
സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,610 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണം 120 രൂപ ഉയര്‍ന്ന് 60,880 രൂപയിലെത്തി. കഴിഞ്ഞ ദിവസം കുറിച്ച 60,760 രൂപയെന്ന റെക്കോഡാണ് ഇന്ന് തിരുത്തിയത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,285 രൂപയിലെത്തി. വെള്ളി ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയായി.
യു.എസ് ഫെഡ് നിരക്കുകള്‍ അതേപടി നിലനിറുത്താനുള്ള തീരുമാനത്തിനിടയിലും ആഗോള വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചതാണ് കേരളത്തിലും പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന ഫെഡ് നിരക്ക് സ്വര്‍ണ വില കുറക്കുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും പിന്നീട് ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് 5.20 ഡോളര്‍ താഴ്ന്ന് 2,758.80 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ താഴ്ന്ന് വ്യാപാരം തുടങ്ങിയ സ്വര്‍ണം പിന്നീട് റെക്കോഡിലേക്ക് കയറുകയായിരുന്നു.
റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ വില മുന്നോട്ടുപോകുന്ന കാഴ്ചയാണ് ഇക്കൊല്ലം കാണാനായത്. 2025ന്റെ തുടക്കത്തില്‍ ഗ്രാമിന് 57,200 രൂപയായിരുന്ന സ്വര്‍ണ വില പിന്നീട് കുതിച്ചുകയറി. ജനുവരിയില്‍ മാത്രം പവന് വര്‍ധിച്ചത് 3,680 രൂപയാണ്. ഇനിയും സ്വര്‍ണ വില ഉയരാനുള്ള സാധ്യതയുണ്ടെന്ന് ചില നിരീക്ഷകര്‍ പറയുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,880 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 65,885 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine