വളര്‍ച്ച 6.5-7 ശതമാനം; ഇന്ത്യയുടെ മുന്നേറ്റത്തില്‍ മൂലധന വിപണിക്ക് വലിയ പങ്ക് -സാമ്പത്തിക സര്‍വേ
ഇന്ത്യയുടെ മുന്നേറ്റ കഥയില്‍ മൂലധന വിപണിക്ക് പ്രാമുഖ്യം ഏറി വരുന്നതായി സാമ്പത്തിക സര്‍വേ. സാങ്കേതിക വിദ്യ, ഡിജിറ്റല്‍വല്‍ക്കരണം, കണ്ടുപിടിത്തങ്ങള്‍ എന്നിവയെല്ലാം വഴി നിക്ഷേപം, മൂലധന രൂപീകരണം എന്നിവയില്‍ മൂലധന വിപണിയുടെ പങ്ക് വിപുലപ്പെടുകയാണ്. ആഗോള രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കുന്നതില്‍ ഇന്ത്യന്‍ വിപണികള്‍ കൂടുതല്‍ കരുത്ത് കാട്ടുന്നു. വളര്‍ന്നു വരുന്ന വിപണികളില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന വിപണികളിലൊന്ന് ഇന്ത്യയുടേതാണ്. പലിശ നിരക്ക് ഉയരുന്നതിനും സാധന വിലകള്‍ ചാഞ്ചാടുന്നതിനും ഇടയില്‍ തന്നെയാണിത്. സെന്‍സെക്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ശതമാനമാണ് ഉയര്‍ന്നത്. മുന്നേറ്റം നടപ്പു വര്‍ഷവും തുടരുകയാണ്. ഇതാദ്യമായി സെന്‍സെക്‌സ് 80,000 പോയന്റ് മറികടന്നു. ആഭ്യന്തരമായ വിശാല സാമ്പത്തിക സൂചികകള്‍ ശക്തമായതിനൊപ്പം ആഭ്യന്തര നിക്ഷേപ അടിത്തറ വിപുലപ്പെടുന്നതും ഈ മുന്നേറ്റത്തില്‍ പ്രധാന ഘടകങ്ങളാണ്.