തിരിച്ചടവ് മുടങ്ങിയില്ലെങ്കിലും പണയം വച്ച സ്വർണം നഷ്ടപ്പെടുമോ? ലേല നോട്ടീസ് കിട്ടിയാൽ എന്തുചെയ്യണം?

സ്വര്‍ണവിലയിലെ കനത്ത ഇടിവോടെ ലേല നോട്ടീസുകള്‍ അയച്ചുതുടങ്ങി ധനകാര്യ സ്ഥാപനങ്ങള്‍; ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ വഴികളുണ്ട്, ലേലത്തിന് ശേഷവും പണം തിരിച്ചുകിട്ടാം
തിരിച്ചടവ് മുടങ്ങിയില്ലെങ്കിലും പണയം വച്ച സ്വർണം നഷ്ടപ്പെടുമോ? ലേല നോട്ടീസ് കിട്ടിയാൽ എന്തുചെയ്യണം?
Published on: 

ജനുവരിയിലെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് സ്വര്‍ണവിലയില്‍ 35 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത് സ്വര്‍ണം പണയംവച്ച് വായപയെടുത്തവര്‍ക്ക് തിരിച്ചടിയാകുന്നു. സ്വര്‍ണവിലയിലെ കനത്ത വീഴ്ച കാരണം ഏകദേശം 40 ശതമാനത്തോളം സ്വര്‍ണപ്പണയ വായ്പാ പോര്‍ട്ട്ഫോളിയോകളില്‍ ലോണ്‍-ടു-വാല്യൂ (LTV) പരിധി കടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ലേല നോട്ടീസുകള്‍ അയക്കുകയും, അധിക സ്വര്‍ണം ഈടായി നല്‍കാനോ വായ്പാ തുകയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനോ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബറില്‍ മാത്രം സ്വര്‍ണവിലയില്‍ 11 ശതമാനത്തോളം ഇടിവുണ്ടായി. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് വായ്പാ സ്ഥാപനങ്ങളില്‍ നിന്ന് മാര്‍ജിന്‍ കോള്‍ (margin call) നേരിടേണ്ടി വരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സ്വര്‍ണവിലയിലെ തിരിച്ചിറക്കം താല്‍ക്കാലികമാണെന്നും വില വീണ്ടും ഉയരുക തന്നെ ചെയ്യുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

തിരിച്ചടവ് മുടങ്ങിയില്ലെങ്കിലും പ്രതിസന്ധി

ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പണയം വച്ച് 75,000 രൂപ വായ്പയെടുത്താല്‍ എല്‍ടിവി അനുപാതം 75 ശതമാനമാണ്. സ്വര്‍ണവില 15 ശതമാനം ഇടിഞ്ഞാല്‍ ഇത് 88 ശതമാനത്തോളമായി ഉയരും. വിലയിടിവ് 25 ശതമാനമായാല്‍ ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യവും വായ്പാ തുകയും തുല്യമാകും. അതായത് എല്‍ടിവി 100 ശതമാനത്തിലെത്തും. വായ്പാ തിരിച്ചടവ് മുടങ്ങിയില്ലെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അധിക തുക അടയ്ക്കേണ്ടിവന്നേക്കാം.

സ്വര്‍ണവില ഇനിയും ഇടിഞ്ഞേക്കാമെന്ന ആശങ്കയില്‍ ബാങ്കുകളും സ്വര്‍ണ വായ്പാ സ്ഥാപനങ്ങളും പുതിയ വായ്പകളുടെ ശരാശരി എല്‍ടിവി 75 ശതമാനത്തില്‍ നിന്ന് 60-65 ശതമാനമായി കുറച്ചിട്ടുണ്ട്. ഇക്കാര്യം റിസര്‍വ് ബാങ്കിനെയും അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലേല നോട്ടീസ് ലഭിച്ചാല്‍ എന്തുചെയ്യണം?

നോട്ടീസില്‍ നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ വായ്പാ സ്ഥാപനവുമായി ബന്ധപ്പെടണം. തിരിച്ചടയ്ക്കാനുള്ള വായ്പാ തുക, പലിശ, പിഴ, മറ്റ് ചാര്‍ജുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ രേഖാമൂലം ആവശ്യപ്പെടണം. ഈടായി നല്‍കിയ ആഭരണങ്ങളുടെ തൂക്കം, പരിശുദ്ധി, നിലവിലെ മൂല്യം എന്നിവയും പരിശോധിക്കണം. മൂല്യനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് തോന്നിയാല്‍ പുനഃപരിശോധന ആവശ്യപ്പെടാം.

ലേലം ഒഴിവാക്കാന്‍ വഴികളുണ്ട്

വായ്പാ തുകയുടെ ഒരു ഭാഗം തിരിച്ചടച്ചോ കൂടുതല്‍ സ്വര്‍ണം ഈടായി നല്‍കിയോ എല്‍ടിവി അനുവദനീയമായ പരിധിയിലേക്ക് കൊണ്ടുവരാം. ധനകാര്യ സ്ഥാപനം അനുവദിക്കുന്ന പക്ഷം വായ്പ പുതുക്കുന്നതും പരിഗണിക്കാം. ലേലം നിര്‍ത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ധാരണകള്‍ രേഖാമൂലം നേടിയെടുക്കണം.

പണയം വച്ച ആഭരണങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രം തിരിച്ചെടുക്കാനും ചില സാഹചര്യങ്ങളില്‍ സാധിച്ചേക്കും. എന്നാല്‍ ഇതിന് വായ്പാ സ്ഥാപനത്തിന്റെ അനുമതി ആവശ്യമാണ്. ശേഷിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം അനുവദനീയമായ എല്‍ടിവി പരിധി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

ലേലത്തിന് ശേഷവും പണം തിരിച്ചുകിട്ടാം

ആഭരണങ്ങള്‍ ലേലം ചെയ്തുകിട്ടുന്ന തുകയില്‍ നിന്ന് വായ്പയും പലിശയും ബാധകമായ മറ്റ് ചാര്‍ജുകളും ഈടാക്കിയ ശേഷം മിച്ചമുള്ള പണം വായ്പയെടുത്തയാള്‍ക്ക് അവകാശപ്പെട്ടതാണ്. ലേലത്തുക പൂര്‍ണമായി ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഈ പണം തിരികെ നല്‍കണം. ലേലത്തിലൂടെ ലഭിച്ച തുകയുടെയും അതില്‍ നിന്ന് ഈടാക്കിയ ബാധ്യതകളുടെയും വിശദാംശങ്ങളും ഉപഭോക്താവിന് ആവശ്യപ്പെടാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```