ആഗോള റബര്‍വില കിലോയ്ക്ക് ₹300നരികെ, ചരക്ക് കിട്ടാനില്ല; ടയര്‍ കമ്പനികളും പ്രതിസന്ധിയില്‍

തായ്‌ലന്‍ഡില്‍ ഇത്തവണ ഉത്പാദനം മുന്‍വര്‍ഷത്തേക്കാള്‍ നേര്‍പകുതിയാണ്. കാലാവസ്ഥ വ്യതിയാനമാണ് വില്ലന്‍
ആഗോള റബര്‍വില കിലോയ്ക്ക് ₹300നരികെ, ചരക്ക് കിട്ടാനില്ല; ടയര്‍ കമ്പനികളും പ്രതിസന്ധിയില്‍
Published on

റബര്‍ ഉത്പാദക രാജ്യങ്ങളിലെ കാലാവസ്ഥ വ്യതിയാനം മൂലം ലാഭ്യതക്കുറവും വഴിയൊരുക്കിയതോടെ ആഗോള വില കിലോഗ്രാമിന് 300 രൂപയിലേക്ക്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് റബര്‍ വില ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് എത്തുന്നത്. നിലവില്‍ തായ്‌ലന്‍ഡ് മാര്‍ക്കറ്റിലെ വില 292 രൂപയ്ക്ക് മുകളിലാണ്.

തായ്‌ലന്‍ഡില്‍ ഇത്തവണ ഉത്പാദനം മുന്‍വര്‍ഷത്തേക്കാള്‍ നേര്‍പകുതിയാണ്. കാലാവസ്ഥ വ്യതിയാനമാണ് വില്ലന്‍. വിദേശ കമ്പനികള്‍ ചരക്ക് ശേഖരിക്കാന്‍ നീക്കം വേഗത്തിലാക്കിയതോടെ തായ്‌ലന്‍ഡ് മാര്‍ക്കറ്റില്‍ വില കുതിച്ചു കയറാന്‍ ഇടയാക്കി. ഷീറ്റ് ക്ഷാമം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ടയര്‍ കമ്പനികള്‍ കൂടിയ അളവില്‍ ചരക്ക് ശേഖരിക്കാന്‍ തയാറെടുക്കുന്നത്.

റബര്‍ വില ഇത്രത്തോളം ഉയര്‍ന്നു നില്ക്കാന്‍ പ്രധാനപ്പെട്ട മറ്റൊരു കാരണം ക്രൂഡ്ഓയില്‍ വിലയാണ്. സിന്തറ്റിക് റബര്‍ നിര്‍മാണം ലാഭകരമല്ലാതായി മാറിയതാണ് പ്രകൃതിദത്ത റബറിന്റെ ഡിമാന്‍ഡിലും പ്രതിഫലിക്കുന്നത്. കേരളത്തിലെ റബര്‍വില നിലവില്‍ കിലോഗ്രാമിന് 260 രൂപയ്ക്കടുത്താണ്. വില ഇനിയും ഉയരുമെന്നാണ് വിവരം.

ടയര്‍ കമ്പനികള്‍ക്ക് തിരിച്ചടി

റബറിനൊപ്പം മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വലിയും കുതിച്ചുയര്‍ന്നതോടെ ടയര്‍ കമ്പനികള്‍ പ്രതിസന്ധിയിലായി. ഇറക്കുമതി നിയന്ത്രണത്തില്‍ താല്ക്കാലിക ഇളവ് അനുവദിക്കണമെന്ന ടയര്‍ ഇന്‍ഡസ്ട്രിയുടെ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. റബര്‍ ഒഴികെയുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നതാണ് ടയര്‍ കമ്പനികളുടെ സംഘടനയായ ആത്മയുടെ ആവശ്യം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ടയര്‍ കമ്പനികള്‍ക്ക് വിദേശത്തു നിന്ന് റബര്‍ ഇറക്കുമതി ചെയ്യുകയെന്നത് അധിക സാമ്പത്തിക ബാധ്യതയാണ്. കിലോഗ്രാമിന് 30 രൂപയിലേറെ കൂടുതലാണ് വിദേശ വില. മാത്രമല്ല, പശ്ചിമേഷ്യന്‍ പ്രശ്‌നം മൂലം കണ്ടെയ്‌നര്‍ ചാര്‍ജുകളും വര്‍ധിച്ചിട്ടുണ്ട്.

ആഭ്യന്തരമായി കൂടുതല്‍ ചരക്ക് ശേഖരിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. എന്നാല്‍ വേനല്‍ക്കാലം കടുത്തതോടെ കേരളത്തില്‍ ഇത്തവണ ടാപ്പിംഗ് മന്ദഗതിയിലായിരുന്നു. കര്‍ഷകരുടെ കൈവശം കാര്യമായ ചരക്ക് ബാക്കിയില്ല. ഇനി മഴക്കാലത്ത് റബര്‍ മറകള്‍ സ്ഥാപിച്ചശേഷം ടാപ്പിംഗ് നടന്നാല്‍ മാത്രമേ ചരക്ക് ലഭ്യത വര്‍ധിക്കൂ. ഇതിന് സമയമെടുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com