ജര്‍മനി ലക്ഷ്യമിടുന്നവര്‍ക്ക് അവസരങ്ങള്‍ ഉയര്‍ത്തി ഇന്ത്യയുടെ പുതിയ കരാര്‍
കുടിയേറ്റം, മൊബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവ സംബന്ധിച്ച കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ജര്‍മനിയും. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് കരാറിന് രൂപം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് രണ്ട് രാജ്യങ്ങളിലൂടെയുമുള്ള സഞ്ചാരം എളുപ്പമാക്കുന്നതാണ് കരാര്‍. ജര്‍മനിയിലേക്ക് പോവുന്ന ഇന്ത്യക്കാര്‍ നേരിടുന്ന വിസ പ്രശ്‌നങ്ങള്‍ കരാറിലൂടെ കുറയുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ പറഞ്ഞു.
ഇന്ത്യന്‍-ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേപോലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കരാര്‍ സഹായിക്കും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറെപ്പിന്റെ ഭാഗമായി ഒരു കോഴ്‌സ് ജര്‍മനി ആരംഭിക്കും. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച്, സ്റ്റഡി ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാനുള്ള അവസരവും കരാറിന്റെ ഭാഗമാണ്. കഴിഞ്ഞ മെയ് മാസം പ്രധാനമന്ത്രി നരേന്ദ്ര്‌മോദി ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയുന്നു.
ആദ്യമായാണ് ജര്‍മനി ഒരു രാജ്യവുമായി ഇത്തരത്തില്‍ ഒരു കരാറില്‍ എത്തുന്നത്. പഠനം പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരെയും സ്വാഗതം ചെയ്യുന്നതായി ജര്‍മ്മന്‍ ചാന്‍സിലര്‍ പറഞ്ഞിരുന്നു. ഏകദേശം 35000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ജര്‍മനിയിലുള്ളത്. അടുത്ത 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 50000 കടന്നേക്കുമെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ ഡോ.ഫിലിപ് അക്കെര്‍മാന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജര്‍മന്‍ ബിസിനസുകാര്‍ക്ക് നിക്ഷേപം നടത്താനുള്ള അവസരം കരാറിന്റെ ഭാഗമായി ഇന്ത്യ ഒരുക്കും.