നിങ്ങളുടെ മുറിയിലെ എസി: ലോകം നേരിടാൻ പോകുന്ന അടുത്ത വലിയ ഭീഷണി  

ഓരോ വർഷവും ചൂടു കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഒരു ഗവേഷണത്തിന്റെയും പിന്തുണയില്ലാതെതന്നെ നമുക്ക് പറയാം. ഉയരുന്ന താപനിലയോടൊപ്പം ഉയർന്നുകൊണ്ടിരിക്കുന്ന മറ്റൊന്നുണ്ട്! എസി വില്പന.

സംസ്ഥാനത്തെ താപനില പുതിയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എസി ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. പ്രതിദിനം മൂവായിരത്തിലേറെ എസികളാണ് കേരളത്തില്‍ വില്‍പ്പന നടന്നത്.

ഈയിടെ പുറത്തിറങ്ങിയ ഒരു ബ്ലൂംബെർഗ് റിപ്പോർട്ടിൽ എസിയുടെ ഉപയോഗത്തെക്കുറിച്ച് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. മുൻപ് കാണാത്തവിധം യൂറോപ്പിലെ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾക്കിടയിലെ എസി ഉപയോഗമാണ് റിപ്പോർട്ട് ചർച്ച ചെയ്യുന്നത്.

യുഎസിൽ ഭൂരിപക്ഷം പേരും എസി ഉപയോഗിക്കുമ്പോൾ, യൂറോപ്പിൽ ഇതിന്റെ ഉപയോഗം വളരെക്കുറവാണ്. ചൈനയിൽ ഏകദേശം പകുതി വീടുകളിലും എസിയുണ്ട്. എന്നാൽ ഇന്ത്യയിലേയും ഇന്തോനേഷ്യയിലേയും 160 കോടി ആളുകളിൽ 8.8 കോടി പേർക്കു മാത്രമേ വീട്ടിൽ എയർ കണ്ടിഷനിംഗ് സൗകര്യമുളളൂ.

ഈ രാജ്യങ്ങളിലും എസി ഉപയോഗം വർദ്ധിക്കാനേ സാധ്യതയുള്ളൂ. ഉയരുന്ന വരുമാനം, ഉപകരണങ്ങളുടെ വിലയിടിവ്, നഗരവൽകരണം എന്നിവ തന്നെ കാരണം. 2050 ആകുമ്പോഴേക്കും ലോകത്തെ എസി ഉപയോഗം ഇന്നത്തെ 160 കോടിയിൽ നിന്ന് 560 കൂടിയായി ഉയരുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസി പറയുന്നത്.

2018-ൽ കാർബൺഡൈയോക്സൈഡ് എമിഷൻ 2 ശതമാനമാണ് ഉയർന്നത്. ഇത് ഏഴുവർഷത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ചാ തോതാണ്. എമിഷൻ കൂടുമ്പോൾ എന്തു സംഭവിക്കുന്നു എന്ന് നമുക്കറിയാം. കാലാവസ്ഥാ വ്യതിയാനം മൂലം താപനില വീണ്ടും ഉയരും. ഇത് എയർ കണ്ടിഷനിംഗിനുള്ള ഡിമാൻഡ് വീണ്ടും ഉയർത്തും.

ഇതൊരു മുറിക്കാൻ പറ്റാത്ത സൈക്കിളായി തുടർന്നുകൊണ്ടിരിക്കുകയാണിപ്പോൾ. എസിയുടെ അധിക ഉപയോഗം 'അർബൻ ഹീറ്റ് ഐലൻഡ്' എന്ന പ്രതിഭാസത്തിന് കാരണമാവുകയും ഗ്രാമങ്ങളേക്കാൾ നഗരങ്ങളിൽ ചൂടുകൂടുകയും ചെയ്യുന്നുവെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.

2050-ൽ എയർ കണ്ടിഷനിംഗ് മൂലമുള്ള ഇലക്ട്രിസിറ്റി ഡിമാൻഡ് 140 ശതമാനം ഉയരുമെന്നാണ് ബ്ലൂബെർഗിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മൊത്തം ഇലക്ട്രിസിറ്റി ഡിമാന്റിൽ 12.7 ശതമാനവും എയർ കണ്ടിഷനിംഗിന് വേണ്ടിയുള്ളതായിരിക്കും. നിലവിലിത് 9 ശതമാനമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it