സ്വര്‍ണ റെയ്ഡിനെതിരെ വ്യാപാരികള്‍; കള്ളക്കടത്തുകാരെ തൊടാത്തതെന്ത്?

തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ ശാലകളിലും ജുവലറികളിലും സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ മാരത്തോണ്‍ റെയ്ഡിനെതിരെ സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍. സ്വര്‍ണ കള്ളക്കടത്തുകാരെയും സമാന്തര വിപണിയെയും തൊടാന്‍ തയ്യാറാകാതെ നിയമപ്രകാരം ബിസിനസ് നടത്തുന്നവരെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ മാത്രമാണ് ഇത്തരം റെയ്ഡുകളെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രം മാത്രമാണിതെന്നും അസോസിയേഷന്‍ ആരോപിച്ചു. പ്രതിവര്‍ഷം 300 ടണിലധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന സംസ്ഥാനത്ത് 104 കിലോ സ്വര്‍ണം പിടിച്ചെടുത്തത് പര്‍വതീകരിക്കാനാണ് ജി.എസ്.ടി വകുപ്പ് ശ്രമിക്കുന്നത്. പിടിച്ചെടുത്ത സ്വര്‍ണം തൂക്കം നോക്കിയത് സംശയകരമായ രീതിയിലാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസമില്ല

സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ പോലും വിശ്വാസമില്ലാത്ത രീതിയിലാണ് റെയ്ഡ് നടന്നതെന്ന് അസോസിേേയഷന്‍ സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുൽ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.സി.ടിവിയും മൊബൈല്‍ ഫോണും ഓഫ് ചെയ്താണ് റെയ്ഡും സ്വര്‍ണം തൂക്കം നോക്കലും നടന്നത്. സ്വര്‍ണം ഒരുമിച്ച് തൂക്കുന്നതിന് പകരം പ്രത്യേകം തൂക്കിയതും സംശയകരമാണ്. സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരത്തെ കുറിച്ച് ജി.എസ്.ടി വകുപ്പിന് കൃത്യമായ കണക്കില്ലെന്ന് അബ്ദുൽ നാസര്‍ പറഞ്ഞു. 2022-23, 2023-2024 വര്‍ഷത്തെ കണക്കുകള്‍ വിവരാവകാശ പ്രകാരം ചോദിച്ചപ്പോള്‍ കണക്കില്ലെന്ന മറുപടിയാണ് ജി.എസ്.ടി വകുപ്പിൽ നിന്ന് ലഭിച്ചത്. ജി.എസ്.ടി വരുമാനം അറിയാതെയാണ് നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന് ആരോപിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

നിയമപോരാട്ടം നടത്തും

വ്യാപാര മേഖലയെ തകര്‍ക്കാനുള്ള ജി.എസ്.ടി വകുപ്പിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടവും സമരവും ആരംഭിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. സ്വര്‍ണവ്യാപാരികളെ മോശക്കാരാനാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്വര്‍ണ കള്ളക്കടത്തുകാരും സമാന്തര കച്ചവടക്കാരും വന്‍ നികുതി വെട്ടിപ്പാണ് നടത്തുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജി.എസ്.ടി വകുപ്പ് തയ്യാറാകുന്നില്ലെന്ന് എസ്.അബ്ദുൽ നാസര്‍ കുറ്റപ്പെടുത്തി.

Related Articles
Next Story
Videos
Share it