

സ്വര്‍ണം എന്നുവെച്ചാല്‍ ഒരുകാലത്ത് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് അത് ആഭരണവും സമ്പത്തിന്റെ അടയാളവും വിവാഹങ്ങളുടെ അവിഭാജ്യ ഘടകവുമായിരുന്നു. എന്നാല്‍ ആ കാഴ്ചപ്പാട് അതിവേഗം മാറുകയാണ്. കഴുത്തിലണിയാനുള്ള ആഭരണത്തേക്കാള്‍ മൊബൈല്‍ ഫോണിലൂടെ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ഡിജിറ്റല്‍ നിക്ഷേപമായാണ് പുതിയ തലമുറ സ്വര്‍ണത്തെ കാണുന്നത്. ഇന്ത്യന്‍ സ്വര്‍ണവിപണിയുടെ ഭാവിയെ തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഈ തലമുറമാറ്റത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ സ്വര്‍ണിം ഉഡാണ്‍ 2047 (Swarnim Udaan 2047) റിപ്പോര്‍ട്ട്.
1997നും 2012നും ഇടയില്‍ ജനിച്ച ജെന്‍ സീ തലമുറയ്ക്ക് സ്വര്‍ണം വെറും ആഭരണമല്ല. ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് (ETF), മറ്റ് സാങ്കേതികവിദ്യാധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിവയോടാണ് കൂടുതല്‍ താത്പര്യം. വാങ്ങുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് ഷോറൂമിലെത്തി തീരുമാനമെടുക്കുന്ന പ്രവണതയും ഈ തലമുറയില്‍ ശക്തമാണ്.
2035ഓടെ ജെന്‍ സീ തലമുറയുടെ ഉപഭോഗശേഷി രണ്ട് ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സ്വര്‍ണവിപണിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇവരുടെ പങ്ക് നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇന്ത്യയിലെ വീടുകളില്‍ നിലവില്‍ 31,000 ടണ്ണിലധികം സ്വര്‍ണശേഖരമുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. ഏകദേശം 315 ലക്ഷം കോടി രൂപ (3.4 ട്രില്യണ്‍ ഡോളര്‍) മൂല്യമുള്ള ഈ സ്വത്ത് കൂടുതലായും വീടുകളിലും ബാങ്ക് ലോക്കറുകളിലുമായി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഈ സ്വര്‍ണത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ഉപയോഗിക്കപ്പെട്ടാല്‍ രാജ്യത്തെ പണലഭ്യത മെച്ചപ്പെടുത്താനും സ്വര്‍ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണത്തെ ആഭരണ വ്യവസായത്തിന്റെ പരിധിയില്‍ ഒതുക്കാതെ സമഗ്ര സാമ്പത്തിക ആസ്തിയായി കാണേണ്ട സമയമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതികള്‍, റീസൈക്ലിംഗ് ശൃംഖലകള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, ബുള്ളിയന്‍ ബാങ്കിംഗ് എന്നിവയെ ഏകോപിപ്പിച്ചുള്ള ഒരു ശക്തമായ സ്വര്‍ണത്തില്‍ അധിഷ്ടിതമായ മാറ്റം രാജ്യത്തിന് ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈ വര്‍ഷം സ്വര്‍ണവില റെക്കോര്‍ഡ് ഉയരങ്ങളിലെത്തിയതോടെ ഉപഭോക്താക്കളുടെ വാങ്ങല്‍ രീതിയും മാറി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡ് ആറു ശതമാനം കുറഞ്ഞ് 131 ടണ്ണായി. എന്നാല്‍ ഉയര്‍ന്ന വില കാരണം വാങ്ങിയ സ്വര്‍ണത്തിന്റെ ആകെ മൂല്യം 50 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് 1.98 ലക്ഷം കോടി രൂപയായി.
ഭാരം കുറഞ്ഞ ആഭരണങ്ങള്‍, കുറഞ്ഞ കാരറ്റ് ആഭരണങ്ങള്‍, സ്റ്റഡ്ഡ് ഡിസൈനുകള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരുണ്ടായത്. പഴയ ആഭരണങ്ങള്‍ മാറ്റി പുതിയവ വാങ്ങുന്ന എക്സ്ചേഞ്ച് ഇടപാടുകളും വര്‍ധിച്ചു.
സ്വര്‍ണ ബാറുകളുടെയും കോയിനുകളുടെയും വാങ്ങല്‍ വേഗം കുറഞ്ഞെങ്കിലും ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം തുടരുകയാണ്. അതേസമയം സ്വര്‍ണം വിറ്റഴിക്കുന്നതിന് പകരം അതിന്‍മേല്‍ വായ്പയെടുക്കുന്ന പ്രവണത ശക്തമാകുകയാണ്. ബാങ്കുകളുടെ സ്വര്‍ണപ്പണയ വായ്പകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി 5.1 ലക്ഷം കോടി രൂപയിലെത്തി. നോണ്‍-ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളുടെ ഗോള്‍ഡ് ലോണ്‍ പോര്‍ട്ട്ഫോളിയോയും 3.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
സ്വര്‍ണമേഖലയിലെ നയരൂപീകരണവും ഏകോപനവും ശക്തിപ്പെടുത്താന്‍ ദേശീയ ഗോള്‍ഡ് ബോര്‍ഡ് (National Gold Board) രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine