സ്വര്‍ണ പണയം ഇരട്ടിയായി! പുതുക്കി വെച്ചാല്‍ കൂടുതല്‍ തുക നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ റെഡി, പണയം തിരിച്ചെടുത്തില്ലെങ്കില്‍ ലാഭം ആര്‍ക്ക്?

സ്വര്‍ണ വായ്പയെടുക്കുന്നവരുടെ എണ്ണം ഇക്കൊല്ലവും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍
personal loan man and women taking gold loan
Canva
Published on

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) ഇന്ത്യക്കാര്‍ മുമ്പെങ്ങുമില്ലാത്ത വിധം സ്വര്‍ണം പണയം വെച്ചതായി കണക്ക്. 2024ല്‍ ഒരുലക്ഷം കോടി രൂപയായിരുന്ന മൊത്ത സ്വര്‍ണ വായ്പ 2025 ഫെബ്രുവരിയെത്തിയപ്പോള്‍ രണ്ടുലക്ഷം കോടി രൂപയോളമായെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. ബാങ്കുകളിലെ മറ്റ് ഇനങ്ങളിലുള്ള വായ്പയുടെ വളര്‍ച്ച കുറയുമ്പോഴാണ് സ്വര്‍ണ വായ്പയിലെ കുതിച്ചുകയറ്റം.

സ്വര്‍ണം ഈടായി വാങ്ങി 1,02,562 കോടി രൂപയുടെ വായ്പയാണ് 2023-24 സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ നല്‍കിയത്. എന്നാല്‍ ഇക്കൊല്ലം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണ വായ്പ 1,91,198 കോടി രൂപായായെന്ന് കാണാം. മാര്‍ച്ചിലെ കണക്കുകള്‍ കൂടിയെത്തിയാല്‍ 2024-25 വര്‍ഷം 100 ശതമാനത്തിലേറെ വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബാങ്കുകളുടെ റിപ്പോര്‍ട്ടില്‍ സ്വര്‍ണവായ്പ കുതിച്ചുയര്‍ന്നെന്നാണ് പറയുന്നത്.

ഇനിയും തുടരും

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 50,011 കോടി രൂപയുടെ സ്വര്‍ണ വായ്പ വിതരണം ചെയ്‌തെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനം വര്‍ധന. ഫെഡറല്‍ ബാങ്കിന്റെ സ്വര്‍ണവായ്പ 20.93 ശതമാനം വളര്‍ച്ചയോടെ 30,505 കോടി രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണ വായ്പയെടുക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നുവെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലും ഈ പ്രവണത തുടരാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു.

എന്തുകൊണ്ട് സ്വര്‍ണ വായ്പ കൂടി

ഇന്ത്യന്‍ കുടുംബങ്ങളുടെ വായ്പാ ശീലത്തില്‍ മാറ്റം വന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പ്രകടമാകുന്നതെന്നാണ് വിലയിരുത്തല്‍. കുടുംബ ചെലവുകള്‍ക്കായും മറ്റ് ആവശ്യങ്ങള്‍ക്കായും ആളുകള്‍ കൂടുതലായി സ്വര്‍ണം പണയം വെക്കുകയാണ്. സ്വര്‍ണ വില അനുദിനം വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണം ഈടായി വാങ്ങി വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കാറുമില്ല. ഒരു ഗ്രാമിന് അനുവദിക്കാവുന്ന വായ്പാ തുകയിലും ഇതോടെ വര്‍ധനയുണ്ടായെന്നാണ് കരുതുന്നത്. കാര്‍ഷിക വായ്പകളായി അനുവദിച്ച പല വായ്പകളും സ്വര്‍ണവായ്പകളായി മാറ്റാന്‍ 2023ല്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതും സ്വര്‍ണ വായ്പകളുടെ എണ്ണം കൂട്ടി. ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പകള്‍ നല്‍കുന്നത് ആര്‍.ബി.ഐ തടഞ്ഞതും വാണിജ്യ ബാങ്കുകളുടെ വായ്പയില്‍ വര്‍ധനയുണ്ടാക്കി.

വായ്പ പുതുക്കല്‍ ഇനി എളുപ്പമാകില്ല

അടുത്തിടെ റിസര്‍വ് ബാങ്ക് അവതരിപ്പിച്ച പുതിയ ചട്ടം അനുസരിച്ച് ഇനി മുതല്‍ സ്വര്‍ണ വായ്പകള്‍ പുതുക്കല്‍ അത്ര എളുപ്പമാകില്ല. സാധാരണ വ്യക്തിഗത സ്വര്‍ണ വായ്പകള്‍ 12 മാസത്തേക്കാണ് അനുവദിക്കാറുള്ളത്. ഈ കാലാവധി കഴിഞ്ഞാല്‍ ഒന്നുകില്‍ പണമടച്ച് സ്വര്‍ണം തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ പുതുക്കി വെക്കുകയോ ചെയ്യുന്നതാണ് പതിവ് രീതി. ഒരുവര്‍ഷത്തെ പലിശ കൂടി ചേര്‍ത്ത് പുതിയ വായ്പയായി പുതുക്കി നല്‍കുകയാണ് മിക്ക ബാങ്കുകളും ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും സ്വര്‍ണവായ്പ ക്ലോസ് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം. ഇത് ബാങ്കുകളില്‍ കൃത്യമായി നടപ്പിലാക്കാനാണ് നിര്‍ദ്ദേശം.

ഇതിന് പുറമെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സ്വര്‍ണം ഈടായി വാങ്ങി അനുവദിക്കുന്ന വായ്പ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

പണയം തിരിച്ചെടുത്തില്ലെങ്കില്‍ ലാഭം ആര്‍ക്ക്?

സ്വര്‍ണവായ്പയുടെ കാര്യത്തില്‍ നിലവില്‍ ബാങ്കുകള്‍ക്ക് നല്ല കാലമാണെങ്കിലും സ്വര്‍ണ വില കുത്തനെയിടിഞ്ഞാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. കൂടിയ വിലക്ക് പണയം വെച്ച സ്വര്‍ണം വില കുറഞ്ഞാല്‍ ആളുകള്‍ തിരിച്ചെടുക്കാതെയാകും. 2014-15 കാലഘട്ടത്തില്‍ സമാനമായ പ്രതിസന്ധി ബാങ്കുകള്‍ നേരിട്ടിരുന്നു. എന്നാല്‍ അടുത്ത കാലത്തെങ്ങും സ്വര്‍ണവില കുത്തനെ ഇടിയാനുള്ള സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Gold loans in India hit a record high in FY25, driven by rising gold price.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com