ജര്‍മ്മനിക്ക് വേണം 5 ലക്ഷം നഴ്സുമാരെ; മലയാളികള്‍ക്ക് സുവര്‍ണാവസരം
യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനി 5 ലക്ഷം നഴ്സുമാരെ തേടുന്നു. തൊഴില്‍, ഭാഷാപരിജ്ഞാനം എന്നിവയില്‍ മുന്നിട്ടുനില്‍ക്കുന്ന മലയാളി നഴ്സുമാര്‍ക്ക് സുവര്‍ണാവസരമാണിതെന്നാണ് വിലയിരുത്തലുകള്‍. 2030ഓടെ ഏകദേശം അഞ്ച് ലക്ഷം നഴ്സുമാരുടെ നിയമനം നടത്താനൊരുങ്ങുകയാണ് രാജ്യം. ജര്‍മ്മനിയിലേക്ക് പേകാന്‍ സഹായിക്കുന്ന മികച്ചൊരു പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം.
മുന്നില്‍ കേരളം
ജര്‍മ്മനിലേക്ക് യോഗ്യതയുള്ള നഴ്സുമാരുടെ നിയമനം നടത്തുന്നതിനായി ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഇന്റര്‍നാഷണല്‍ പ്ലേസ്മെന്റ് സര്‍വീസസും (ZAV) ഡച്ച് ഗെസെല്‍ഷാഫ്റ്റ് ഫ്യൂര്‍ ഇന്റര്‍നാഷണല്‍ സുസമ്മെനാര്‍ബെയ്റ്റ് (GIZ) ജി.എം.ബി.എച്ചും ചേര്‍ന്ന് 2013ല്‍ ആരംഭിച്ച പദ്ധതിയാണ് 'ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം'.
ഈ പദ്ധതി വഴി ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബോസ്‌നിയ, ഹെര്‍സഗോവിന, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി നേഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ ജോലി ലഭിച്ചു. ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ ജര്‍മ്മനിയില്‍ പോയവരില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും നോര്‍ക്ക റൂട്ട്സും തമ്മിലുള്ള കരാറിന് കീഴിലാണ് ഇവര്‍ക്ക് അവിടെ ജോലി ലഭിച്ചത്.
ജര്‍മ്മനിയിലേക്കുമുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റിനെ നോര്‍ക്ക റൂട്ട്‌സ് ഈ കരാറിലൂടെ ജനകീയമാക്കി. ജര്‍മ്മനിയിലേക്ക് ഇത്തരില്‍ പോകുന്ന നഴ്സുമാര്‍ക്ക് വേണ്ട പരിശീലനവും പിന്തുണയും ഈ കരാറിന് കീഴില്‍ ലഭ്യമാക്കിവരുന്നു. ജര്‍മ്മനിയിലെ 27 ഇടങ്ങളിലായി 33 സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്.