നിക്ഷേപമായി സ്വര്‍ണാഭരണം വാങ്ങുന്നത് നല്ലതാണോ? അതിലൊരു വലിയ റിസ്‌ക്കുണ്ട്!

ആഭരണമായി സ്വര്‍ണം വാങ്ങിക്കൂട്ടിയാലും ഇത് വില്ക്കുമ്പോള്‍ ഉണ്ടാകുന്ന മൂല്യശോഷണം കൂടുതലാണ്.
gold jewellery
Published on

സ്വര്‍ണവില അതിവേഗത്തില്‍ കുതിക്കുന്ന സമയത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നതാണ് ഇന്ത്യന്‍ കുടുംബങ്ങളിലെ സ്വര്‍ണശേഖരം. കുടുംബങ്ങള്‍ വലിയ തോതില്‍ ആഭരണമായും മറ്റും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ആഭരണങ്ങളായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് പലരും നിക്ഷേപമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആഭരണമായി സ്വര്‍ണനിക്ഷേപത്തെ മാറ്റുന്നത് നേട്ടമുണ്ടാക്കില്ലെന്നാണ് കൊട്ടക് ഇക്വിറ്റീസ് പറയുന്നത്.

ആഭരണമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് കൊണ്ട് ഗുണമില്ലെന്ന് പറയുന്ന കൊട്ടക് ഇക്വിറ്റീസ് പക്ഷേ ഇടിഎഫ്, നാണയം, സ്വര്‍ണക്കട്ടി എന്നിവയിലുള്ള നിക്ഷേപം നേട്ടം സമ്മാനിക്കുമെന്നും വ്യക്തമാക്കുന്നു.

സ്വര്‍ണാഭരണം വാങ്ങുന്നതിനായി വലിയ പണിക്കൂലി നല്‌കേണ്ടി വരുന്നതും ഇതില്‍ പതിപ്പിക്കുന്ന കല്ലുകളുടെ വില താഴുന്നതുമാണ് ആഭരണമായി സ്വര്‍ണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന കാരണങ്ങള്‍. ഇത്തരം കല്ലുകളുടെ വില താഴേക്ക് പോകുന്നതുവഴി സ്വര്‍ണവിലയിലെ കയറ്റം നേട്ടമാക്കി മാറ്റാന്‍ സാധിക്കാതെ വരുന്നുവെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വിലയിരുത്തുന്നു.

സ്വര്‍ണഭ്രമം പ്രശ്‌നമാണ്

ആഭരണമായി സ്വര്‍ണം വാങ്ങിക്കൂട്ടിയാലും ഇത് വില്ക്കുമ്പോള്‍ ഉണ്ടാകുന്ന മൂല്യശോഷണം കൂടുതലാണ്. എന്നാല്‍ സ്വര്‍ണ ബിസ്‌കറ്റ് അല്ലെങ്കില്‍ കോയിനായി വാങ്ങുമ്പോള്‍ ഈ പ്രശ്‌നമില്ല. രാജ്യത്തെ സ്വര്‍ണത്തിന്റെ വലിയൊരു പങ്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ കൈവശമാണ്. ഇവ പലപ്പോഴും വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നതാണ്. ആഭരണമായി സ്വര്‍ണം സൂക്ഷിക്കാനാണ് ഇത്തരം കുടുംബങ്ങള്‍ താല്പര്യപ്പെടുന്നത്.

മറ്റ് സാമ്പത്തിക ആസ്തികളേക്കാള്‍ ഇന്ത്യക്കാരുടെ സ്വര്‍ണത്തോടുള്ള താല്പര്യവും മുന്‍ഗണനയും വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികമേഖലയ്ക്കും സമ്മര്‍ദമേറ്റുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന സ്വര്‍ണ ആവശ്യകത ഉയര്‍ന്ന ഇറക്കുമതിക്ക് കാരണമാകുന്നു. ഇത് വ്യാപാര കമ്മി വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയ വര്‍ഷമാണ് 2025. ജനുവരി 15ന് പവന് 58,720 രൂപയായിരുന്നു സ്വര്‍ണവില. ഡിസംബര്‍ എട്ടിന് വില 95,640 രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com