സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; റെക്കോര്‍ഡില്‍ തൊട്ട ശേഷം കുത്തനെ താഴേക്ക്; കേരളത്തില്‍ വില കുറയുമോ?
ട്രംപിന്റെ തത്തുല്യ ചുങ്കത്തിന്റെ ഇഫക്ടില്‍ റെക്കോര്‍ഡില്‍ തൊട്ട സ്വര്‍ണവില താഴേക്ക്. ആഗോള വിപണിയില്‍ ഇന്ന് രാവിലെ ഔണ്‍സിന് 3,167.57 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കോര്‍ഡിട്ട ശേഷം വൈകുന്നേരത്തോടെ 3,090 ഡോളറിലേക്ക് താഴുകയായിരുന്നു. 80 ഡോളര്‍ വരെയാണ് ഇന്ന് ഇടിവുണ്ടായത്. ഒരു ഗ്രാമിന് 2 ഡോളര്‍ വരെ ഇടിവുണ്ടായി. ഈ വിലക്കുറവ് നാളെ കേരള വിപണിയിലും പ്രതിഫലിക്കും.
കേരളത്തില്‍ വില എത്ര കുറയും?
കേരളത്തിലെ സ്വര്‍ണ വില നിര്‍ണയമനുസരിച്ച് ഇന്ന് പവന് 68,480 രൂപയിലാണ് റെക്കോര്‍ഡ് വില്‍പ്പന നടന്നത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 8,560 രൂപയിലാണ് എത്തിയത്. ആഗോള വ്യാപാരയുദ്ധം വരുന്നുവെന്ന ആശങ്കയാണ് വില വര്‍ധനക്ക് ഇടയാക്കിയത്.
ആഗോള വിലയിലുണ്ടായ ഇടിവ് നാളെ കേരള വിപണിയിലും പ്രതിഫലിക്കും. ഗ്രാമിന് 100 രൂപ മുതല്‍ 140 രൂപ വരെ കുറയാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പവന് 800 രൂപക്ക് മുകളില്‍ കുറയാം.
വിലയിടിച്ചത് ലാഭമെടുപ്പ്
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വിലയില്‍ 1.4 ശതമാനം വരെ ഇടിവുണ്ടായി. വലിയ തോതില്‍ ലാഭമെടുപ്പ് നടന്നതാണ് വിലയിടിയാൻ കാരണമായത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 1.7 ശതമാനം ഇടിഞ്ഞ് 3,117.50 ഡോളറിലാണുള്ളത്. വെള്ളി വിലയിലും ഗണ്യമായ ഇടിവാണ് ഉണ്ടായത്. 4.7 ശതമാനം ഇടിഞ്ഞ് 32.44 ഡോളറിലാണ് വ്യാപാരം നടന്നത്. മാര്‍ച്ച് 11 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine

