മോദിയുടെ എണ്ണ പ്ലാനിന് മിഡില്‍ ഈസ്റ്റ് സ്‌ട്രൈക്ക്; കേന്ദ്രത്തിന്റെ പ്ലാന്‍ ബി നടന്നേക്കില്ല

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കും മുമ്പേ ഇന്ധന വില കുറയ്ക്കാനുള്ള നീക്കത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. അസംസ്‌കൃ എണ്ണ വിലയിടിവിന്റെ നേട്ടം പൊതുജനങ്ങളിലേക്കും പകര്‍ന്ന് വോട്ടുറപ്പിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി. ഒക്ടോബര്‍ ആദ്യവാരം എണ്ണവില അഞ്ചുരൂപ വരെ കുറയ്ക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇറാന്‍ എതിരാളികളായ ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം നടത്തുന്നത്.

അതോടെ 70 ഡോളര്‍ പരിസരത്തായിരുന്ന ക്രൂഡ്ഓയില്‍ വില 80ന് അടുത്തെത്തി. ഈ ആക്രമണത്തിന്റെ ചൂടാറിയതോടെ എണ്ണവില വീണ്ടും താഴേക്ക് പോയി. മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിംഗ് ബൂത്തിലെത്തും മുമ്പേ വില കുറയ്ക്കാന്‍ സാധ്യത തേടുമ്പോഴാണ് ഇസ്രയേല്‍ ഇപ്പോള്‍ ഇറാനിലേക്ക് റോക്കറ്റുകള്‍ തൊടുത്തിരിക്കുന്നത്. കുറഞ്ഞു നിന്നിരുന്ന ക്രൂഡ് വില വീണ്ടും ഉയരാന്‍ ഇതു കാരണമായി.

ക്രൂഡ് വീണ്ടും ഉയരുന്നു

ഇസ്രയേലിന്റെ ആക്രമണവിവരം പുറത്തു വന്നതോടെ ബ്രെന്റ് ക്രൂഡ് വില രണ്ട് ഡോളറോളം ഉയര്‍ന്നു. വില ഇനിയും കൂടുമെന്നാണ് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഇറാന്‍ തിരിച്ചടിക്ക് മുതിരുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത് എണ്ണ വിതരണത്തിന് തടസമുണ്ടായേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇറാനിലെ ഓയില്‍പ്പാടങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുന്നുവെന്ന വാര്‍ത്ത കുറച്ചുദിവസമായി അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യ കാര്യമായി ഉപയോഗിക്കുന്നില്ലെങ്കിലും ആക്രമണമുണ്ടായാല്‍ എണ്ണവില കുതിക്കുമെന്നുറപ്പാണ്.

ഇറാനില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടാല്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണ ലഭ്യതയ്ക്ക് കുറവുവരും. ഇത് വില ക്രമാതീതമായി ഉയരാന്‍ കാരണാകും. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഡിസംബര്‍ വരെ ഉത്പാദനം വര്‍ധിപ്പിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മധ്യേഷയില്‍ ഉണ്ടാകുന്ന ഏതൊരു ചലനങ്ങളും ആദ്യം ബാധിക്കുക എണ്ണവിലയിലാണ്. ഇന്ത്യയെ സംബന്ധിച്ച് എണ്ണലഭ്യത കുറയുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും.

ഇന്ത്യയുടെ ആവശ്യകത ഉയരും

ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ എണ്ണ ആവശ്യകതയില്‍ 4 ശതമാനം വര്‍ധന ഉണ്ടാകുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ എസ്ആര്‍ഡ്പി ഗ്ലോബലിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാജ്യത്തെ ഡീസല്‍ ആവശ്യകതയില്‍ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ഉത്സവകാലം അടുത്തതിനാല്‍ നവംബറിലും ഡിസംബറിലും ഡിമാന്‍ഡ് ഉയരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജനങ്ങളുടെ ചെലവിടല്‍ കൂടുമെന്നത് വിപണിക്ക് അനുകൂല ഘടകമാണ്.
Related Articles
Next Story
Videos
Share it