സുന്ദര്‍ പിച്ചൈയും സത്യ നാദെല്ലയും കേരളത്തിലേക്ക്? 'കേരളീയ'ത്തില്‍ പങ്കെടുക്കുക ആഗോള പ്രമുഖര്‍

67ാമത് കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന 'കേരളീയം'പരിപാടിയില്‍ ലോകമെമ്പാടുമുള്ള പ്രമുഖര്‍ പങ്കെടുക്കും. നവംബറില്‍ നടക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ സെമിനാറുകളുണ്ടാകും.

എത്തുന്നത് പ്രമുഖര്‍

വിവര സാങ്കേതിക സെഷനില്‍ സംസാരിക്കാന്‍ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, എന്‍വിഡിയ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ്, നാസ്‌കോം ചെയര്‍പേഴ്സണ്‍ അനന്ത് മഹേശ്വരി, തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍ എന്നിവര്‍ എത്തിയേക്കും. എന്നാല്‍ സ്പീക്കര്‍മാരുടെ അന്തിമ ലിസ്റ്റ് അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ പുറത്തുവിടൂ.

കാര്‍ഷിക സെഷനില്‍ പങ്കെടുക്കുന്നവരുടെ താല്‍ക്കാലിക പട്ടികയില്‍ ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഹിമാന്‍ഷു പഥക്, എ.പി.ഇ.ഡി.എ ഡയറക്ടര്‍ തരുണ്‍ ബജാജ്, നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് സെക്രട്ടറി കെ.സി ബന്‍സാല്‍, ലോകബാങ്കിന്റെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ക്രിസ് ജാക്സണ്‍ എന്നിവരും ഉള്‍പ്പെടുന്നു.

മോണ്ട്ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്ര പ്രൊഫസര്‍ റിച്ചാര്‍ഡ്. ഡബ്ല്യു ഫ്രാങ്ക് കേരളത്തിലെ സഹകരണ സംഘങ്ങളെക്കുറിച്ചുള്ള ഒരു സെഷനില്‍ പ്രസംഗിക്കും. നബാര്‍ഡ് ചെയര്‍മാന്‍ കെ.വി ഷാജി, ഐ.എല്‍.ഒയുടെ സഹകരണ യൂണിറ്റ് മേധാവി സിമല്‍ എസിം എന്നിവരാണ് മറ്റ് പ്രസംഗകര്‍. ഇന്റര്‍നാഷണല്‍ കോഓപറേറ്റീവ് അലയന്‍സ് ഡയറക്ടര്‍ ജനറല്‍ ഏരിയല്‍ ഗ്വാര്‍ക്കോയെയും ക്ഷണിച്ചിട്ടുണ്ട്.

മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കോവിഡിനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക സെഷനും ഉണ്ടാകും. ഈ സെഷനില്‍ സി.എം.സി വെല്ലൂരിലെ പ്രൊഫസര്‍ ഗഗന്‍ദീപ് കാങ്, മുന്‍ കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍, ഹാവഡ് യൂണിവേഴ്സിറ്റി സീനിയര്‍ ലക്ചറര്‍ റിച്ചാര്‍ഡ്.എ. കാഷ് എന്നിവര്‍ ഉള്‍പ്പെടുന്നു.

കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ വിസിറ്റിങ് റിസര്‍ച്ച് പ്രൊഫസറും കേരളത്തിന്റെ സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള വിദഗ്ധനുമായ റോബിന്‍ ജെഫ്രിയും സൗത്ത് ഫ്ലോറിഡ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍ ഡിസിപ്ലിനറി ഗ്ലോബല്‍ സ്റ്റഡീസിലെ പ്രൊഫസര്‍ ഗോവിന്ദന്‍ പാറയിലും പരിപാടിയില്‍ പങ്കെടുക്കും.

Related Articles
Next Story
Videos
Share it