സ്വര്‍ണ ഇറക്കുമതി നാലിലൊന്നായി കുറഞ്ഞു! ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങുന്നത് നിറുത്തിയോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ഉത്സവ, വിവാഹ സീസണോട് അനുബന്ധിച്ച് വ്യാപാരികള്‍ വലിയ സ്റ്റോക്ക് സൂക്ഷിച്ചിരുന്നു. ഇതാണ് ഒക്ടോബറിലെ ഇറക്കുമതി വര്‍ധിക്കാന്‍ കാരണം
gold ornaments and women in shock
Canva
Published on

നവംബറില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ 73 ശതമാനം കുറവ്. ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ 14.7 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) സ്വര്‍ണമാണ് ഒക്ടോബറില്‍ ഇന്ത്യയിലെത്തിയത്. നവംബറില്‍ ഇത് 4 ബില്യന്‍ ഡോളറായി (ഏകദേശം 36,000 കോടി രൂപ) കുറഞ്ഞു.

ഉത്സവ, വിവാഹ സീസണോട് അനുബന്ധിച്ച് വ്യാപാരികള്‍ വലിയ സ്റ്റോക്ക് സൂക്ഷിച്ചിരുന്നു. ഇതാണ് ഒക്ടോബറിലെ ഇറക്കുമതി വര്‍ധിക്കാന്‍ കാരണം. മിക്ക വര്‍ഷങ്ങളിലും ഇതുണ്ടാകാറുണ്ട്. തൊട്ടുപിന്നാലെ വരുന്ന മാസങ്ങളില്‍ ഇറക്കുമതി കുറയുന്നതും സ്വാഭാവികമാണെന്ന് വിദഗ്ധര്‍ പറയുന്നു. നവംബറിലെ ഇറക്കുമതി കുറഞ്ഞതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.

2025ല്‍ ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് മുന്‍വര്‍ഷത്തേക്കാള്‍ ഇറക്കുമതി വര്‍ധിച്ചത്. ഇതിന് പിന്നാലെ ഇറക്കുമതി കുറഞ്ഞെങ്കിലും ഡിമാന്‍ഡില്‍ കുറവുണ്ടായിട്ടില്ല. സ്വര്‍ണ വില വര്‍ധിച്ചതും നവംബറിലെ ഇടിവിന് കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. റെക്കോഡ് വിലക്ക് അടുത്താണ് നിലവില്‍ സ്വര്‍ണവ്യാപാരം നടക്കുന്നത്. ഇതോടെ ഉപയോക്താക്കള്‍ സ്വര്‍ണം വാങ്ങാനുള്ള തീരുമാനം വൈകിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ഇറക്കുമതിയിലും പ്രതിഫലിക്കും. വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ ഇറക്കുമതിയിലെ ട്രെന്‍ഡ് അടുത്ത മാസങ്ങളിലും തുടരാനാണ് സാധ്യതയെന്നും വിദഗ്ധര്‍ കരുതുന്നു.

വെള്ളിയിലും കുറവ്

മറ്റ് ലോഹങ്ങളുടെ ഇറക്കുമതിയിലും ഈ കുറവ് പ്രകടമാണ്. ഒക്ടോബറിനെ അപേക്ഷിച്ച് വെള്ളി ഇറക്കുമതി 60 ശതമാനം ഇടിഞ്ഞ് 1.1 ബില്യന്‍ ഡോളറിലെത്തി. രാജ്യത്തിന്റെ ആകെ ഇറക്കുമതിയില്‍ 62.7 ബില്യന്‍ ഡോളറിന്റെ കുറവാണ് സ്വര്‍ണവും വെള്ളിയും സൃഷ്ടിച്ചത്. ഒക്ടോബറിനേക്കാള്‍ 18 ശതമാനവും മുന്‍വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനവും കുറവ്.

അതേസമയം, നവംബറിലെ കണക്കുകളില്‍ കുറവുണ്ടായെങ്കിലും ഇക്കൊല്ലത്തെ സ്വര്‍ണ ഇറക്കുമതി റെക്കോഡാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയിലെത്തിയത് 47.6 ബില്യന്‍ ഡോളറിന്റെ (4.3 ലക്ഷം കോടി രൂപ) സ്വര്‍ണമാണ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ ഇറക്കുമതിയാണ് ഇതെന്നും വിദഗ്ധര്‍ പറയുന്നു.

India’s gold imports fell 73% month-on-month in November due to high prices and inventory correction, though analysts say underlying demand remains intact.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com