Begin typing your search above and press return to search.
വേഗം ജര്‍മ്മനിയിലേക്ക് വരൂ, തൊഴില്‍ റെഡി; തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം
ജര്‍മ്മനിയില്‍ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കേ വിദ്യാര്‍ത്ഥി വീസ പ്രക്രിയ വേഗത്തിലാക്കാന്‍ യൂണിവേഴ്‌സിറ്റികളും വ്യവസായ മേഖലകളിലെ മുന്‍നിര കമ്പനികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വേഗത്തിലുള്ള വീസ അനുവദിക്കല്‍ ആവശ്യമാണെന്നാണ് ബിസിനസ് ലോകത്തിന്റെ ആവശ്യം.
ജര്‍മ്മനിയില്‍ വിവിധ രംഗങ്ങളെ തൊഴിലാളി ക്ഷാമം വലയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുന്ന നിലപാടുമായി യൂണിവേഴ്‌സിറ്റികള്‍ അടക്കം രംഗത്തു വന്നിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതു വഴി തൊഴിലാളി ലഭ്യത കൂട്ടാമെന്നാണ് പ്രതീക്ഷ.
ജര്‍മ്മന്‍ അക്കാഡമിക് എക്‌സ്‌ചേഞ്ച് സര്‍വീസിന്റെ കണക്കനുസരിച്ച് 2024-25 ശൈത്യകാല സെമസ്റ്ററില്‍ വിദേശവിദ്യാര്‍ത്ഥികളുടെ വരവ് റിക്കോര്‍ഡ് തലത്തിലെത്തിയിരുന്നു. 4,05,000 വിദ്യാര്‍ത്ഥികളാണ് ഈ കാലയളവിലെത്തിയത്. ഇന്ത്യ, ചൈന, സിറിയ, ഓസ്ട്രിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരെത്തിയത്. പരിശീലനം ലഭിച്ച വിദേശ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം വിവിധ തൊഴില്‍മേഖലകളിലെ തൊഴിലാളിക്ഷാമം ഒരുപരിധിവരെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.
ജര്‍മനിയില്‍ ആവസരങ്ങളേറെ
ജര്‍മനിയിലേക്ക് തൊഴില്‍ തേടുന്നവരെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി ഭാഷയാണ്. ഈ കടമ്പ മറികടക്കാന്‍ ജര്‍മന്‍ ഭാഷ ക്ലാസുകള്‍ സര്‍ക്കാര്‍ തന്നെ നടത്താനുള്ള നീക്കവുമുണ്ട്. ദീര്‍ഘകാല തൊഴില്‍ വീസ അനുവദിക്കുന്നതിന് എടുത്തിരുന്ന കാലതാമസം അടുത്തിടെ ജര്‍മനി കുറച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് മുമ്പ് 9 മാസം വരെയെടുത്തിരുന്ന വീസ പ്രക്രിയയാണ് കേവലം രണ്ടാഴ്ചയാക്കി കുറച്ചത്. 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 1.37 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്നുണ്ട്. 2015ല്‍ ഇത് വെറും 23,000 മാത്രമായിരുന്നു.
ഒഴിവുകള്‍ നികത്താന്‍ വൈകുന്നത് മൂന്നു വര്‍ഷം കൊണ്ട് ജര്‍മന്‍ സമ്പദ് വ്യവസ്ഥക്ക് 7,400 കോടി യൂറോയുടെ (6.82 ലക്ഷം കോടിയോളം രൂപ) നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജൂണ്‍ വരെ 80,000 വര്‍ക്ക് വീസ ജര്‍മനി നല്‍കിയിട്ടുണ്ടെന്നാണ് ഫെഡറല്‍ ഫോറിന്‍ ഓഫീസിന്റെ കണക്ക്. ഇതില്‍ പകുതി വിദഗ്ധ തൊഴിലാളികളാണ്.
Next Story
Videos