
ഇന്ത്യയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്തിനും ആഗോള സുസ്ഥിരത സര്‍ട്ടിഫിക്കേഷന് വഴിയൊരുങ്ങുന്നു. ഒഡീഷയിലെ ചിലിക തടാകത്തിലെ ഞണ്ട്, ചെമ്മീന്‍ ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ രാജ്യാന്താര അംഗീകാരമുള്ള മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കേഷനായുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. നേരത്തെ തുടങ്ങിയ 12ഓളം സമുദ്ര മത്സ്യ ഇനങ്ങള്‍ക്കുള്ള എം.എസ്.സി സുസ്ഥിരത സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.
ഫിഷറീസ് ശാസ്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിലിക തടാകത്തിലെ ഞണ്ടിന് സുസ്ഥിരത പട്ടം നേടുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്ര ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനമായ സിഫ്‌റിയുടെ നേതൃത്വത്തിലാണ് പദ്ധതി. ചിലിക ഡെവലപ്‌മെന്റ് അതോറിറ്റി, സസ്റ്റയിനബിള്‍ സീഫുഡ് നെറ്റ് വര്‍ക് ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ തടാകവും യുനെസ്‌കോ അംഗീകരിച്ച ജൈവവൈവിധ്യ കേന്ദ്രവുമാണ് ചിലിക തടാകം. ഈ തടാകത്തെ ആശ്രയിച്ചുള്ള സമ്പന്നമായ ജൈവവൈവിധ്യവും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. അമിത മത്സ്യബന്ധനവും മലിനീകരണവും ഉള്‍പ്പെടെ മേഖലയിലെ ഉള്‍നാടന്‍, സമുദ്ര ആവാസവ്യവസ്ഥകള്‍ നേരിടുന്ന പ്രധാന ഭീഷണികളെ നേരിടുന്നതിന് കൂട്ടായ ശ്രമം അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സുസ്ഥിരത സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിലൂടെ സീഫുഡ് കയറ്റുമതിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. കൂടുതല്‍ വിദേശ വിപണികളില്‍ പ്രവേശനം ലഭിക്കാന്‍ ഉയര്‍ന്ന വില ലഭിക്കാനും അവസരമൊരുങ്ങും. അതൊടൊപ്പം, മത്സ്യസമ്പത്തിന്റെയും ചിലിക തടാകത്തിന്റെയും സുസ്ഥിരത ഉറപ്പുവരുത്താനുമാകും. സിഫ്‌റി ഡയറക്ടര്‍ ബി.കെ ദാസ്, ഡോ. സുനില്‍ മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Read DhanamOnline in English
Subscribe to Dhanam Magazine