ടികയില്‍ ഇടം നേടിയ മലയാളികള്‍

  • ബൈജു രവീന്ദ്രന്‍& ദിവ്യ ഗോകുല്‍നാഥ് (54)- 29,075.04 കോടി രൂപ ($ 3.6 b)
  • ജോയി ആലുക്കാസ് (69)- 25,036.84 ($3.1 b)
  • ക്രിസ് ഗോപാലകൃഷ്ണന്‍ (71)- 24,633.02 കോടി രൂപ ($3.05 d)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it