

15 മാസത്തിലെ യുദ്ധത്തിന് ശേഷം ഗസ നാളെ സമാധാനത്തിന്റെ പുലരിയിലേക്ക്. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ പാര്‍ലമെന്റ് അംഗീകരിച്ചതോടെ ഞായറാഴ്ച പുലര്‍ച്ചെ വെടിനിര്‍ത്തല്‍ നിലവില്‍ വരും. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ വിജയിച്ചതോടെ ഗസയിലെ സമാധാന അന്തരീക്ഷം ആഗോള വ്യാപാര, വാണിജ്യ മേഖലകളില്‍ ശുഭകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പെട്രോളിയം, ഓഹരി വിപണി, കറന്‍സി ട്രേഡിംഗ്, കമ്മോഡിറ്റി മാര്‍ക്കറ്റ്, ലോജിസ്റ്റിക്‌സ്, ടൂറിസം മേഖലകളില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഗസയിലെ സമാധാനം കാരണമാകും. പലസ്തീന്റെ അതിര്‍ത്തിയിലുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ എണ്ണ ഖനന മേഖല കൂടുതല്‍ സജീവമാകും. ഉല്‍പാദനവും വിതരണവും കൂടുന്നതിനും അതുവഴി വിലകളില്‍ സ്ഥിരതയുണ്ടാകുന്നതിനും സഹായിക്കും. ജിയോ പൊളിറ്റിക്കല്‍ അസ്ഥിരത മൂലമുള്ള റിസ്‌ക് പ്രീമിയം എല്ലാ മേഖലയിലും കുറയാനും പുതിയ സാഹചര്യം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഓഹരി വിപണി ഉള്‍പ്പടെയുള്ള നിക്ഷേപ മേഖലകളില്‍ ആത്മവിശ്വാസം വര്‍ധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയാണെങ്കില്‍ വിവിധ രാജ്യങ്ങളിലെ സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ തകര്‍ച്ചയില്‍ നിന്ന് തിരിച്ചു കയറുമെന്നാണ് കണക്കാക്കുന്നത്. മിഡില്‍ ഈസ്റ്റ് ഓഹരി വിപണികളില്‍ നിക്ഷേപം വര്‍ധിക്കാനും സാധ്യത കാണുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍, ആഗോള വ്യാപാര കമ്പനികള്‍ക്കും മെച്ചമാകും.
സമാധാന അന്തരീക്ഷത്തില്‍ ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികള്‍ സ്ഥിരത നേടുകയോ ശക്തിപ്പെടുകയോടെ ചെയ്യാമെന്നാണ് വിലയിരുത്തല്‍. ഇതര രാജ്യങ്ങളുടെ കറന്‍സികളിലും ട്രേഡിംഗ് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. സുരക്ഷിത നിക്ഷേപങ്ങളായി കരുതുന്ന ഡോളര്‍, സ്വര്‍ണം എന്നിവക്ക് ഇത് ഭീഷണിയാകും. കമ്മോഡിറ്റി മാര്‍ക്കറ്റിലും ആത്മവിശ്വാസം വര്‍ധിപ്പിക്കാം. ചരക്ക് നീക്കം സജീവമാകുന്നതോടെ വിപണി സജീവമാകുമെന്നത് നിക്ഷേപകര്‍ക്ക് ഗുണകരമാകും. മെറ്റല്‍, ധാന്യങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വിലകളില്‍ മാറ്റങ്ങള്‍ക്കും ഇത് കാരണമാകും. അസംസ്‌കൃത വസ്തുക്കളുടെ ചരക്ക് നീക്കം വര്‍ധിക്കുന്നത് ഉല്‍പ്പാദനമേഖലയിലും ചലനങ്ങളുണ്ടാക്കും.
മിഡില്‍ ഈസ്റ്റിലെ ടൂറിസം മേഖലയും പ്രതീക്ഷയോടെയാണ് വെടിനിര്‍ത്തലിനെ കാണുന്നത്. യുദ്ധത്തിന്റെ ഭയാശങ്കകള്‍ മാറുന്നത് വിനോദസഞ്ചാരികളെ സന്തോഷിപ്പിക്കും. ഇസ്രായേലിലും പലസ്തീനിലും വിനോദസഞ്ചാരമേഖല ഉണരുന്നത് ആഗോള തലത്തില്‍ ട്രാവല്‍,എവിയേഷന്‍ വിപണികളെ സജീവമാക്കാം.
വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗസയുടെ പുനര്‍നിര്‍മാണം റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്‌സ് രംഗത്ത് പുതിയ സാധ്യതകള്‍ തുറക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികള്‍ ഇതിന്റെ ഗുണഭോക്താക്കളാകാനുള്ള സാധ്യതകളും ഉയരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine