സ്വര്‍ണവായ്പയുടെ സുവര്‍ണകാലമോ, കടക്കെണിയുടെ തുടക്കമോ? ആവശ്യത്തിനും അനാവശ്യത്തിനും വായ്പ; കടക്കെണിയിലായി കുടുംബങ്ങള്‍

മലയാളികളുടെ കടംവാങ്ങിക്കൂട്ടല്‍ വര്‍ധിച്ചതോടെ 'അവശ്യത്തിനുള്ള വായ്പ' യും 'അനാവശ്യത്തിനുള്ള വായ്പ'യും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതായെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു
സ്വര്‍ണവായ്പയുടെ സുവര്‍ണകാലമോ, കടക്കെണിയുടെ തുടക്കമോ? ആവശ്യത്തിനും അനാവശ്യത്തിനും വായ്പ; കടക്കെണിയിലായി കുടുംബങ്ങള്‍
Published on

സ്വര്‍ണത്തിന് മലയാളികളുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ആഭരണമായും നിക്ഷേപമായും ആഡംബരത്തിന്റെയും കുടുംബമഹിമയുടെയും പ്രതീകമായും കേരളീയര്‍ സ്വര്‍ണത്തെ പരിഗണിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങളില്‍ പണം കണ്ടെത്താനും ആശ്രയിക്കുന്നത് സ്വര്‍ണത്തെയാണ്. സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ സ്വര്‍ണവായ്പയ്ക്കുള്ള ഡിമാന്‍ഡും വര്‍ധിച്ചിട്ടുണ്ട്.

'ലിക്വിഡ് ആസ്തി' എന്ന നിലയിലാണ് പലരും സ്വര്‍ണത്തെ കാണുന്നത്. ബാങ്കുകളും എന്‍ബിഎഫ്‌സികളും സ്വര്‍ണവായ്പ അതിവേഗം ലഭ്യമാക്കി തുടങ്ങിയതോടെ സ്വര്‍ണവായ്പ സാധാരണ കുടുംബങ്ങളുടെ സ്ഥിരം സാമ്പത്തിക ഉപാധിയാക്കി മാറ്റിയിരിക്കുകയാണ്.

കുടുംബങ്ങള്‍ ഒരു കാലത്ത് വിദ്യാഭ്യാസം, ചികിത്സ, കൃഷി, ചെറിയ ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരുന്നു സ്വര്‍ണവായ്പ എടുത്തിരുന്നത്. ഇപ്പോഴത് മൊബൈല്‍ ഫോണ്‍ വാങ്ങല്‍, വിദേശ യാത്ര, ആഘോഷച്ചെലവ്, പഴയ കടം തീര്‍ക്കല്‍, ഓഹരി-ക്രിപ്‌റ്റോ നിക്ഷേപം തുടങ്ങിയ ആവശ്യങ്ങളിലേക്കും വ്യാപിച്ചു. മലയാളികളുടെ കടംവാങ്ങിക്കൂട്ടല്‍ വര്‍ധിച്ചതോടെ 'അവശ്യത്തിനുള്ള വായ്പ' യും 'അനാവശ്യത്തിനുള്ള വായ്പ'യും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതായെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

എന്തുകൊണ്ട് സ്വര്‍ണവായ്പ ജനകീയമായി?

സ്വര്‍ണവായ്പയുടെ ഏറ്റവും വലിയ ആകര്‍ഷണം എളുപ്പത്തില്‍ പണമാക്കി മാറ്റാമെന്നതാണ്. വരുമാന രേഖകളോ മറ്റ് ജാമ്യമോ ഇല്ലാതെ മിനിറ്റുകള്‍ക്കകം പണം ലഭിക്കുന്നു. സ്ത്രീകളുടെ കൈവശമുള്ള ആഭരണങ്ങളുടെ അളവ് കൂടുതലായതിനാല്‍ കുടുംബങ്ങള്‍ക്ക് ഇത് ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന വായ്പാമാര്‍ഗമായി മാറി.

സ്വര്‍ണത്തിന്റെ വില കുത്തനെ കൂടിയപ്പോള്‍ വായ്പകളും അതിനനുസരിച്ച് വര്‍ധിച്ചു. കുറച്ച് വര്‍ഷം മുമ്പ് 30,000-40,000 രൂപ വരെ ലഭിച്ചിരുന്ന ആഭരണങ്ങള്‍ക്ക് ഇപ്പോള്‍ 1 ലക്ഷം വരെ വായ്പ ലഭിക്കാവുന്ന അവസ്ഥയാണ്. ഇതോടെ ആളുകള്‍ക്ക് കൂടുതല്‍ തുക വായ്പയെടുക്കാന്‍ തുടങ്ങി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ഫിന്‍ടെക് ആപ്പുകള്‍ എന്നിവ സ്വര്‍ണവായ്പയില്‍ മത്സരം കടുപ്പിച്ചതും വായ്പകള്‍ വര്‍ധിക്കാന്‍ കാരണമായി.

ടോപ്പ്-അപ്പ് സംസ്‌കാരം അപകടകരം

പല സ്വര്‍ണവായ്പ സ്ഥാപനങ്ങളും പഴയ വായ്പ അടക്കാതെ തന്നെ 'ടോപ്പ്-അപ്പ് ലോണ്‍' നല്‍കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. സ്വര്‍ണവില കൂടുമ്പോള്‍ അതേ ആഭരണത്തിന് വീണ്ടും അധിക വായ്പ അനുവദിക്കുന്നു. പണത്തിന്റെ ആവശ്യം നിറവേറ്റപ്പെടുമെങ്കിലും ഇത് കൂടുതല്‍ കടത്തിലേക്ക് മലയാളികളെ എത്തിക്കുന്നു.

ഉദാഹരണത്തിന്, ഒരു കുടുംബം സ്വര്‍ണം പണയംവച്ച് ആദ്യം ഒരു ലക്ഷം വായ്പ എടുക്കുന്നു. പിന്നീട് സ്വര്‍ണവില ഉയര്‍ന്നതോടെ 50,000 രൂപ കൂടി ലഭിക്കുന്നു. ഈ പണം മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. വരുമാനം കൂടുന്നില്ല. കടബാധ്യത മാത്രം വര്‍ധിക്കുന്നു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വ്യക്തികളെയും കുടുംബങ്ങളെയും എത്തിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണം പണയം വയ്ക്കാനെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ഇതില്‍ കൂടുതലും 40 വയസില്‍ താഴെയുള്ളവരാണ്. പലരും കൃത്യമായി പലിശ അടയ്ക്കറില്ല. ഇടയ്ക്ക് ടോപ്അപ് ചെയ്ത് വായ്പതുക വര്‍ധിപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ തൃശൂര്‍ ബ്രാഞ്ച് മാനേജര്‍ പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ധനംഓണ്‍ലൈനോട് പറഞ്ഞു.

കുടുംബജീവിതത്തിലും വിള്ളല്‍

പലര്‍ക്കും സ്വര്‍ണത്തോട് വൈകാരിക ബന്ധമുണ്ട്. സ്ത്രീകള്‍ക്ക് വിവാഹ സമ്മാനമായോ കുടുംബപരമായോ ലഭിക്കുന്ന സ്വര്‍ണമാണ് പലപ്പോഴും പണയംവയ്ക്കുന്നത്. വൈകാരിക അടുപ്പം ഈ ആഭരണങ്ങളോട് ഉണ്ട്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കുപോലും സ്വര്‍ണപണയം കാരണമാകുന്നുണ്ടെന്ന് അഭിഭാഷകനായ ജോണ്‍ കുര്യാക്കോസ് പറയുന്നു.

പല കുടുംബങ്ങളിലും സ്വര്‍ണവായ്പയെക്കുറിച്ച് തുറന്ന ചര്‍ച്ച നടക്കാറില്ല. ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ മാത്രം അറിയാവുന്ന കടബാധ്യതകള്‍ പിന്നീട് വലിയ കുടുംബപ്രശ്നങ്ങളിലേക്ക് വഴിമാറുന്ന സംഭവങ്ങളും വര്‍ധിക്കുകയാണ്.

സ്വര്‍ണവായ്പകള്‍ സുരക്ഷിത വായ്പ വിഭാഗത്തില്‍ ആയതിനാല്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ അപകടസാധ്യതയില്ല. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ സ്വര്‍ണം ലേലം ചെയ്യാം. അതിനാല്‍ തന്നെ ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും സ്വര്‍ണവായ്പ ബിസിനസിന് വലിയ പ്രാധാന്യമാണ് നല്കുന്നത്. മലയാളികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലേക്കാണ് സ്വര്‍ണപണയ വായ്പ രീതികള്‍ മാറുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com