ആകാശത്ത് പ്രശ്‌നം ഗുരുതരം, സര്‍വീസുകള്‍ വെട്ടിക്കുറച്ച് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കും

മുന്‍നിര എയര്‍ലൈനുകളിലൊന്നായ ലുഫ്താന്‍സ (Lufthansa) 20,000 സര്‍വീസുകളാണ് വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നത്.
Airline offer
Airline offerImage: Canva
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തിന് പിന്നാലെ വിമാന ഇന്ധന വില കുത്തനെ ഉയര്‍ന്നതോടെ ആഗോളതലത്തില്‍ വ്യോമയാന ഗതാഗതം താളംതെറ്റുന്നു. പ്രമുഖ എയര്‍ലൈന്‍ കമ്പനികളെല്ലാം സര്‍വീസ് വെട്ടിക്കുറച്ചും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയും പ്രതിസന്ധിയെ നേരിടാനാണ് ഒരുങ്ങുന്നത്. ടിക്കറ്റ് നിരക്ക് ഉയരുന്നത് ടൂറിസം മുതല്‍ മെഡിക്കല്‍ മേഖലയെ വരെ സാരമായി ബാധിക്കും.

മുന്‍നിര എയര്‍ലൈനുകളിലൊന്നായ ലുഫ്താന്‍സ (Lufthansa) 20,000 സര്‍വീസുകളാണ് വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നത്. ഇതുവഴി 40,000 ടണ്‍ ജെറ്റ് ഫ്യൂവല്‍ ലാഭിക്കാമെന്ന് കമ്പനി കരുതുന്നു. യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനികളിലൊന്നാണ് ലുഫ്താന്‍സ. വേനല്‍ക്കാല സര്‍വീസുകളില്‍ വലിയ കുറവ് വരുത്താനുള്ള കമ്പനിയുടെ തീരുമാനം യൂറോപ്പിലെ ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

മെയ് മാസത്തില്‍ ആഗോള സര്‍വീസുകളുടെ എണ്ണത്തില്‍ മൂന്നു ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2030ഓടെ 4,000 ജീവനക്കാരെ പിരിച്ചുവിടാനും ലുഫ്താന്‍സ പദ്ധതിയിടുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ യുദ്ധം നീണ്ടുനിന്നാല്‍ വിമാനക്കമ്പനികളില്‍ ജീവനക്കാരെ കുറച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

യാത്രക്കാര്‍ കുറയുന്നു

യുദ്ധംമൂലമുള്ള പ്രതിസന്ധി വര്‍ധിച്ചതോടെ ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. സര്‍വീസുകള്‍ക്കായി വരുന്ന ചെലവ് കൂടിയതും യാത്രക്കാരില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതും എയര്‍ലൈന്‍ കമ്പനികളെ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നതായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുദ്ധം ആരംഭിച്ചശേഷം വിമാന ഇന്ധനവില ഇരട്ടിയായി. വിമാന കമ്പനികളുടെ ആകെ ചെലവിന്റെ നാലിലൊന്നും ഇന്ധന ചെലവാണ്. ഇന്ധനവില വര്‍ധിച്ചതിനൊപ്പം യാത്രക്കാരുടെ എണ്ണം കുറയുക കൂടി ചെയ്തതോടെയാണ് എയര്‍ലൈനുകള്‍ സര്‍വീസ് വെട്ടിക്കുറച്ച് പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്.

എയര്‍ ഏഷ്യ മുതല്‍ എയര്‍ കാനഡ വരെ

ഏഷ്യന്‍ കമ്പനികള്‍ മാത്രമല്ല പ്രതിസന്ധി നേരിടുന്നത്. ആഗോളതലത്തിലെ പ്രധാന എയര്‍ലൈന്‍ കമ്പനികളെല്ലാം കടുത്ത സമ്മര്‍ദത്തിലാണ്. മലേഷ്യന്‍ കമ്പനിയായ എയര്‍ഏഷ്യ 10 ശതമാനം സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. വിമാന ഇന്ധന സര്‍ചാര്‍ജ് 20 ശതമാനമാക്കുകയും ചെയ്തു.

എയര്‍ഫ്രാന്‍സ് മുന്‍കൂര്‍ ബുക്ക് ചെയ്ത ദീര്‍ഘദൂര ടിക്കറ്റുകളുടെ നിരക്കില്‍ 50 യൂറോയോളം വര്‍ധന വരുത്തി. മെയില്‍ യൂറോപ്പിലെ വിവിധ റൂട്ടുകളിലേക്കുള്ള 160 സര്‍വീസുകളും കമ്പനി വെട്ടിച്ചുരുക്കി.

എയര്‍ കാനഡ ന്യൂയോര്‍ക്കിലേക്കുള്ള 38 പ്രതിദിന സര്‍വീസുകളില്‍ നാലെണ്ണം റദ്ദാക്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഈ റൂട്ടില്‍ ഒഴിവാക്കിയേക്കും. എയര്‍ കാനഡയുടെ പ്രധാന റൂട്ടുകളിലൊന്നാണ് ഇത്.

നൈജീരിയന്‍ എയര്‍ലൈന്‍സ് ഒട്ടുമിക്ക ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. വിമാന ഇന്ധനനിരക്കുകള്‍ താങ്ങാനാകുന്നില്ലെന്നാണ് കമ്പനി പറയുന്നത്.

Rising jet fuel costs due to Middle East conflict are forcing global airlines to cut services and increase ticket prices

Related Stories

No stories found.
logo
DhanamOnline
dhanamonline.com