
കാനഡയിലും യു.കെയിലും അവസരങ്ങള്‍ കുറഞ്ഞതോടെ മലയാളികളുടെ കുടിയേറ്റ സ്വപ്‌നങ്ങളുടെ കേന്ദ്രമായി ജര്‍മനി മാറിയിരുന്നു. തൊഴിലാളികളുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്ന ജര്‍മനിയിലേക്ക് ലക്ഷക്കണക്കിന് തൊഴിലാളികളെ വേണമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ജര്‍മനിയിലേക്കുള്ള ഒഴുക്ക് തുടരുന്ന ഘട്ടത്തില്‍ അവിടെ നിന്ന് വരുന്ന രണ്ട് വാര്‍ത്തകള്‍ ജര്‍മന്‍ പ്രതീക്ഷയുമായി കഴിയുന്നവരുടെ അത്ര സന്തോഷം പകരുന്നതല്ല.
ഡിസംബറില്‍ അവസാനിച്ച നാലാംപാദത്തില്‍ സമ്പദ്‌രംഗം 0.2 ശതമാനം ഇടിഞ്ഞു. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്ക് തൊഴില്‍ രംഗത്തു പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കയറ്റുമതി രംഗത്ത് വലിയ ഇടിവാണ് സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തില്‍ നേരിടേണ്ടി വന്നത്. മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 2.2 ശതമാനം വരും ഇടിവ്.
2020വെ രണ്ടാംപാദത്തിലാണ് ഇത്ര വലിയ ഇടിവ് ഇതിനു മുമ്പുണ്ടായത്. 2023 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തികവര്‍ഷത്തെ പ്രകടനം മോശമാണ്. ജര്‍മനിയില്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെതുടര്‍ന്ന് ഇന്ധന, ഗ്യാസ വിലയിലുണ്ടായ വര്‍ധന, പലിശനിരക്കുകളിലെ വര്‍ധന എന്നിവയെല്ലാം ജര്‍മന്‍ സമ്പദ് രംഗത്തിന് തിരിച്ചടിയായി.
കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി കുടിയേറ്റക്കാരെ ഇരുകൈയും നീട്ടി സ്വീകരിച്ച ഭരണകൂടങ്ങളായിരുന്നു ജര്‍മനിയിലേത്. എന്നാല്‍ അഭയാര്‍ത്ഥികളായി വന്നവര്‍ വലിയതോതില്‍ ജര്‍മനിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങിയതോടെ അവിടുത്തുകാരില്‍ കുടിയേറ്റ വിരുദ്ധ മനോഭാവം ഇടലെടുത്തു.
പൊതുതിരഞ്ഞെടുപ്പില്‍ ഫ്രീഡ്‌റിഷ് മോര്‍ട്‌സന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു)- ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ (സി.എസ്.യു) സഖ്യം നേട്ടം കൊയ്തതിന് കാരണങ്ങളിലൊന്ന് കുടിയേറ്റ വിരുദ്ധതയാണ്. തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി കൂടി സഖ്യത്തിന്റെ ഭാഗമായാല്‍ അടിമുടി കുടിയേറ്റ വിരുദ്ധ നയങ്ങളാകും പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുക.
കുടിയേറ്റ നിയമങ്ങള്‍, പ്രതിരോധ മേഖലയിലെ ചെലവ്, നികുതി പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഫ്രീഡ്‌റിഷ് മോര്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വിദേശ തൊഴിലന്വേഷകരുടെ പറുദീസയായി ജര്‍മനി മാറിയിരുന്നു. വിവിധ മേഖലകളില്‍ ലക്ഷക്കണക്കിന് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ജര്‍മനി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജര്‍മന്‍ പ്രതിനിധിസംഘം ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തില്‍ അനുകൂല നിലപാടായിരുന്നു ജര്‍മനി സ്വീകരിച്ചിരുന്നത്. സാമ്പത്തികരംഗത്തെ മുരടിപ്പും അധികാരക്കൈമാറ്റവും ജര്‍മനി സ്വപ്‌നം കാണുന്നവരെ ബാധിക്കുമെന്ന് കണ്ടറിയണം.
കേരളത്തില്‍ നിന്ന് അടുത്തിടെ നിരവധി പേര്‍ ജര്‍മനിയിലേക്ക് പഠനത്തിനും തൊഴിലിനുമായി പോയിരുന്നു. പലര്‍ക്കും മികച്ച തൊഴിലുകളും ലഭിക്കുന്നുണ്ട്. 25,000ത്തോളം പേരെങ്കിലും അടുത്ത ആറുമാസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് പോകാന്‍ തയാറെടുക്കുന്നുവെന്നാണ് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine