

യു.കെയിലും കാനഡയിലുമെല്ലാം കുടിയേറ്റ സാധ്യതകള്‍ കുറഞ്ഞപ്പോള്‍ മലയാളികള്‍ അടക്കമുള്ളവരുടെ പ്രതീക്ഷയായിരുന്നു ജര്‍മനി. നിരവധി തൊഴിലവസരങ്ങള്‍ മുന്നിലുള്ളതും ആകര്‍ഷകമായ ശമ്പളവുമായിരുന്നു ജര്‍മനിയിലേക്ക് മലയാളികളെ ആകര്‍ഷിച്ചത്. നിരവധി വിദേശ റിക്രൂട്ടിംഗ് സ്ഥാപനങ്ങളും ജര്‍മനിക്ക് പ്രാധാന്യം കൊടുക്കാനും ആരംഭിച്ചിരുന്നു. എന്നാലിപ്പോള്‍ അവിടെ നിന്ന് വരുന്ന വാര്‍ത്തകള്‍ മലയാളികള്‍ക്ക് അത്ര സന്തോഷം പകരുന്നതല്ല.
അംഗല മെര്‍ക്കലിന്റെ ഭരണകാലത്ത് കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ഉദാര സമീപനമായിരുന്നു ജര്‍മനിക്കുണ്ടായിരുന്നത്. അക്കാലത്ത് എത്തിയ അഭയാര്‍ത്ഥികള്‍ പലരും ജര്‍മന്‍കാരുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തിയിരുന്നു. ജര്‍മനിയില്‍ അടുത്തിടെ തീവ്രവാദ ആക്രമണങ്ങള്‍ വലിയതോതില്‍ വര്‍ധിച്ചിരുന്നു.
ഈ വര്‍ഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സിന്റെ യാഥാസ്ഥിതിക ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു) കൂടുതല്‍ സീറ്റ് നേടാനും സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്താനും കുടിയേറ്റ വിരുദ്ധത കാരണമായി. മേര്‍ട്‌സിന്റെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ വരുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയത്തില്‍ കാതലായ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം കൊണ്ട് പൗരത്വം നേടാനുള്ള 'ടര്‍ബോ പൗരത്വ പദ്ധതി' റദ്ദാക്കുന്നതാണ് പുതിയ സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളിലൊന്ന്. പ്രശസ്ത ജര്‍മ്മന്‍ മാധ്യമമായ dw.com ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജര്‍മനിയിലെ ആരോഗ്യ, ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് പുതിയ നീക്കം തിരിച്ചടിയാകും. അടുത്ത കാലത്താണ് ജര്‍മ്മനി കേരള യുവാക്കളുടെ ഇഷ്ടപ്പെട്ട കുടിയേറ്റ ലക്ഷ്യസ്ഥാനമായി മാറിയത്. നിരവധി പേര്‍ ജര്‍മനിയിലേക്ക് പോകാനും തയാറെടുക്കുന്നുണ്ട്.
2023 ജൂണിലാണ് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ പൗരത്വത്തിന് അപേക്ഷിക്കാവുന്നതായ പുതിയ നിയമം ജര്‍മ്മന്‍ പാര്‍ലമെന്റ് പാസാക്കിയത്. വലിയതോതിലുള്ള ജര്‍മ്മന്‍ ഭാഷാകൗശലവും (ഇ1 ലെവല്‍), നല്ലൊരു സാമൂഹ്യസേവന ചരിത്രവും ജോലി, പഠനം തുടങ്ങിയവയിലുണ്ടായ നേട്ടങ്ങളും ആവശ്യമായിരുന്നു. എന്നാല്‍ CDU, CSU എന്നീ കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ ഈ പദ്ധതിക്ക് എതിരായിരുന്നു.
പുതിയ സര്‍ക്കാര്‍ പദ്ധതി പ്രകാരം, അഞ്ച് വര്‍ഷത്തെ സ്ഥിരതാമസവും B1 ലെവല്‍ ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനവുമുണ്ടെങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കാം. ജര്‍മനിയിലെ ആരോഗ്യരംഗത്തും ഐടി മേഖലയിലുമുള്ള മലയാളി പ്രവാസികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. പൗരത്വം വേഗത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ജര്‍മനിയിലേക്ക് കുടിയേറിയത്.
Read DhanamOnline in English
Subscribe to Dhanam Magazine