രാജ്യാന്തര റബര്‍ വില സര്‍വകാല റെക്കോഡില്‍, കേരളത്തിലും കുതിപ്പ്; തോട്ടങ്ങളില്‍ മഴമറ ജോലികള്‍ സജീവം

2011 ഫെബ്രുവരി 21ന് രേഖപ്പെടുത്തിയ കിലോഗ്രാമിന് 292.98 രൂപയായിരുന്നു ഇതിനു മുമ്പത്തെ രാജ്യാന്തര റെക്കോഡ്
രാജ്യാന്തര റബര്‍ വില സര്‍വകാല റെക്കോഡില്‍, കേരളത്തിലും കുതിപ്പ്; തോട്ടങ്ങളില്‍ മഴമറ ജോലികള്‍ സജീവം
Published on

ആഗോള റബര്‍ വില കുതിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി രാജ്യാന്തര വില 300 രൂപ പിന്നിട്ടു. നിലവില്‍ ബാങ്കോക്ക് വില കിലോഗ്രാമിന് 304 രൂപയാണ്. ചരക്ക് ലഭ്യതക്കുറവും ഉയര്‍ന്ന ക്രൂഡ് വിലയും റബര്‍ വിലയില്‍ ഇനിയും കയറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

2011 ഫെബ്രുവരി 21ന് രേഖപ്പെടുത്തിയ കിലോഗ്രാമിന് 292.98 രൂപയായിരുന്നു ഇതിനു മുമ്പത്തെ രാജ്യാന്തര റെക്കോഡ്. ഇതാണ് ഇപ്പോള്‍ മറികടന്നത്. അന്ന് ആഭ്യന്തര വില 240 രൂപയായിരുന്നു. ഇന്നത്തെ ആര്‍എസ്എസ്4 ആഭ്യന്തരവില കിലോഗ്രാമിന് 264 രൂപയാണ്.

റബര്‍ ബോര്‍ഡിന്റെ ഈ വിലയേക്കാള്‍ കൂടുതല്‍ നല്കിയാണ് പലയിടത്തും വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നത്. ടയര്‍ കമ്പനികളും സജീവമായി രംഗത്തുണ്ട്. ഇറക്കുമതി ഇപ്പോഴത്തെ നിലയില്‍ ലാഭകരമല്ലാത്തതിനാല്‍ ടയര്‍ കമ്പനികളുടെ പ്രതീക്ഷ ആഭ്യന്തര വിപണിയിലാണ്. വില ഇനിയും കൂടുമെന്നാണ് വ്യാപാരികളും പറയുന്നത്. അതേസമയം, കര്‍ഷകരുടെ കൈവശം ആവശ്യത്തിന് ചരക്ക് സ്റ്റോക്കില്ല. ഇനി മണ്‍സൂണ്‍ ടാപ്പിംഗ് സജീവമാകുമ്പോള്‍ മാത്രമേ ചരക്ക് വിപണിയിലേക്ക് എത്തൂ.

ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം ആഭ്യന്തര വിപണിയിലും റബറിന് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ടയര്‍ നിര്‍മ്മാതാക്കള്‍ വ്യാപാരികള്‍ വഴി ഉയര്‍ന്ന വില നല്‍കി വിപണിയില്‍ നിന്ന് റബര്‍ സംഭരിക്കാന്‍ മത്സരിക്കുകയാണ്. വേനല്‍ച്ചൂട് കാരണം കേരളത്തിലും ഉത്പാദനം പകുതിയായി കുറഞ്ഞിരുന്നതിനാല്‍ വിപണിയില്‍ കര്‍ഷകരുടെ പക്കല്‍ വലിയ തോതില്‍ സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. എങ്കിലും വിലയിലുണ്ടായ ഈ വന്‍ മുന്നേറ്റം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

തോട്ടങ്ങള്‍ സജീവം

കാലവര്‍ഷം നേരത്തെ എത്തിയതോടെ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡിങ് ജോലികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഉയര്‍ന്ന വിലയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മഴക്കാലത്തും ടാപ്പിംഗ് മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. തൊഴിലാളി ക്ഷാമവും അനുബന്ധ ചെലവുകളും വെല്ലുവിളിയായി തുടരുന്നുണ്ടെങ്കിലും, റബര്‍ വിലയിലെ ഈ കുതിപ്പ് കേരളത്തിലെ മലയോര കര്‍ഷക സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ ഉണര്‍വേകും.

വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍

ആഗോളതലത്തില്‍ റബര്‍ ഉത്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളില്‍ അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം.

കാലാവസ്ഥാ വ്യതിയാനം: കനത്ത വേനലും എല്‍നിനോ പ്രതിഭാസവും കാരണം തായ്ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ മുന്‍നിര ഉത്പാദന രാജ്യങ്ങളില്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞു.

ചരക്ക് ക്ഷാമം: അന്താരാഷ്ട്ര വിപണിയിലേക്ക് ആവശ്യത്തിന് റബര്‍ എത്താതിരുന്നതോടെ ആഗോളതലത്തില്‍ വന്‍ ചരക്ക് ക്ഷാമം നേരിടുന്നുണ്ട്.

ക്രൂഡ് ഓയില്‍ വിലവര്‍ധന: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ കൃത്രിമ റബറിന്റെ നിര്‍മാണച്ചെലവ് കുത്തനെ കൂടി. ഇതോടെ ടയര്‍ കമ്പനികള്‍ പ്രകൃതിദത്ത റബറിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ആവശ്യകത വര്‍ധിപ്പിച്ചു.

Global natural rubber prices have hit an all-time high, boosting Kerala's rubber market and prompting farmers to accelerate rain-guarding and monsoon tapping activities

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com